അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള അധികാരം മാധ്യമങ്ങൾക്കില്ല; വാർത്തകൾ നൽകും മുമ്പ് സത്യാവസ്ഥ പരിശോധിക്കണം: കേരള ഹൈക്കോടതി
Kerala News
അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള അധികാരം മാധ്യമങ്ങൾക്കില്ല; വാർത്തകൾ നൽകും മുമ്പ് സത്യാവസ്ഥ പരിശോധിക്കണം: കേരള ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th March 2023, 9:41 pm

കൊച്ചി: അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള അധികാരം മാധ്യമങ്ങൾക്കില്ലെന്ന് കേരള ഹൈക്കോടതി. ചില ഓൺലൈൻ ന്യൂസ് ചാനലുകൾ വാർത്തകളെക്കാൾ അശ്ലീലമാണ് പ്രചരിപ്പിക്കുന്നതെന്നും ഇതിന് നിയമം വേണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി.ജി അരുണിന്റേതാണ് പരാമർശം.

മോശം പരാമർശങ്ങൾ ഓൺലൈനിൽ വന്നാൽ അതെന്നും അവശേഷിക്കുമെന്നും ഇത്തരം വാർത്തകൾ നൽകും മുമ്പ് സത്യമെന്താണെന്ന് അന്വേഷിക്കാൻ ഓൺലൈൻ ചാനലുകൾക്ക്​ കടമയുണ്ടെന്നും കോടതി വ്യക്തമാക്കി.

ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ മോശമായ വാർത്ത നൽകിയെന്ന കേസിൽ ഭാരത് ലൈവ് ഓൺലൈൻ ചാനൽ പ്രവർത്തകരായ സുദർശ് നമ്പൂതിരി, സുമേഷ് മാർക്കോപോളോ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

വനിത മന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വിധം മോർഫിങ്​ നടത്തി വ്യാജ വിഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു സമ്മതിക്കാത്തതിനാൽ മോശമായി പെരുമാറിയെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങളുൾപ്പെടെ വാർത്തക്കൊപ്പം നൽകിയെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

പൊലീസ് കേസെടുത്തതിന് പിന്നാലെ ഹരജിക്കാർ എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് കോടതി തള്ളിയിതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Content Highlight: Kerala highcourt says media don’t have the right to interfere in individual’s personal space