മധു കൊലക്കേസ്: ഒന്നാം പ്രതിയെ ഹൈകോടതി വെറുതെ വിട്ടു; 12 പേരുടെ ശിക്ഷ തുടരും
Kerala
മധു കൊലക്കേസ്: ഒന്നാം പ്രതിയെ ഹൈകോടതി വെറുതെ വിട്ടു; 12 പേരുടെ ശിക്ഷ തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th May 2026, 11:10 am

കൊച്ചി: അട്ടപ്പാടിയില്‍, ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കേസിലെ മറ്റു പ്രതികളുടെ ശിക്ഷ കോടതി ശരിവെച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഇതിന് പുറമെ പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി വര്‍ധിപ്പിക്കണമെന്നും വിട്ടയച്ചവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരും മധുവിന്റെ കുടുംബവും നല്‍കിയ അപ്പീലുകളിലും ഹൈകോടതി വിധി പ്രസ്താവിക്കും.

ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

2023ലായിരുന്നു കേസില്‍ കീഴ്‌ക്കോടതി ശിക്ഷവിധിച്ചത്. ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവായിരുന്നു കോടതി വിധിച്ചത്. പതിമൂന്നുപേര്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിരുന്നു. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴ ശിക്ഷയും വിധിച്ചിരുന്നു.

കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു 2023ല്‍ കോടതി കണ്ടെത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ 16 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. അതില്‍ രണ്ട് പ്രതികളെ കോടതി പിന്നീട് വെറുതെ വിട്ടിരുന്നു. നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുള്‍ കരീം എന്നിവരെയായിരുന്നു അന്ന് കോടതി വെറുതെ വിട്ടത്. ഇപ്പോള്‍ ഒന്നാം പ്രതിയെ കൂടി വെറുതെ വിട്ടതോടെ കേസില്‍ കുറ്റക്കാരുട എണ്ണം 12 ആയി കുറയും.

രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിന്നാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റങ്ങളാണ് ഇപ്പോള്‍ കോടതി ശരിവച്ചിട്ടുള്ളത്.

കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു 2023ല്‍ കേസില്‍ വിധി പ്രഖ്യാപിച്ചത്. 2022 ഏപ്രിലിലായിരുന്നു കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. 103 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറുമാറിയിരുന്നു.

അട്ടപ്പാടിയില്‍ 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. രണ്ട് തവണയാണ് കേസില്‍ പ്രോസിക്യൂട്ടര്‍മാരെ മാറ്റിയിരുന്നു.

കേസിലെ 12 പ്രതികള്‍ ജയിലിലാണ്. ഒന്നാം പ്രതി ഹുസൈന് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇയാള്‍ക്കെതിരെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടയുകയും ചെയ്തിരുന്നു. മധുവിനെ പിടിച്ചുകൊണ്ടുവന്ന സംഘത്തില്‍ ഹുസൈന്‍ ഉണ്ടായിരുന്നില്ല എന്ന സാങ്കേതിക കാരണം പറഞ്ഞായിരുന്നു നടപടി.

Content Highlight: Kerala High court verdict on Pleas  in Madhu Murder