കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
ഹരജിയില്‍ വാദം കേള്‍ക്കവേ, സ്വര്‍ണപ്പാളി ഇളക്കി മാറ്റിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് സ്വര്‍ണപ്പാളി ഇളക്കി മാറ്റിയതെന്നും അത് അനുചിതമാണെന്നുമാണ് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചത്.
സ്വര്‍ണപ്പാളിയില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്ന് തന്ത്രി നേരത്തെ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിച്ചിരുന്നതാണ്. ഇതിനായി കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ദേവസ്വം ബോര്‍ഡിന് മതിയായ സമയമുണ്ടായിരുന്നു.
എന്നിട്ടും ദേവസ്വം ബോര്‍ഡ് ഉത്തരവുകള്‍ പാലിച്ചില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ദേവസ്വം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് എന്നിവര്‍ക്കാണ് നിര്‍ദേശം.
സ്വര്‍ണപ്പാളി ഇളക്കി മാറ്റിയത് സംബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാളി തിരിച്ചെത്തിക്കാന്‍ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
സ്‌പെഷ്യല്‍ കമ്മീഷണറുടെ അനുമതിയില്ലാതെ സ്വര്‍ണപ്പാളി ഇളക്കി മാറ്റരുതെന്ന ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ ഈ ഉത്തരവും ഹൈക്കോടതിയുടെ അനുമതിയും ഇല്ലാതെയാണ് ദേവസ്വം ബോര്‍ഡ് സ്വര്‍ണപ്പാളി ഇളക്കി മാറ്റിയത്.
ശബരിമല ശ്രീകോവിലിന് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണപ്പാളി അറ്റകുറ്റപണിക്കായി കൊണ്ടുപോയത് അനുചിതമായാന്നെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. ചെന്നൈയിലേക്കാണ് പാളികള്‍ കൊണ്ടുപോയത്.
ഇതിനിടെ ക്ഷേത്രം തന്ത്രിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെയാണ് സ്വര്‍ണപ്പാളി കൊണ്ടുപോയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചിരുന്നു. ശബരിമല ശ്രീകോവിലിന് മുമ്പിലുള്ള ദ്വാരപാലകരുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണം പൂശിയ ചെമ്പ് പാളികളാണ് അറ്റകുറ്റപണിക്കായി കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
Content Highlight: Sabarimala gold plaque controversy; High Court orders return of gold plaque