കേരളം രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു: പി. രാജീവ്
Kerala
കേരളം രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു: പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 3:07 pm

തിരുവനന്തപുരം: കേരള മാതൃകയുടെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന വെല്ലുവിളിയായ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ ദശകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ്.

‘വിഷന്‍ 2031’ സംസ്ഥാന സെമിനാറുകളുടെ ഭാഗമായി ധനകാര്യവകുപ്പ് സംഘടിപ്പിച്ച ‘നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതുമൂലം മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേരളത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നും മന്ത്രി പറഞ്ഞു. ഒപ്പം കേരളമാതൃകയില്‍ ഗുണപരമായ കാലിക മാറ്റങ്ങളും അനിവാര്യമായി. ഇത്തരം വിഷയങ്ങളാണ് ഈ ദശകത്തില്‍ സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വന്നത്. സാര്‍വ്വത്രിക വിദ്യാഭ്യാസത്തില്‍ ഗുണപരമായ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നു.

രാജ്യത്തെ അഞ്ചാമത്തെ സര്‍വ്വകലാശാലയായി കേരള സര്‍വ്വകലാശാലയും ആറാമത്തെ സര്‍വ്വകലാശാലയായി കുസാറ്റും മുന്നോട്ടുവന്നുകഴിഞ്ഞു. ആരോഗ്യമേഖലയിലും ഈ ഗുണപരമായ മാറ്റം പ്രകടമാണ്.

ലോകത്ത് ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള നാടായി കേരളം മാറിക്കഴിഞ്ഞു. അവയവമാറ്റമേഖലയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട്. കേരളമാതൃകയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ചില ഫലങ്ങളാണ് ഇപ്പറഞ്ഞവയെല്ലാം.

റോഡ്, തുറമുഖം, വിമാനത്താവളം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. സാര്‍വ്വത്രിക ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നു. വ്യാവസായിക മേഖലയില്‍ നൂതനത്വത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. തൊഴില്‍ സ്വഭാവം മാറുന്നുവെന്നും  മന്ത്രി പറഞ്ഞു.

നൈപുണ്യ തൊഴിലില്‍ നിന്ന് വിജ്ഞാന തൊഴിലിലേക്കുള്ള മാറ്റം എല്ലായിടത്തുമുണ്ട്. എന്നാല്‍ മടങ്ങിവരുന്ന പ്രവാസികളെയും നമുക്ക് പരിഗണിക്കേണ്ടതുണ്ട്. അവരുടെ പുനരധിവാസം ഉറപ്പാക്കാനായി സംരംഭകത്വമേഖലയില്‍ വലിയ പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്.

ഉല്‍പ്പാദന മേഖലയില്‍ മൂല്യവര്‍ദ്ധനവിന് കൂടുതല്‍ പ്രാധാന്യം വന്നിരിക്കുന്നു. ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമിട്ടടത്ത് മൂന്ന് ലക്ഷം എന്ന നേട്ടം കടന്നുകഴിഞ്ഞു. ഭരണനിര്‍വ്വഹണത്തില്‍ സുതാര്യതയും കൂടുതല്‍ ജനാധിപത്യവല്‍ക്കരണവും നടക്കുന്നു.

അതിനായി വിവിധ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുകയാണ്. ഇതിനെല്ലാം ചാലകശക്തിയാകുന്നത് ധനകാര്യ മാനേജുമെന്റാണ്. നേരത്തേ സംസ്ഥാന വരുമാനത്തിന്റെ 52 ശതമാനം കേന്ദ്രത്തില്‍ നിന്നും ബാക്കി കേരളവും കണ്ടെത്തിയാല്‍ മതിയായിരുന്നു.

ഇപ്പോള്‍ മൊത്തം വരുമാനത്തിന്റെ 18 ശതമാനം മാത്രമാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത്. ബാക്കി നാം കണ്ടെത്തുകയാണ്. എന്നിട്ടും സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് ആവശ്യമായ സമ്പത്ത് കണ്ടെത്തുന്നതിന് കഴിഞ്ഞ നാലരവര്‍ഷത്തെ മികച്ച ധനമാനേജ്‌മെന്റിലൂടെ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

Content Highlight: Kerala is solving second generation problems: P. Rajeev