ഇന്ത്യയിലെ സിനിമാ ഇന്‍ഡസ്ട്രികളില്‍ താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. എന്നാല്‍ ലോകോത്തര നിലവാരമുള്ള സിനിമകള്‍ നിര്‍മിച്ച് കൊണ്ട് ബോളിവുഡിനടക്കം വഴികാട്ടിയാകാന്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സമീപകാലത്തായി ബോക്‌സ് ഓഫീസ് വിജയങ്ങളിലും ഇന്‍ഡസ്ട്രി തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു. ചെറിയ മുതല്‍മുടക്കില്‍ സിനിമകളെടുത്ത് കൊണ്ട് നൂറും ഇരുനൂറും കോടികള്‍ നേടിക്കൊണ്ടായിരുന്നു മലയാള സിനിമകള്‍ ചരിത്രം സൃഷ്ടിച്ചത്. ഇതിന് പിന്നാലെ ബോളിവുഡിലെ അടക്കം വമ്പന്മാര്‍ മലയാളത്തില്‍ മുതല്‍മുടക്കാന്‍ താത്പര്യമറിയിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.
ലോകഃയും വാഴ 2വും മഞ്ഞുമ്മല്‍ ബോയ്‌സും അടക്കം അപ്രതീക്ഷിത ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുന്നതെങ്കിലും കളക്ഷനില്‍ മിനിമം ഗ്യാരണ്ടി നല്‍കാന്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വം, ദൃശ്യം 3 അടക്കം ശതകോടികളുടെ ബിസിനസാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ താരത്തിന്റെ ചിത്രങ്ങളിലൂടെ നടന്നിരിക്കുന്നത്.
ഇത്തരത്തില്‍ തുടര്‍ച്ചയായി തന്റെ ചിത്രങ്ങളെ മികച്ച കളക്ഷന്‍ നേടി ഹിറ്റാക്കി മാറ്റാനുള്ള മോഹന്‍ലാലിന്റെ കഴിവിനെ കുറിച്ച് സംസാരിക്കുകയാണ് കേരള ഫിലിം ചേബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനില്‍ വി തോമസ്. റിപ്പോര്‍ട്ടര്‍ ബിസിനസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനില്‍ വി തോമസ്. Photo: Screen Grab/ Reporter Business/ Youtube.com
‘നൂറ് കോടി ഗ്രോസ് കളക്ഷന്‍ വരുന്ന ഒരു സിനിമയില്‍ മുപ്പത് ശതമാനത്തോളം ടാക്‌സിന്റെ പേരില്‍ കട്ടാവും. ബാക്കി നെറ്റ് വരുന്ന എഴുപത് കോടിയില്‍ ഒരു ഡിസ്ട്രിബ്യൂട്ടറുടെ ഷെയര്‍ കഴിഞ്ഞാല്‍ ഒരു നാല്‍പ്പത് കോടിയോളമായിരിക്കും പ്രൊഡ്യൂസര്‍ക്ക് ലഭിക്കുന്നത്. അങ്ങനെ നാല്‍പ്പത് കിട്ടാന്‍ സാധ്യതയുള്ള ചിത്രത്തിന് നമ്മള്‍ എണ്‍പത് കോടി മുടക്കിയാല്‍ അവിടെ സ്വാഭാവികമായിട്ടും നഷ്ടം വരുമല്ലോ.
നമ്മുടെ മുന്നില്‍ ഇപ്പോള്‍ കണ്ട് വരുന്നത് എന്താണെന്ന് വെച്ചാല്‍ അത്തരത്തില്‍ ബാക്ക് ടു ബാക്ക് കൊടുക്കാന്‍ നൂറ് കോടി കളക്ഷന്‍ കൊടുക്കാന്‍ സാധിക്കുന്ന ഒറ്റയാള്‍ മോഹന്‍ലാല്‍ ആണ്. അതില്‍ ഇപ്പോള്‍ അവസനമായി പുറത്തിറങ്ങിയ ദൃശ്യം 3 ഉള്‍പ്പടെയുണ്ട്. ആ ഒരു ഉദാഹരണം വെച്ച് കൊണ്ട് ബാക്കിയുള്ളവരും അതേ കളക്ഷന്‍ എനിക്കും കിട്ടും എന്ന് പറഞ്ഞ് വരുന്നത് ബുദ്ധിപരമായ കാര്യമല്ല. അദ്ദഹത്തിന്റെ സ്റ്റാര്‍ഡം, ആഗോളതലത്തില്‍ ഉള്ള റീച്ചബിലിറ്റി, ഇതെല്ലാം ഒരു ഫാക്ടറാണ്. അതൊന്നും ഇല്ലാതെ നമ്മളൊരു സിനിമ പ്ലാന്‍ ചെയ്ത് പ്ലേസ് ചെയ്യുന്ന സമയത്താണ് വിഡ്ഢിത്തരമാകാന്‍ പോകുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Kerala Film Chamber Of commerce President Anil V Thomas talks about Mohanlal’s capability to create 100 crore collecting films
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.