അമിത് ഷായുടേത് പാഴ്‌വാക്കോ? മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ത്ത് ഛത്തിസ്ഗഡ് സര്‍ക്കാര്‍
Kerala Nuns Arrest
അമിത് ഷായുടേത് പാഴ്‌വാക്കോ? മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ത്ത് ഛത്തിസ്ഗഡ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st August 2025, 4:34 pm

റായ്പൂര്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തെ വീണ്ടും എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. കേസ് പരിഗണിച്ച എന്‍.ഐ.എ കോടതിയില്‍ പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു. യു.ഡി.എഫ്-എല്‍.ഡി.എഫ് എം.പിമാരുടെ പ്രതിനിധി സംഘത്തിനാണ് അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ ഷായുടെ ഈ ഉറപ്പിനെ മറികടന്നുകൊണ്ടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ത്തത്. അതേസമയം ജാമ്യത്തെ അനുകൂലിക്കാനുള്ള ഓപ്‌ഷനുകൾ നിലനിൽക്കെയാണ് പ്രോസിക്യൂഷൻ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.

മജിസ്ട്രേറ്റ് കോടതിയും സെഷന്‍ കോടതിയും ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ എന്‍.ഐ.എ കോടതിയെ സമീപിച്ചത്. നിലവില്‍ കന്യാസ്ത്രീയ്ക്ക് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ഇരുവര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ പറയുന്നത്.

ഇന്നലെ (വ്യാഴം) ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ ദല്‍ഹിയില്‍ വിളിച്ചുവരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. അമിത് ഷായുടെ നിര്‍ദേശപ്രകാരം ഛത്തീസ്ഗഡിലെ ആര്‍.എസ്.എസ് പ്രതിനിധി ഗഡ്ഗരിയെയും വിഷ്ണു ദേവ് സായി സന്ദര്‍ശിച്ചിരുന്നു. എന്നാൽ ജാമ്യത്തെ എതിർക്കുന്ന നിലപാടാണ് ഛത്തിസ്ഗഡിലെ ബി.ജെ.പി സർക്കാർ സ്വീകരിച്ചത്.

ജൂലൈ 25നാണ് നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു.

ഈ പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നും മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കന്യാസ്ത്രീകളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഇന്നലെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ച കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാള്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ആഗ്രയിലേക്ക് പോയതെന്ന് പറഞ്ഞിരുന്നു. ആഗ്രയിലേക്ക് പോകാന്‍ മാതാപിതാക്കളുടെ സമ്മതം ഉണ്ടായിരുന്നുവെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണെന്നും പെണ്‍കുട്ടി പ്രതികരിച്ചിരുന്നു.

Content Highlight: Is Amit Shah’s words a waste? Chhattisgarh government opposes bail for Malayali nuns