ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി കടുത്ത ശിക്ഷ; ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം
Kerala News
ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി കടുത്ത ശിക്ഷ; ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th May 2023, 11:48 am

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്ക് കേരളത്തില്‍ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കാനാകും.  ഒരു വര്‍ഷം വരെയാണ്‌ ഏറ്റവും കുറഞ്ഞ തടവ് ശിക്ഷ. പരമാവധി ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രികളിലെ സുരക്ഷാ ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഗവര്‍ണര്‍ ഒപ്പിടുന്ന മുറയ്ക്ക് ഓര്‍ഡിനന്‍സ് നിയമമായി പ്രാബല്യത്തില്‍ വരും.

കൊല്ലത്ത് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഞെട്ടിക്കുന്ന കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്താകെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോയിരുന്നു.

അതേസമയം, ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് കൊണ്ട് മാത്രം ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് കരുതുന്നില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘നിരപരാധിയായ ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പൊതുജനവികാരം കണക്കിലെടുത്തും മാധ്യമങ്ങള്‍ ഈ പ്രശ്‌നം ഹൈലൈറ്റ് ചെയ്തത് കൊണ്ടുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഈ ഓര്‍ഡിനന്‍സുമായി രംഗത്ത് വന്നിരിക്കുന്നത്.

രോഗിയോ രോഗിയുടെ കൂട്ടിരിപ്പുകാരോ വയലന്റാകുന്നത് നാട്ടില്‍ മുഴുവന്‍ മദ്യ ഷോപ്പുകള്‍ തുറന്നുവെച്ചത് കൊണ്ടാണ്. കൂടുതല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തുന്ന രോഗികളെ പ്രയോരിറ്റി മറികടന്ന് നോക്കാന്‍ ഡോക്ടര്‍മാരും തയ്യാറാകണം. അതിനാല്‍ രോഗികളുടെ സംരക്ഷണത്തിനും ഓര്‍ഡിനന്‍സിനകത്ത് വകുപ്പുകള്‍ വേണം.

രോഗിക്ക് ന്യായവിലയ്ക്ക് ലഭിക്കുന്ന മരുന്നുകള്‍ തന്നെ എഴുതാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം. ഇതെല്ലാം ഓര്‍ഡിനന്‍സിന്റെ ഭാഗമായാലേ യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കപ്പെടൂ,’ ഡിജോ കാപ്പന്‍ പറഞ്ഞു.

content highlights: Kerala government approves hospital protection ordinance