ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മറവില്‍ വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കുന്നു; അപലപിച്ച് കേരള സര്‍ക്കാര്‍
Kerala
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മറവില്‍ വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കുന്നു; അപലപിച്ച് കേരള സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th July 2025, 12:47 pm

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കുന്ന സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമായുള്ള ജ്ഞാനസഭയ്‌ക്കെതിരെ ശക്തമായി അപലപിച്ച് കേരള സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഈ കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മറവില്‍ വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങളെ കേരള സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു എന്നാണ് ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എറണാകുളത്ത് നടക്കുന്ന ജ്ഞാനസഭ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയില്‍ ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വിദ്യാഭ്യാസ മേഖലയെ ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ അജണ്ടയുടെയോ വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

വിദ്യാഭ്യാസം എന്നത് എല്ലാവര്‍ക്കും പ്രാപ്യവും മതേതരവുമാകണം. എന്നാല്‍, ചില സംഘടനകള്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണ്,’ വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നേതൃത്വം വഹിക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്തയും ഏറെ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സര്‍വകലാശാലകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമാകണമെന്നും അക്കാദമിക മികവിനും ഗവേഷണത്തിനും ഊന്നല്‍ നല്‍കേണ്ട സ്ഥാപനങ്ങളെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കുറിച്ചു.

‘കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.

കാവിവല്‍ക്കരണ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനും വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം ഉയര്‍ത്തിപ്പിടിക്കാനും കേരളത്തിലെ പൊതുസമൂഹം എല്ലാ നടപടികളും സ്വീകരിക്കും,’ വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.


Content Highlight: Kerala Government Strongly Condemns Jnanasabha, V Sivankutty’s Post