എറണാകുളം: കോടതികളില്‍ പ്രത്യേകമായി ഉപയോഗിക്കുന്ന ലീഗല്‍ സൈസ് പേപ്പറുകള്‍ ഇനി കേരള ഹൈക്കോടതിയില്‍ ഉപയോഗിക്കേണ്ടതില്ല. ലീഗല്‍ സൈസ് പേപ്പറുകള്‍ക്ക് പകരം സാധാരണ എ4 സൈസ് പേപ്പറുകള്‍ തന്നെ ഉപയോഗിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. അഭിഭാഷക അസോസിയേഷന്റെ ആവശ്യപ്രകാരമാണ് തീരുമാനം.
സാധാരണ പേപ്പറുകളേക്കാള്‍ അല്‍പം നീളം കൂടിയ പേപ്പറുകളാണ് ലീഗല്‍ സൈസ് പേപ്പറുകള്‍. കോടതികളില്‍ മാത്രം ഉപയോഗിക്കുന്ന ഇവയുടെ ഒരു ഭാഗത്ത് മാത്രം പ്രിന്റ് ചെയ്ത് നല്‍കിക്കൊണ്ടായിരുന്ന അപേക്ഷകളടക്കമുള്ള എല്ലാ കോടതി വ്യവഹാരങ്ങളും നടന്നിരുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടലാസ് ഉപയോഗിക്കുന്ന മേഖലയായ കോടതികള്‍ ഇത്തരമൊരു രീതി പിന്തുടരുന്നത് അനാവശ്യ ചെലവും ബുദ്ധിമുട്ടുകളുമാണ് സൃഷ്ടിക്കുന്നതെന്ന് പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുക്കൊണ്ട് ക്യാംപെയ്ന്‍ ആരംഭിക്കുകയും പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന്, എ4 പേപ്പറുകള്‍ ഉപയോഗിക്കാമെന്നും ഇരുവശവും പ്രിന്റ് ചെയ്യാമെന്നും സുപ്രീം കോടതി തീരുമാനമെടുത്തിരുന്നു.
ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരള ഹൈക്കോടതിയുടെ പുതിയ തീരുമാനം. കടലാസിന്റെ ഉപയോഗം കുറക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണ്. കൂടാതെ ചെലവ് കുറക്കാനും സാധിക്കും. ഫയലുകള്‍ സൂക്ഷിച്ചുവെക്കാനുള്ള സ്ഥലവും ലാഭിക്കാം. എല്ലായിടത്തും ലഭ്യമായ എ4 സൈസ് പേപ്പറുകള്‍ക്ക് ചെലവ് കുറവാണ്. ഇക്കാരണങ്ങളാലാണ് എ4 സൈസ് പേപ്പറിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഹൈക്കോടതിയുടെ തീരുമാനത്തെ അഭിനന്ദിച്ചുക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ‘ഈ തീരുമാനത്തിലൂടെ ചെലവ് കുറയും. പരിസ്ഥിതി നാശവും കുറയ്ക്കാം. ലീഗല്‍ സൈസ് പേപ്പര്‍ യുഗം അവസാനിക്കുകയാണ് എന്നു തോന്നുന്നു. ഇതൊരു ചെറിയ കാര്യമായി തോന്നാം, എന്നാല്‍ ജുഡീഷ്യറിയുടെ ചിട്ടവട്ടങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് നോക്കുമ്പോള്‍ ഇതൊരു വലിയ മാറ്റമാണ്. ഇതിന് മുന്‍കൈ എടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.’ സാമൂഹ്യപ്രവര്‍ത്തനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക