1: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ദുരഭിമാനക്കൊലയും ജാതി അധിക്ഷേപങ്ങളും അതേത്തുടർന്നുള്ള ആത്മഹത്യകളുടെയുമെല്ലാം വാർത്തകൾ പുറത്തുവരുമ്പോൾ കേരളത്തിൽ അത്തരത്തിലൊന്ന് സംഭവിക്കില്ല, കേരളം ഒരു തുരുത്തായി ജാതി അധിക്ഷേപങ്ങളെ ചെറുക്കുന്നു എന്നെല്ലാമുള്ള നരേറ്റീവുകൾ ഉയർന്നുവരാറുണ്ട്. എന്നാൽ നിതിൻ രാജിന്റെ മരണമടക്കം ചൂണ്ടിക്കാട്ടുന്നത് കേരളത്തിലും ജാതിവെറിയൻമാർ ഉന്നത സ്ഥാനങ്ങളിൽ ഉണ്ടെന്നുതന്നെയല്ലേ?
ഉത്തരം: ജാതിവെറിയന്മാർ ഉന്നത സ്ഥാനങ്ങളിൽ മാത്രമല്ല കേരള സമൂഹം ആകമാനം പരിശോധിച്ചാൽ ചുറ്റിലും ജാതിവറിയന്മാരെ കൊണ്ട് നിറഞ്ഞതാണ് കേരള സമൂഹം എന്ന് നമുക്ക് പറയാൻ കഴിയും. പൊതുവേ പുറത്ത് പുരോഗമനകാരികളായി വേഷം കെട്ടിയാടുകയും അകത്ത് തികഞ്ഞ യാഥാസ്ഥിതിക മനോഭാവവും പുരോഗമന വിരുദ്ധതയും ശാസ്ത്രവിരുദ്ധതയും കൊണ്ടുനടക്കുന്ന ഒരു സമൂഹമാണ് മലയാളി സമൂഹം.
അതി സൂക്ഷ്മമായിട്ടൊന്നും ഇക്കാര്യം പരിശോധിക്കേണ്ട ആവശ്യമില്ല. ഉപരിപ്ലവമായി നോക്കിയാൽ പോലും ആ കാര്യം വളരെ വ്യക്തമാണ്.
ചില ഉദാഹരണങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. കേരളത്തിലെ പത്രങ്ങളിലുള്ള വിവാഹ പരസ്യങ്ങൾ നോക്കാം. ജാതി തിരിച്ചുള്ള വിവാഹ പരസ്യങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹമാണ് കേരളീയ സമൂഹം. മലയാളികൾ ഇപ്പോഴും ജാതിവെറിയന്മാരാണ് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ജാതി തിരിച്ചുള്ള വിവാഹ പരസ്യങ്ങൾ.

വിവിധ ജാതികള്‍ക്കളുള്ള മാട്രിമോണികളില്‍ ചിലത്
ഡോക്ടർ ബി. ആർ. അംബേദ്കർ സൂചിപ്പിച്ചതുപോലെ ജാതി നിലനിൽക്കുന്നതിന്റെ അടിസ്ഥാനപരമായ കാരണം ജാതിക്കുള്ളിൽ നിലനിൽക്കുന്ന സ്വഗോത്ര വിവാഹമാണ്. ഈ വിവാഹ സമ്പ്രദായമാണ് ജാതി എന്നും നിലനിർത്തുന്നത്.

ഡോക്ടർ ബി. ആർ. അംബേദ്കർ
ജെ. രഘുവിനെ പോലെയുള്ളവർ നിരീക്ഷിച്ചതുപോലെ ഇത് പ്രത്യുത്പാദന ഫാസിസമാണ്. ഈ പ്രത്യുത്പാദന ഫാസിസം ആണ് യഥാർത്ഥത്തിൽ ജാതിവ്യവസ്ഥയെ നിലനിർത്തുന്നത്. ആ നിലയ്ക്ക് നോക്കിയാൽ കേരള സമൂഹം ആഴത്തിൽ ജാതിബദ്ധമായ ഒരു സമൂഹമാണ് എന്ന് കാണാം.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ റോഡുകൾ മുഴുവൻ നാമജപഘോഷയാത്ര കൊണ്ട് മുഖരിതമാക്കിയ ഒരു സമൂഹമാണ് മലയാളികൾ. അങ്ങനെയുള്ള ഒരു മലയാളി സമൂഹം എങ്ങനെയാണ് ജാതിവെറി ഇല്ലാത്ത ഒരു സമൂഹമാണെന്ന് പറയാൻ കഴിയുക. തികഞ്ഞ ജാതിവെറിയുള്ള ഒരു സമൂഹമാണ് മലയാളി സമൂഹം എന്ന് അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

നാമജപഘോഷയാത്ര
ഈ അടുത്ത കാലത്താണ് കൂടൽമാണിക്യം ക്ഷേത്രത്തില ഈഴവ സമുദായത്തിൽ പെട്ട ഒരു കഴകക്കാരനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധിയായ പ്രശ്‌നങ്ങൾ ഉടലെടുത്തത്. ഈ കഴക്കാരൻ ജോലിയിൽ പ്രവേശിച്ചതോടുകൂടി നിരവധി തന്ത്രിമാർ, കൂടൽമാണിക്യം ക്ഷേത്രത്തിൽ അഞ്ചോ ആറോ തന്ത്രിമാരുണ്ട്, അവരിൽ ഭൂരിഭാഗം തന്ത്രിമാരും അവരുടെ താന്ത്രികമായ പരിപാടികൾ അവസാനിപ്പിച്ച് ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുന്നതായിട്ടാണ് വാർത്തകൾ പുറത്തുവരുന്നത്.

കൂടൽമാണിക്യം ക്ഷേത്രം
എന്തുകൊണ്ടാണ് ഈഴവ സമുദായത്തിൽ പെട്ട ഒരാൾ കഴക്കാരനായി വരുമ്പോൾ ഈ ബ്രാഹ്‌മണ വിഭാഗത്തിൽ പെട്ട തന്ത്രിമാർക്ക് ഇത്രമാത്രം അസഹിഷ്ണുത? ആ അസഹിഷ്ണുതയുടെ പേരാണ് ജാതി.
അതായത് മുമ്പ് ക്ഷേത്രങ്ങൾ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വളരെ ശക്തമായിട്ട് കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു. അത് വളരെ പരസ്യമായി ആചരിക്കുന്നതിന് നിലനിർത്തുന്നതിന് യാതൊരു മടിയും ഇല്ല എന്നുള്ളതാണ്.
ഇതെല്ലാമടക്കം കേരള സമൂഹത്തിൽ വളരെ അതിശക്തമായിട്ട് ജാതിവെറി നിലനിൽക്കുന്നുണ്ട് എന്നതിന് നിരവധി ഉദാഹരണങ്ങൾ നിരവധി ദൃഷ്ടാന്തങ്ങൾ നമ്മുടെ മുമ്പിലുണ്ട്.
ഇനി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാര്യം സവിശേഷമായി പരിശോധിച്ചാൽ, കേരളത്തിലെ ഉന്നത, പൊതുവിദ്യാഭ്യാസ മേഖല ഒരു ജാതി കോളനിയാണ്. കാരണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെയും പൊതുവിദ്യാഭ്യാസ മേഖലയിലെയും പ്രത്യേകിച്ച് ഏയ്ഡഡ് സ്വകാര്യ മേഖലകൾ എടുത്ത് പരിശോധിച്ചാൽ പി.എസ്.സി നിയമനങ്ങൾ ഒഴിച്ചുള്ള ഏയ്ഡഡ് സ്വകാര്യ മേഖലകളിലെ സ്റ്റാഫ് റൂമുകളെല്ലാം തന്നെ അടിമുടി ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകളെ മാത്രം നിയമിക്കുന്ന സ്ഥാപനങ്ങളായിട്ടാണ് നിലനിൽക്കുന്നത്.
അതായത് സവർണ വിഭാഗങ്ങൾക്ക് മാത്രം നിയമനം കിട്ടുന്ന രീതിയിലാണ് ഏയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനിൽക്കുന്നത്. സവർണ-മധ്യമജാതികളെ മാത്രം സ്റ്റാഫ് റൂമുകളിൽ ഉൾപ്പെടുത്തുകയും, ദളിത്, ആദിവാസി, അതിപിന്നോക്ക വിഭാഗക്കാരെ സമ്പൂർണമായി പുറന്തള്ളുകയും പുറത്തുനിർത്തുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ വ്യവസ്ഥിതിയാണ് കേരളത്തിൽ നിലനിൽക്കുന്നത്.
അങ്ങനെ നോക്കിയാൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ജാതി കോളനി ആയി തുടരുന്നതിന്റെ ഇരകൂടിയാണ് നിതിൻ രാജ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

നിതിൻ രാജ്
തന്നെയല്ല, കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ ഇടതുപക്ഷമാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്. ഇടതുപക്ഷം പാവങ്ങളോടൊപ്പമാണ്, ദളിതരോടൊപ്പമാണ് എന്നൊക്കെ പറയുമ്പോഴും 7,411 കോടി രൂപയാണ് ദളിത്-ആദിവാസി വികസന ഫണ്ടിൽ നിന്നും ലാപ്‌സ് ആക്കി കളഞ്ഞത് എന്ന് കണക്കുകൾ തെളിയിക്കുന്നുണ്ട്.
ഇതെല്ലാം ഇരിക്കെ തന്നെയാണ് ഈ കഴിഞ്ഞ പത്ത് വർഷക്കാലം കൊണ്ട് ദളിതർക്കും ആദിവാസികൾക്കും ഇ-ഗ്രാൻഡിന് വേണ്ടി നിരവധി സമരങ്ങളിൽ ഏർപ്പെടേണ്ട സാഹചര്യം കേരളത്തിൽ ഉണ്ടായിട്ടുള്ളത്.
എന്തുകൊണ്ടാണ് കേരളത്തിലെ ദളിതർക്കും ആദിവാസികൾക്കും ഇ ഗ്രാൻഡ് ലഭിക്കുന്നതിനായി സമരം ചെയ്യേണ്ട ഒരു സാഹചര്യം ഉണ്ടാകുന്നത്? അങ്ങനെ നോക്കിയാൽ ഇ-ഗ്രാൻഡ് ലഭ്യമാകാതിരിക്കുന്നതിന്റെ ഇരകൂടിയാണ് നിതിൻ രാജ് എന്ന് നമുക്ക് മനസ്സിലാകും.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സമ്പൂർണമായും ഒരു സവർണ വിഭാഗങ്ങളുടെ, വരേണ്യ വിഭാഗങ്ങളുടെ കുത്തകയായിട്ടാണ് നിലനിൽക്കുന്നത്. അവിടെ ദളിതർക്കും ആദിവാസികൾക്കും യാതൊരു പ്രവേശനവും ഇല്ല.
നമ്മൾ വടയമ്പാടി ജാതിമതലിന്റെ കാര്യം പറയുന്നതുപോലെ തന്നെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ദളിതരെയും ആദിവാസികളെയും സ്റ്റാഫ് റൂമുകളിലേക്ക് പ്രവേശിപ്പിക്കാതെ വളരെ വലിയ ഒരു ജാതിക്കോട്ട നിർമിച്ചിരിക്കുകയാണ്.
ഇനി പി.എസ്.സി വഴിയുള്ള നിയമനങ്ങൾ പരിശോധിച്ചാൽ ഇ.ഡബ്ല്യൂ.എസ് സംവരണം നടപ്പിലാക്കിയതോടുകൂടി പൊതുവിഭാഗത്തിൽ തന്നെ മത്സരിക്കാനുള്ള 50 ശതമാനത്തിൽ നിന്നാണ് 10 ശതമാനം സവർണർക്കായി മാറ്റിവെക്കപ്പെട്ടിരിക്കുന്നത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർ എന്ന് പറഞ്ഞുകൊണ്ട് സവർണർക്ക് തന്നെയാണ് ഈ പറയുന്ന അമിതമായ പ്രാതിനിധ്യം, അമിതമായ കുത്തകാവകാശം ലഭിച്ചിരിക്കുന്നത്.

ഇ.ഡബ്ല്യൂ.എസ് സംവരണം
കേരളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 90 ശതമാനം തസ്തികകളിലും സവർണരുടെ അമിതാധികാര കുത്തക നിലനിൽക്കുമ്പോഴാണ് ഇ.ഡബ്ല്യൂ.എസ് സംവരണം നടപ്പിലാക്കി വീണ്ടും പത്ത് ശതമാനം സംവരണം കൂടി നൽകി അമിതാധികാര കുത്തക വർധിപ്പിക്കുന്ന പ്രതിഭാസം നടപ്പിലായത്.
ഇങ്ങനെ സംഭവിച്ചപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളും സ്‌കൂളുകളിലുമൊക്കെ തന്നെ സംവരണം നടപ്പിലാക്കുമെന്ന് എന്ന് ദേവസ്വം മന്ത്രിയായിരുന്ന രാധാകൃഷ്ണൻ ഒരു നിർദേശം നൽകിയെങ്കിലും പിന്നെ അത് നടപ്പിലായില്ല.

കെ. രാധാകൃഷ്ണൻ
അങ്ങനെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്റ്റാഫ് റൂമുകളിൽ നിന്ന്, പൊതുപണം വലിയ രീതിയിൽ ഒഴുകുന്ന ഉന്നത, പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് ദളിതരും ആദിവാസികളും പുറന്തള്ളപ്പെടുന്ന ഒരു പ്രതിഭാസം വളരെ ശക്തമായി നിലനിൽക്കുന്നുണ്ട്. അതായത് ഉന്നത വിദ്യാഭ്യാസ മേഖലയിലും പൊതുവിദ്യാഭ്യാസ മേഖലയിലും എന്നും സവർണ വിഭാഗം തന്നെ അധികാരസ്ഥാനത്ത് തുടരുകയാണ്.
ഈ കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത് ഇടതുപക്ഷമാണ്. പക്ഷേ ഈ പത്ത് കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും ദളിത് വിഭാഗത്തിൽ നിന്നോ ആദിവാസി വിഭാഗത്തിൽ നിന്നോ ഒരു പ്രൊഫസറെ പോലും കേരളത്തിലെ ഏതെങ്കിലും സർവകലാശാലയുടെ വൈസ് ചാൻസിലർ ആയി ഈ ഇടതുപക്ഷ ഭരണകൂടം നിയമിച്ചിട്ടില്ല.
പാവങ്ങളോടൊപ്പം എന്ന് പറയുകയും സിദ്ധാന്തം ചമയ്ക്കുകയും കേരളത്തിൽ ദളിതരെയും ആദിവാസികളെയും പുറന്തള്ളുന്ന ഒരു സമീപനം സ്വീകരിക്കുകയും ചെയ്യുകയാണ്. ആ നിലയ്ക്ക് നോക്കിയാൽ കേരളം ഉത്തരേന്ത്യയെ അപേക്ഷിച്ച് വളരെ പ്രത്യക്ഷമായ ജാതിഹിംസ ഇല്ലെന്ന് തോന്നുമെങ്കിലും, വളരെ ഹിംസാത്മകമായ രീതിയിൽ ജാതി കൊണ്ടുനടക്കുകയും ജാതിഹിംസ അനുഷ്ഠിക്കുകയും ദളിതരെയും ആദിവാസികളെയും മൃഗീയമായി പീഡിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് മലയാളി സമൂഹം എന്ന് നമുക്ക് കാണാൻ കഴിയും.
2: നിതിൻ രാജിന്റെ മരണം ഒരർത്ഥത്തിൽ ഇൻസ്റ്റ്റ്റ്യൂഷൻ മർഡർ തന്നെയാണ്. ജാതിയുടെ സകല പ്രിവിലേജും ഉൾക്കൊണ്ടുകൊണ്ടാണ് വകുപ്പധ്യക്ഷനായ എം.കെ. റാം പുഴുത്ത പട്ടിയെന്നടക്കം വിളിച്ചുകൊണ്ട് ആ വിദ്യാർത്ഥിയെ അധിക്ഷേപിച്ചത്. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള ചിലയാളുകളെങ്കിലും ഇത്തരത്തിൽ ജാതി ചിന്ത വെച്ചുപുലർത്തുന്നവരാണോ?
ഉത്തരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ചില ആളുകൾ എന്ന് ചുരുക്കി കാണുന്നതിൽ ചില തകരാറുകളുണ്ട് എന്നാണ് തോന്നുന്നത്. കാരണം ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെതന്നെ ഉന്നത വിദ്യാഭ്യാസ മേഖല തന്നെ ഒരു ജാതികോളനി ആയിട്ടാണ് നിലനിർത്തുന്നത്.
ആ സ്റ്റാഫ് റൂമുകളിൽ ഒക്കെ തന്നെ സമ്പൂർണമായും ഈ പറയുന്ന രീതിയിൽ സവർണ വിഭാഗത്തിൽ പെട്ട ആളുകളാണ് അസിസ്റ്റന്റ് പ്രൊഫസർമാരായും അസോസിയേറ്റ് പ്രൊഫസർമാരായിട്ടും ജേലിയിൽ പ്രവേശിക്കുന്നത്.
ഇങ്ങനെ എയ്ഡഡ് മേഖലയിൽ അസിസ്റ്റന്റ് പ്രൊഫസർമാരായി പ്രവേശിക്കുന്ന സവർണ വിഭാഗത്തിൽ നിന്നുള്ള ആളുകൾ തന്നെയാണ് പിന്നീട് അസോസിയേറ്റ് പ്രൊഫസർമാരായും പ്രൊഫസർമാരായും കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ നിയമരാകുന്നത്. അവർ തന്നെയാണ് പിന്നീട് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നത്.
അങ്ങനെ വരുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും അതിനെ തുടർന്നുണ്ടാകുന്ന അധികാര സ്ഥാനങ്ങളും സവർണ വിഭാഗങ്ങൾക്കായി മാത്രം കുത്തകവത്കരിക്കപ്പെടുന്നു.
പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ മേഖലയിലുള്ള കോളേജുകളുടെ എണ്ണം പരിശോധിച്ചാൽ ഏയ്ഡഡ് സ്വകാര്യ മേഖലയെ സംബന്ധിച്ച് എണ്ണത്തിൽ വളരെ കുറവാണ്. അങ്ങനെ വരുമ്പോൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിയമിതരാകുന്ന ആളുകളെക്കാളും എത്രയോ ഇരട്ടിയാണ് ഏയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമിതരാകുന്ന അധ്യാപകരുടെ എണ്ണം.

അതായത് പൊതുപണം ഏറ്റവും കൂടുതൽ കേരളത്തിലെ സവർണ വിഭാഗങ്ങളിലേക്ക് തന്നെ ഒഴുകുന്നു എന്നുള്ളതാണ്. അതുകൊണ്ട് ചില ആളുകൾ ജാതിചിന്ത വെച്ചു പുലർത്തുന്നവരാണ് എന്ന് നമുക്ക് പറയാൻ കഴിയില്ല, കാരണം അടിമുടി ജാതിവസ്ഥയിൽ ഉപ്പിലിട്ടാണ് ഈ സിസ്റ്റം തന്നെ നയിക്കപ്പെടുന്നത്.
ചില ആളുകൾ അത് പ്രത്യക്ഷമായി പ്രകടിപ്പിക്കുന്നു ചില ആളുകൾ അത് പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രമേ ഉള്ളൂ. ഈ സന്ദർഭത്തിൽ ഒരു ഒരു സ്വകാര്യ അനുഭവത്തെ കുറിച്ച് പറയാം. ഇത് കേവലം സ്വകാര്യ അനുഭവം മാത്രമല്ല അതൊരു രാഷ്ട്രീയ സാമൂഹ്യ അനുഭവം കൂടിയാണ്.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എന്റെ ഗവേഷണ കാലത്ത് ഒരു ഡോക്ടർ കമ്മിറ്റി നടക്കുമ്പോൾ സംസ്‌കൃതം ഡിപ്പാർട്ട്‌മെന്റിലെ ബ്രാഹ്‌മണനായ ഒരു അധ്യാപകൻ ഒരു ദളിത് വിദ്യാർത്ഥിയെ വിളിച്ചത് ‘ഹി ഈസ് എ ബിഗ് സീറോ’ എന്നാണ്.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല
പുരോഗമനകാരികളായ അധ്യാപകർ എല്ലാം ഇത് കേട്ടിട്ടും ഒരക്ഷരവും മിണ്ടിയില്ല. ഗവേഷണ വിദ്യാർത്ഥിയായിരിക്കുന്ന ഞാൻ അന്ന് തന്നെ ഫേസ്ബുക്കിൽ ഇക്കാര്യം പോസ്റ്റ് ഇട്ടിരുന്നു. ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല വളരെ വലിയ പുരോഗമനപരമായ ഒരു സർവകലാശാലയാണ് എന്ന് പൊതുവേ പറയുമ്പോൾ പോലും ഒരു ബ്രാഹ്‌മണനായ അധ്യാപകൻ അവിടെ ഗവേഷണത്തിന് ചേർന്ന ഒരു ദളിതനായ വിദ്യാർത്ഥിയെ വിശേഷിപ്പിച്ചത് ‘ഹി ഈസ് എ ബിഗ് സീറോ’ എന്നാണ്. ഈ സാഹചര്യവും നമ്മൾ കാണാതെ പോകരുത്. ഇങ്ങനെ ജാതിചിന്ത വെച്ചുപുലർത്തുന്ന നിരവധി അധ്യാപകർ ഉണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.
ഏയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അധ്യാപക നിയമനത്തിന് ഇന്റർവ്യൂ നടക്കുമ്പോൾ ദളിത്, ആദിവാസി, പാർശവത്കൃത വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പുറംതള്ളുന്ന പ്രത്യേകമായ രീതി തന്നെ ഇന്റർവ്യൂ ബോർഡിനകത്തും സർലകലാശാലകളിലും പ്രവർത്തിക്കുന്നുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അടുത്തിടെ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ നിയമനങ്ങൾ വലിയ രീതിയിൽ സംവരണം അട്ടിമറിക്കപ്പെട്ടിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സംവരണ റൊട്ടേഷൻ മറച്ചുവെച്ചുകൊണ്ടാണ് നിയമം നടന്നത്. ഇടതുപക്ഷത്തിന്റെ ഭരണകാലത്താണ് ഈ സംവരണത്തെ നിഗൂഢമാക്കി വെച്ചുകൊണ്ട് വെച്ചുകൊണ്ട് നിയമനം നടത്തിയത്. ഹൈക്കോടതി ചോദിച്ചപ്പോൾ നിഗൂഢവും രഹസ്യാത്മകവുമാണെന്നായിരുന്നു മറുപടി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
ഇങ്ങനെ എല്ലാം ഒളിച്ചുവെച്ച് തങ്ങൾക്ക് സ്വജനപക്ഷപാതപരമായിട്ടുള്ള നിയമനം നടത്തുന്നതിനു വേണ്ടിയാണ് സംവരണ റോസ്റ്റർ തന്നെ പൂഴ്ത്തി വെച്ച് നിയമനം നടത്തുന്നത്. കേരള ഹൈക്കോടതി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ നിയമനങ്ങളും പ്രത്യേകിച്ച് ആ സംവരണ റോട്ടേഷനും പൂർണമായും തെറ്റാണെന്ന് പറഞ്ഞിട്ട് പോലും, സംവരണ റോസ്റ്റർ ശരിയാക്കി അർഹരായ ഉദ്യോഗാർഥികൾക്ക് നിയമനം കൊടുക്കണം എന്ന് പറയാൻ ഇടതുപക്ഷത്തുള്ളവരും പുരോഗമനകാരികളായ ആരും തന്നെ മുൻകൈ എടുത്തില്ല എന്നുള്ളത് ഈ സംവണ റോസ്റ്റർ ഉൾപ്പെടെ പൂഴ്ത്തി വെച്ച് ദളിതരെയും ആദിവാസികളെയും പുറന്തള്ളുന്ന ഹിംസാത്മകമായ നടപടിക്കൊപ്പമാണ് കേരളത്തിലെ പുരോഗമന പക്ഷം നമുക്ക് വ്യക്തമാകുന്നുണ്ട്
ഇനി നമ്മൾ ഈ അഞ്ചരക്കണ്ടി കോളേജിലെ സംഭവവികാസങ്ങളിലേക്ക് വന്നാൽ സമാന സംഭവങ്ങൾക്ക് എം.കെ. റാമിന് ഇതിന് മുമ്പും സസ്‌പെൻഷൻ കിട്ടിയിട്ടുണ്ട് എന്ന് വിദ്യാർഥികളൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

എം.കെ. റാം
തന്റെ മുമ്പിൽ വെച്ച് തന്റെ മകളെ തല്ലാനോങ്ങുന്ന എം.കെ. റാമിനെ കുറിച്ച് ഒരു പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായി നിലനിൽക്കുന്ന ഒരു സ്ഥാപനമാണ് അഞ്ചരക്കണ്ടി കോളേജ്. ഇത് കണ്ണൂരാണ് പ്രവർത്തിക്കുന്നത്. ഈ പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഉഴുതുമറിച്ച മണ്ണാണെന്നാണ് പറയുന്നത് പക്ഷേ അവിടെ ഇത്രയൊക്കെ സംഭവകാസങ്ങൾ നടന്നിട്ടും ആർക്കും ഇടപെടാൻ കഴിയാത്ത രീതിയിൽ ഒരു ജാതിക്കോട്ടയായിട്ട് കണ്ണൂർ അഞ്ചരണ്ടി ഡെന്റൽ കോളേജ് നിലനിൽക്കുകയാണ്.
ഇങ്ങനെ ഒരു സംഭവം നടന്നിട്ട് കുട്ടികളെ ഇത്രമാത്രം ഹിംസിക്കുന്ന ഒരു അധ്യാപകൻ ഉണ്ടായിരിക്കുമ്പോൾ, കുട്ടികൾ ഇത്രയധികം ഹിംസ നേരിടുമ്പോൾ ആ കുട്ടികളെ സപ്പോർട്ട് ചെയ്യാനുള്ള ആ കുട്ടികളെ പിന്തുണക്കാനുള്ള യാതൊരു സംവിധാനവും ആ കോളേജിൽ ഇല്ല.
കാരണം കേരള ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അധികാരികളുടെ യാതൊരു അന്വേഷണവും ഇല്ലാത്ത വളരെ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു വിഹാരരംഗമായി, ജാതിഹിംസയുടെ കേളി രംഗമായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാറിയിരിക്കുന്നു.
പ്രസ്റ്റീജ് എജുക്കേഷൺ ട്രസ്റ്റ് എന്ന് പറയുന്ന കോളേജ് മാനേജ്‌മെന്റും അതിന്റെ ഭാരവാഹികളും സംരക്ഷിച്ചു നിലനിർത്തുകയാണ്. അതുകൊണ്ടാണ് നിരന്തരം ഇയാൾക്ക് ഈ ജാതി അവഹേളനം കുട്ടികൾക്കെതിരെ നടത്തുവാൻ കഴിയുന്നത്.
ഇത് കേവലം ഒരു എം. കെ. റാമിൽ ഒതുങ്ങുന്ന ഒരു കാര്യമല്ല. അഞ്ചരക്കണ്ടി ഈ ഡെന്റൽ കോളേജിലെ ഒരു റാം മാത്രമല്ല അവിടെ അനവധി റാമുമാർ ഉണ്ട്. ഡോക്ടർ സംഗീത നമ്പ്യാരുടെ പേര് ഇതിനകം പുറത്തു വന്നു കഴിഞ്ഞു.

ഡോക്ടർ സംഗീത നമ്പ്യാർ
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആകമാനം സൂക്ഷ്മ അവലോകനം നടത്തിയാൽ കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിലെ ഓരോ വിദ്യാർത്ഥിക്കും ഇത്തരത്തിലുള്ള ധാരാളം അനുഭവകഥകൾ പറയാനുണ്ടാകും.
കേരളത്തിൽ ഒരുപാട് റാമുമാരുണ്ട്. അതുകൊണ്ട് ഇത് അഞ്ചരക്കണ്ടി ഗവൺമെന്റ് ഡെന്റൽ കോളേജിലെ സംഭവത്തിൽ ഒതുങ്ങുന്ന ഒന്നല്ല എന്നും വളരെ ശക്തമായ രീതിയിൽ കേരളത്തിലെ ഏയ്ഡഡ് പ്രൊഫഷണൽ മേഖലയിൽ ജാതിഹിംസ പ്രവർത്തിക്കുന്നുണ്ട് എന്ന് നമുക്ക് കൃത്യമായിട്ട് പറയാൻ കഴിയും.
3. കേരളത്തിൽ ഇതിന് മുമ്പും ജാതി അധിക്ഷേപങ്ങളും ദുരഭിമാനക്കൊലകളും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ രണ്ടോ മൂന്നോ ദിവസം വാർത്തയായി മാത്രം ഒതുങ്ങുകയും ശേഷം നമ്മൾ വീണ്ടും സോ കോൾഡ് ജാതിയില്ലാത്ത കേരളമെന്ന നരേറ്റീവിലേക്ക് തിരിച്ചുപോവുകയുമാണ് ചെയ്യാറുള്ളത്. ഇത്തരം സംഭവങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സർക്കാരുകൾക്ക് എങ്ങനെ സാധിക്കും?
ഉത്തരം: സർക്കാർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ സജ്ജമാകണം എന്നതാണ് ഒന്നാമത്തെ കാര്യം. ബിന്ദു എന്ന ദളിത് സ്ത്രീയെ കള്ളപ്പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത്, നിയമനടപടികൾ പൂർത്തിയാക്കാതെയാണ് പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കക്കൂസിൽ പോയി കുടിക്കണമെന്നാണ് കേരള പോലീസ് അവരോട് ആജ്ഞാപിച്ചത്. പിന്നീട് പരാതി കള്ളമാണെന്ന് തെളിഞ്ഞിട്ടും പരാതി നൽകിയവർക്കെതിരെ നടപടി ഉണ്ടായില്ല.

ബിന്ദു
വിനായകന്റെ കൊലയാളികൾക്ക് എന്ത് ശിക്ഷയാണ് ലഭിച്ചത്? ജിഷ്ണു പ്രണോയ്, അമ്മു സജീവ് എന്നിവരുടെ അനുഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. കേരളത്തിൽ ദളിതരും ആദിവാസികളും ആക്രമിക്കപ്പെടുമ്പോൾ കുറ്റക്കാർക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു. നിതിൻ രാജ് കേസിലും പൊതുസമൂഹചത്തിൽ നിന്നു വലിയ വിമർശനങ്ങൾ ഉയർന്നതിന് ശേഷമാണ് എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമപ്രകാരം കേസ് എടുത്തത്.

ജിഷ്ണു പ്രണോയ്
ഇത്തരത്തിൽ ആ നിയമം പ്രയോഗിക്കേണ്ട നിരവധി സംഭവങ്ങളിൽ പോലും വേണ്ടവിധം നടപടികൾ ഉണ്ടാകുന്നില്ല. എഎസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരം യാതൊരു നടപടികൾ കൈക്കൊള്ളാതിരിക്കുകയും, പലപ്പോഴും ആ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന രീതിയിൽ, ആ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടാത്ത രീതിയിൽ ആ കേസുകളെ പരാജയപ്പെടുത്തുന്ന ഒരു പൊലീസ് സംവിധാനം കേരളത്തിൽ നിലനിൽക്കുന്നു
ദളിതർ പ്രതികളായാൽ കർശന നടപടി സ്വീകരിക്കുകയും, സവർണർ പ്രതികളായാൽ സംരക്ഷിക്കുന്ന സംവിധാനം കേരളത്തിലുള്ളതായി കാണാം. ഇതിലൂടെ പോലീസിനകത്ത് ജാതിപരമായ മുൻവിധിയുണ്ട് എന്ന് പറയേണ്ടി വരും. അതിനാൽ ദളിതർക്കും ആദിവാസികൾക്കും എതിരായ അതിക്രമങ്ങളിൽ ഭരണഘടനാനുസൃതമായി ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.
തിരുവനന്തപുരത്ത് ഒരു ദളിത് ബാലികയെ മൊബൈൽ മോഷണാരോപണത്തെ തുടർന്ന് പൊതുവേദിയിൽ ഒരു വനിതാ പൊലീസ് അപമാനിച്ച സംഭവത്തിൽ നടപടി ഉണ്ടായോ. ദളിതർക്കും ആദിവാസികൾക്കും എതിരായ അതിക്രമങ്ങളിൽ ഭരണഘടനാനുസൃതമായി ശക്തമായ നടപടികൾ സ്വീകരിക്കാനോ കുറ്റാരോപിതർക്ക് തക്കതായ ശിക്ഷ വാങ്ങിച്ചുകൊടുക്കാനോ സർക്കാർ ഉത്സാഹം കാണിക്കുന്നില്ല.
നിതിൻ രാജിന്റെ കൊലപാതകത്തിൽ പ്രതികളായ എം.കെ. റാമിനെയോ സംഗീത നമ്പ്യാരെയോ അറസ്റ്റ് ചെയ്യാനുള്ള യാതൊരു നടപടികളിലേക്കും കടന്നിട്ടില്ല. കേരളത്തിലെ പൊലീസ് സംവിധാനം സാങ്കേതികവിദ്യ കൊണ്ടും കർമ്മപാടവം കൊണ്ടും മികവുറ്റ ഒരു പോലീസ് സംവിധാനമാണ് എന്ന് ആഭ്യന്തര വകുപ്പ് തന്നെ പറയുന്നുണ്ട്.
അങ്ങനെയുള്ള ഒരു ആഭ്യന്തര വകുപ്പിന് ഇത്രയധികം കുട്ടികളെ അതിനീചമായി അപമാനിക്കുകയും അതിനീചമായ ഭാഷകൊണ്ട് കുട്ടികളെ നേരിടുകയും കുട്ടികളെ ഉപദ്രവിക്കുകയും കുട്ടികളെ മരണത്തിലേക്കും വലിയ ട്രോമയിലേക്കും തള്ളിയിടുകയും ചെയ്ത ഇവരെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്നുള്ളത് കേരള പോലീസ് ഈ പ്രതികളെ സംരക്ഷിക്കുന്ന ഒരു നിലപാട് സ്വീകരിക്കുന്നു എന്ന് സംശയിക്കേണ്ടി വരും.ഇല്ലെങ്കിൽ ഇത്രയും ദിവസമായിട്ട് അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്?
നേരെ മറിച്ച് ബിന്ദു എന്ന് പറയുന്ന ദളിത് സ്ത്രീക്കെതിരെ ഒരു പരാതി ഉണ്ടായപ്പോൾ തന്നെ അവരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുന്നു, അവരെ അപമാനിക്കുന്നു, അവരെ ഹിംസിക്കുന്നു എന്ന് പറയുമ്പോൾ ദളിതരും ആദിവാസികളും പീഡിപ്പിക്കപ്പെടേണ്ടവരാണ്, അപമാനിക്കപ്പെടേണ്ടവരാണ്, സ്വാഭാവികമായി ഹിംസ ഏൽക്കേണ്ടവരാണ് എന്ന് പറയുന്ന മനുസ്മൃതിയുടെ യുക്തി കേരളത്തിലെ പോലീസ് അധികാരികളെയും സർക്കാർ സംവിധാനത്തെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നു.
ഈ മനോഭാവത്തെ മാറ്റുന്ന രീതിയിൽ സർക്കാർ സംവിധാനം കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടണം. നിയമ നീതിന്യായ സംവിധാനങ്ങൾ കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടണം, പ്രത്യേകിച്ച് കേരളത്തിലെ പൊലീസ് സംവിധാനം ജനാധിപത്യവത്കരിക്കപ്പെടണം എന്നുള്ളതാണ് ഒന്നാമത്തെ കാര്യം
രണ്ടാമത്, കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗം വലിയ രീതിയിൽ ജനാധിപത്യവത്കരിക്കേണ്ടിയിരിക്കുന്നു.. നമ്മൾ നവോഥാനത്തിന്റെ മണ്ണാണ് എന്നൊക്കെ പൊതുവെ പറയാറുണ്ടെങ്കിലും ആ നവോഥാനത്തിന്റെ തുടർച്ചകൾ ഇടർച്ചകളായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ശബരിമല നാമജപ പ്രക്ഷോഭ പരിപാടികളെ തുടർന്ന് അതിയാഥാസ്ഥിതികതയെ പിന്തുണക്കുന്ന ഒരു വ്യവസ്ഥാക്രമത്തിലേക്ക് കേരളത്തിലെ ഭരണകൂടങ്ങളും അധികാരികളും സാംസ്‌കാരിക രംഗവും എല്ലാം മാറിയതായാണ് നമുക്ക് കാണാൻ കഴിയുക.

ശബരിമല നാമജപ പ്രക്ഷോഭ പരിപാടിയില്‍ നിന്നും
ജാതിവ്യവസ്ഥ വളരെ നല്ലതാണെന്ന് പറയുക, ജാതിവാൽ ധരിച്ചുകൊണ്ട് നടക്കുന്ന, അത് വളരെ നല്ലതാണ് എന്ന് കരുതുന്ന ഒരു ജാതിമേൽക്കോയ്മ വ്യവസ്ഥയ്ക്ക് വളക്കൂറുള്ള ഒരു മണ്ണായി കേരള സമൂഹം മാറിയിട്ടുണ്ട്. ആ രീതിയിൽ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങൾ അഴിച്ചുപണിയുന്ന രീതിയിലുള്ള വിമർശനാത്മക അവബോധം ഉൾക്കൊള്ളുന്ന ഒരു സമൂഹമായി മലയാളികൾ മാറാതെ ഈ ദുരഭിമാന കൊലപാതകങ്ങളും ജാതി അധിക്ഷേപങ്ങളും അവസാനിക്കില്ല.
മൂന്നാമത്, കേരളത്തിലെ മലയാളികളുടെ സോഷ്യൽ മീഡിയ രംഗം പരിശോധിച്ചാൽ അറിയാം, വിമർശനം ഉന്നയിക്കുന്നവരെ എത്ര നികൃഷ്ടമായ ഭാഷയിലാണ് ഈ പറയുന്ന മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്. അഭിപ്രായം പറയുന്ന സ്ത്രീകളെ എത്ര നികൃഷ്ടമായ ഭാഷയിലാണ് മലയാളികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. എത്ര വൃത്തികെട്ട തെറിയാണ് സോഷ്യൽ മീഡിയയിൽ യാതൊരു ലജ്ജയുമില്ലാതെ മലയാളികൾ എഴുതിക്കൊണ്ടിരിക്കുന്നത്.
ഭരണാധികാര സ്ഥാനത്തിരിക്കുന്നവർ തന്നെ ചില നാടുവാഴി കാലഘട്ടത്തിലെ ഭാഷാപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ‘ചെറ്റ’, ‘ചെറ്റത്തരം’ എന്ന് പറയുന്നത് മറ്റാരുമല്ല അധികാരസ്ഥാനത്തുള്ളവർ തന്നെയാണ്; ഒരു എംപി അത് പറയുന്നു, ഒരു മന്ത്രി അത് പറയുന്നു, അതൊരു വിമർശനമാണ് എന്ന് ചുരുക്കി കാണുന്നു.
ചുരുക്കത്തില് നമ്മൾ ജാതിയില്ലാത്ത ഒരു സമൂഹമാണ് എന്ന് പൊതുവേ ഒരു നരേറ്റീവ് സൃഷ്ടിക്കുമെങ്കിലും കേരള സമൂഹം അതിയാഥാസ്ഥിതിക നിലപാടുകൾ ഉള്ള ഒരു സമൂഹമാണ്. ജാതിഹിംസ വളരെ ശക്തമായിട്ട് കൊണ്ടുനടക്കുന്ന ഒരു സമൂഹമാണ്.
സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ള ജാതിയെ തുറന്നു വിമർശിക്കുകയും ജാതിയെ കൈയൊഴിയുകയും ചെയ്യുന്ന ഒരു വ്യവസ്ഥാക്രമം നിലവിൽ വന്നെങ്കിൽ മാത്രമേ മലയാളികൾക്ക് ഒരു പുരോഗമന സമൂഹമായിട്ട് മാറാൻ കഴിയുകയുള്ളൂ.
4. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം കുറയ്ക്കാനും സമത്വം ഉറപ്പാക്കാനും യു.ജി.സി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ ചട്ടങ്ങളും മാർഗ നിർദേശങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറും അതിന്റെ പോഷക സംഘടനകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ചട്ടങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതുന്ന സ്ഥിതിവിശേഷം പോലുമുണ്ടായി.
ഈ ചട്ടങ്ങൾ മുന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികളോടുള്ള വിവേചനമെന്നാണ് ഇവരുടെ അവകാശവാദം. എന്തിനാണ് ഇത്തരത്തിൽ ജാതി വിവേചനം ഇല്ലാതാക്കാനുള്ള, സമത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങളെ വലതുപക്ഷം എതിർക്കുന്നത്?
ഉത്തരം: സമത്വം എന്ന് ആശയത്തെ ഇന്ത്യൻ സമൂഹം ആഴത്തിൽ വെറുക്കുന്നു എന്നുള്ളതാണ് ഒരു യാതാർത്ഥ്യം. ഭരണഘടന സമർപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ ഇന്ത്യയെ സംബന്ധിച്ച് ജനാധിപത്യം എന്ന് പറയുന്ന ഒരു ആശയം ഒരു ഉപരിവസ്ത്രം മാത്രമാണെന്നാണ് ഡോക്ടർ ബി.ആർ. അംബേദ്കർ പറയുന്നത്.

ഡോക്ടർ ബി.ആർ. അംബേദ്കർ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതിവിവേചനം കുറയ്ക്കാനുമുള്ള യു.ജി.സിയുടെ തുല്യതാ ചട്ടത്തിനെതിരെ രംഗത്ത് വന്നവർ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയിലെ ബ്രാഹ്‌മണസഭ, വൈശ്യ സംഘങ്ങൾ തുടങ്ങിയവരാണ് ഈ തുല്യതാ ചട്ടത്തിനെതിരെ രംഗത്ത് വന്നത്.
എന്തുകൊണ്ടാണ് ഇവർ രംഗത്ത് വന്നത്? അതായത് ഇവർ രംഗത്ത് വന്നതിന്റെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് തുല്യതാ ചട്ടം നിലവിൽ വരുന്നതോടു കൂടി പിന്നോക്ക ദളിത്-പാർശ്വവൽകൃത വിഭാഗത്തിൽ പെട്ട ആളുകൾ നേരിടുന്ന ക്രൂരതയ്ക്ക് എതിരായി ശക്തമായ ഒരു നിയമനിർമാണം സാധ്യമാകുന്നു.
ആ നിയമത്തിലൂടെ ദളിതരെയും ആദിവാസികളെയും പാർശ്വവൽകൃത ജനവിഭാഗങ്ങളെയും പീഡിപ്പിക്കുന്ന സവർണ വിഭാഗങ്ങൾ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നുള്ള മുൻവിധിയാർന്ന ഭയത്തിൽ നിന്നാണ് ഈ തുല്യതാ ചട്ടത്തിനെതിരെ അവർ രംഗത്ത് വരുന്നത് എന്നതാണ് ഒന്നാമത്തെ കാര്യം.
രണ്ടാമത്, തുല്യതയെ ഇന്ത്യയിലെ സവർണ്ണ ഒളിഗാർക്കികൾ ഒരിക്കലും അംഗീകരിക്കുന്നില്ല. സംവരണം നിലവിലുള്ള ഒരു സമൂഹമായിട്ട് പോലും സമൂഹത്തിലെ സംവരണം ഫലപ്രദമായി നടപ്പിലാക്കുന്നില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ഏഴ് പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാൽ അറിയാം കേവലം രണ്ടോ മൂന്നോ ദളിത് ജഡ്ജിമാർ മാത്രമേ സുപ്രീം കോടതിയിൽ ഉണ്ടായിട്ടുള്ളൂ. ഒന്നോ രണ്ടോ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആളുകൾ മാത്രമേ ജഡ്ജിമാരായിട്ട് സുപ്രീം കോടതിയിൽ എത്തിയിട്ടുള്ളൂ.
സംവരണം നിലനിൽക്കുന്ന ഒരു രാജ്യത്ത് പോലും സുപ്രീം കോടതിയിൽ ദളിതരും ആദിവാസികളും എത്താത്ത ഒരു സവിശേഷ സാഹചര്യം ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. മാനവവിഭവശേഷി മന്ത്രാലയം പാർലമെന്റിൽ വെച്ച കണക്ക് സൂചിപ്പിക്കുന്നത് ഇന്ത്യൻ ഐ.ഐ.ടികളിലെ 96 ശതമാനം തസ്തികകളിലും സവർണ വിഭാഗങ്ങൾ ആണെന്നാണ്. ഇന്ത്യയിലെ സർവ്വകലാശാലകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
തുല്യതാചട്ടത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ, നിലവിലുള്ള നിയമങ്ങൾ പോലും കാര്യക്ഷമമായിട്ട് നടപ്പിലാക്കുന്നതിൽ ഇന്ത്യ ഗവൺമെന്റ് പരാജയപ്പെട്ടിരിക്കുന്നു. ആ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണ് നിരന്തരം ഇന്ത്യയിലെ ദളിതരും ആദിവാസികളും മുസ്‌ലിങ്ങളും അതിപിന്നോക്ക വിഭാഗങ്ങളും ഒക്കെ തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വലിയ പീഡനം അനുഭവിക്കുന്നു.
ആ പീഡനത്തിന്റെ ഏറ്റവും വലിയ ഇരയായിരുന്നു രോഹിത് വെമുല, പായൽ തദ്വിയുടെ ആത്മഹത്യയും നമ്മുടെ മുമ്പിലുണ്ട്. ഏറ്റവും അവസാനം നിതിൻ രാജിന്റെ മരണം വരെ എത്തിനിൽക്കുന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പീഡനങ്ങൾ.

രോഹിത് വെമുല,
കേരളത്തിൽ വിപിൻ വിജയൻ എന്ന ദളിതനായ സംസ്‌കൃത ഗവേഷണ വിദ്യാർത്ഥിക്ക് ഡോക്ടർ വിജയകുമാരി എന്ന ബ്രാഹ്‌മണ സ്ത്രീയിൽ നിന്നും കടുത്ത ഹിംസ ഏൽക്കേണ്ടി വന്നത്. പക്ഷേ എന്താണ് ഹിന്ദുത്വ ശക്തികൾ ചെയ്തത്?
ഹിന്ദുത്വ ശക്തികൾ ഇങ്ങനെ ഒരു ദളിതനെ പീഡിപ്പിച്ച അയാളുടെ പി.എച്ച്.ഡി തടഞ്ഞുവെച്ച, ഡോക്ടറേറ്റ് അവാർഡ് ചെയ്യുന്നത് തടഞ്ഞുവെച്ച ഡോക്ടർ വിജയകുമാരിയെ പോണ്ടിച്ചേരി സർവ്വകലാശാലയുടെ ഉന്നതാധികാര സമിതിയിലേക്ക് നിയമിക്കുകയാണ് ചെയ്തത്. ഇതിൽ നിന്ന് തന്നെ ഹിന്ദുത്വത്തിന്റെ ദളിതരോടുള്ള മനോഭാവം എന്താണെന്ന് വളരെ വ്യക്തമാണ്.

ഡോക്ടർ വിജയകുമാരി
ചുരുക്കത്തിൽ സമത്വം എന്ന് പറയുന്ന സംഗതി ഉറപ്പാക്കാനുള്ള ശ്രമങ്ങളെ വലതുപക്ഷം എതിർക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം ദളിതരും ആദിവാസികളും സമത്വം ഉറപ്പാക്കപ്പെടുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതലായി കടന്നുവരാൻ ഇടയാവുകയും കാലക്രമത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഉന്നതാധികാര സ്ഥാപനങ്ങളിലേക്കെല്ലാം തന്നെ ദളിത ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളുടെ വലിയൊരു കടന്നുവരവുണ്ടാകാൻ കാരണമാകും.
അത് തടയുന്നതിനു വേണ്ടിയാണ് ഒരുതരത്തിലുള്ള സമത്വ സങ്കൽപങ്ങളും നിലനിൽക്കാൻ പാടില്ല എന്ന് വലതുപക്ഷം വാശിപിടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയോ ഉന്നതാധികാര സ്ഥാനങ്ങൾ മാത്രമല്ല അവർ ലക്ഷ്യമാക്കുന്നത്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കടന്നുവരുന്ന പിന്നോക്ക-അതിപിന്നോക്ക-ദളിത-ആദിവാസി-മുസ്‌ലിം വിഭാഗങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു പുറത്തിറങ്ങുമ്പോൾ അവർ ഒരിക്കലും ഇന്ത്യയിലെ ഉന്നതമായ അധികാരശ്രേണിയിലേക്ക് കടന്നുവരാൻ പാടില്ല എന്ന് പറയുന്ന മുൻകൂട്ടിയുള്ള കുത്സിതമായ വീക്ഷണത്തിന്റെ പ്രതിഫലനം വെച്ചിട്ടാണ്.
ആ പ്രതിഫലനത്തിൽ ഒന്ന് നിന്നുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്ന ദളിതരെ ആദിവാസികളെയും പുറംതള്ളുന്ന നയം യഥാർത്ഥത്തിൽ ഇന്ത്യയിലെ വലതുപക്ഷ ഭരണകൂടങ്ങൾ നിരന്തരം സ്വീകരിച്ചു വരുന്നത്. അതുകൊണ്ടാണ് അവർ ഒരിക്കലും ഈ സമത്വം ഉറപ്പുവരുത്തുന്ന എല്ലാ ആശയങ്ങളെയും എപ്പോഴും എതിർക്കുന്നത്.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനു ശേഷം ഭരണഘടനയ്‌ക്കെതിരായ ആദ്യത്തെ യുദ്ധം എന്ന് പറയുന്നത് ഭരണഘടനയിലെ സംവരണം എന്ന് പറയുന്ന അവകാശത്തിന് എതിരായിട്ടുള്ളതായിരുന്നു എന്നത്പരിശോധിച്ചാൽ തന്നെ എത്രമാത്രം തുല്യതയ്ക്ക് എതിരായ ഒരു സമൂഹമാണ് ഇന്ത്യൻ സമൂഹവും സവർണ്ണ ഒളിഗാർക്കികളെന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും.

തന്നെയല്ല എങ്ങനെയാണ് ഭൂപരിഷ്‌കരണം കേരളത്തിൽ വലിയ രീതിയിൽ പരാജയപ്പെട്ടത് എന്നതും കേരളത്തിലും ഇന്ത്യയിലും ദളിതർക്കും ആദിവാസികൾക്കും ഏതെങ്കിലും തരത്തിൽ തുല്യത ലഭിക്കുന്ന എന്തെങ്കിലും നിയമം ഉണ്ടെങ്കിൽ അതൊക്കെ വെള്ളം ചേർത്ത് അതൊക്കെ തന്നെ ഇല്ലാതാക്കി നശിപ്പിക്കുന്ന ഒരു വ്യവസ്ഥാക്രമമായി നമ്മുടെ ഇന്ത്യയിൽ ആകമാനം ജാതിവ്യവസ്ഥ അത്രയും ആഴത്തിൽ നിലനിൽക്കുന്നുണ്ട്.
5. ഇത്തരക്കാർ റിസർവേഷനെയും എതിർക്കുന്നുണ്ട് എന്നതും മാറ്റിവെക്കാൻ സാധിക്കില്ല. ഒരു ലെവൽ പ്ലെയിങ് ഫീൽഡിലേക്ക് പിന്നോക്ക വിഭാഗങ്ങളിലുള്ളവർ എത്തുന്നതിനെ എന്തുകൊണ്ടായിരിക്കാം ഇവർ എതിർക്കുന്നത്?
ഉത്തരം: റിസർവേഷനെ എതിർക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം, നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ ദളിതരും ആദിവാസികളും ഒരുതരത്തിലും അധികാരസ്ഥാനങ്ങളിൽ എത്താൻ പാടില്ല എന്ന നിർബന്ധമാണ്. അതുകൊണ്ടാണ് അവർ റിസർവേഷനെ എതിർക്കുന്നത്.
ആ സമയത്ത് അവർ മെറിറ്റിനെ പറ്റി പറയും. പക്ഷേ ഇ.ഡബ്ല്യൂ.എസ് സംവരണം വന്നതോടുകൂടി ഇപ്പോൾ മെറിറ്റിനെ പറ്റി ആരും പറയുന്നില്ലല്ലോ. ഈ അടുത്ത കാലത്ത് പുറത്തുവന്ന ഐ.ബി.പി.എസ് പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പട്ടിക പരിശോധിച്ചാൽ അറിയാം, എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവരെക്കാളും മാർക്ക് കുറവായിരുന്നു ഇ.ഡബ്ല്യൂ.എസുകാർക്ക്.
എൻജിനീയറിങ്ങിന്റെ റാങ്ക് ലിസ്റ്റ് പുറത്തുവന്നപ്പോഴും എസ്.സി/എസ്ടി വിഭാഗത്തിനേക്കാൾ മാർക്ക് കുറവുള്ള ഇ.ഡബ്ല്യൂ.എസുകാർക്ക് സർക്കാർ കോളേജിൽ അഡ്മിഷൻ കിട്ടുന്ന സാഹചര്യം ഉണ്ടായി.
മുമ്പായിരുന്നെങ്കിൽ പറഞ്ഞുകൊണ്ടിരുന്നത് സംവരണത്തിലൂടെ പഠിച്ചു പുറത്തുവരുന്ന എസ്.സി/എസ്.ടി വിഭാഗത്തിലുള്ള എൻജിനീയർമാർ പണിയുന്ന പാലം തകർന്നുപോകുമെന്നും, അവർ സർജറി ചെയ്താൽ വ്യക്തി മരിച്ചുപോകുമെന്നുമാണ്, ഇതാണ് ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട ഒരു ആഖ്യാനം.
പക്ഷേ ഇപ്പോൾ മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർ എന്ന് പറയപ്പെടുന്ന ഇ.ഡബ്ല്യൂ.എസ്, അതായത് സവർണ്ണർ, എസ്.സി/എസ്.ടി വിഭാഗത്തേക്കാളും മാർക്ക് കുറവുള്ളവരായിട്ടും അവിടെ മെറിറ്റിന്റെ ചർച്ചകളേ വരുന്നില്ല. അപ്പോൾ ചുരുക്കത്തിൽ മെറിറ്റല്ല, ജാതിയാണ് പ്രശ്‌നം.
ദളിതരും ആദിവാസികളും അധികാരസ്ഥാനങ്ങളിലെത്താൻ പാടില്ല എന്ന് പറയുന്ന സവർണ യുക്തിയാണ് എക്കാലത്തും റിസർവേഷന് എതിരായി ഇന്ത്യയിൽ പ്രവർത്തിച്ചത്.
ഡോ. ബി.ആർ. അംബേദ്കർ ഒന്നാം വട്ടമേശ സമ്മേളനത്തിൽ തന്നെ പറയുന്നുണ്ട് ‘Representation for all classes’ എന്ന്. ഇന്ത്യ പോലെ വൈവിധ്യപൂർണ്ണമായ ഒരു സമൂഹത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള ഒരു സർക്കാർ ആയിരിക്കണം ഉണ്ടാകേണ്ടത്. അത് ലെജിസ്ലേറ്റീവിലും നീതിന്യായ സ്ഥാപനങ്ങളിലും ഭരണകൂടത്തിലും സർക്കാരിന്റെ മറ്റെല്ലാ സംവിധാനങ്ങളിലും വേണം. അതുകൊണ്ടാണ് സാക്ഷാൽ സഹോദരൻ അയ്യപ്പൻ ‘സാമുദായിക പ്രാതിനിധ്യമാണ് എന്റെ ദേശീയവാദം‘ എന്ന് പറഞ്ഞത്.

സഹോദരൻ അയ്യപ്പൻ
ഡോ. ബി.ആർ. അംബേദ്കർ പ്രാതിനിധ്യം സഫലമാകുന്നതിനു വേണ്ടി സംവരണം എന്ന ആശയത്തിന് വേണ്ടി നിലകൊണ്ട ഒരാളാണ്. കേരളത്തിലെ അംബേദ്കറൈറ്റുകളെ ഇകഴ്ത്തിക്കാട്ടാൻ വേണ്ടി ശ്രീജിത്ത് പണിക്കർ പറഞ്ഞത് അംബേദ്കറെ ആഴത്തിൽ പഠിക്കണം എന്നാണ്.

ശ്രീജിത്ത് പണിക്കർ
അടുത്ത കാലത്ത് ശ്രീജിത്ത് പണിക്കർ മനോരമയുടെ ഹോർത്തൂസ് സംവാദത്തിൽ പറഞ്ഞത് ‘ഞാൻ സംവരണമല്ല ചോദിക്കുന്നത്, സമയമാണ് ചോദിക്കുന്നത്’ എന്നാണ്. ഇത് പറഞ്ഞതോടുകൂടി തന്നെ ശ്രീജിത്ത് പണിക്കർ അംബേദ്കറിന്റെ ആശയങ്ങളെ എതിർക്കുന്ന ഒരാളാണെന്ന് വ്യക്തമാണ്.
യഥാർത്ഥത്തിൽ ശ്രീജിത്ത് പണിക്കറാണ് അംബേദ്കറെ ആഴത്തിൽ പഠിക്കേണ്ടത്. അങ്ങനെ പഠിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഒരിക്കലും സംവരണമല്ല വേണ്ടത് എന്ന് പറയില്ലായിരുന്നു. ഇത് പണിക്കർക്ക് സംവരണം കിട്ടുന്ന പ്രശ്‌നമല്ല, മറിച്ച് എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള ഒരു സർക്കാർ ഉണ്ടാകണം എന്നുള്ളതാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയെ വിമർശിക്കുന്നവരെ ഹിന്ദുത്വവാദികൾ വിശേഷിപ്പിക്കുന്നത് ‘ജാതി വ്യാപാരികൾ’ എന്നാണ്.
എന്നാൽ നിതിൻ രാജിന്റെ കൊലപാതകം സംഭവിച്ചതിനു ശേഷം ആസ്ഥാന സംഘപരിവാർ നിരീക്ഷകർക്കെല്ലാം മിണ്ടാട്ടമില്ല. സംഭവം നടന്ന് ആറ് ദിവസമായിട്ടും അവർ സമ്പൂർണ മൗനത്തിലാണ്. സണ്ണി എം. കപിക്കാടിനെ ‘ജാതി വ്യാപാരി’ എന്ന് വിശേഷിപ്പിച്ചവർ, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ അധ്യാപകരായ ഡോ. എൻ.കെ. റാമും ഡോ. സംഗീത നമ്പ്യാരുമാണ് കേരളത്തിലെ ഏറ്റവും വലിയ ജാതിവെറിയുടെ വ്യാപാരികളെന്ന് ബോധ്യപ്പെട്ടിട്ടും അതിനെപ്പറ്റി ‘കമാ’ എന്നൊരക്ഷരം മിണ്ടുന്നില്ല.
ചുരുക്കത്തിൽ, പിന്നോക്ക വിഭാഗങ്ങളും ദളിതരും ആദിവാസികളും മുസ്‌ലിങ്ങളും അധികാരസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാൻ പാടില്ല എന്ന് പറയുന്ന യുക്തിയാണ് റിസർവേഷനെ എതിർക്കാൻ സവർണ്ണ ഒളിഗാർക്കിയെ നിരന്തരം പ്രേരിപ്പിക്കുന്നത്.’
6. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന ഒരു ദളിത് വിദ്യാർത്ഥിയോട് എന്തിനാണ് സവർണ സമൂഹം ഇങ്ങനെ പെരുമാറുന്നത്?
ഉത്തരം: ഇതിന്റെ ഉത്തരം മുൻപ് പറഞ്ഞ വിഷയങ്ങളുമായി ബന്ധിപ്പിച്ചു തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ ദളിത് ആദിവാസി വിഭാഗത്തിലുള്ള ആളുകൾ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉന്നതാധികാര സ്ഥാനങ്ങളിലേക്ക് ഒരിക്കലും കടന്നുവരാൻ പാടില്ല എന്ന യുക്തിയാണ് ദളിതരോടും ദളിത വിദ്യാർത്ഥികളോടും ഇങ്ങനെ പെരുമാറാനുള്ള പ്രധാനപ്പെട്ട കാരണം.
അഞ്ചരക്കണ്ടി ഗവൺമെന്റ് ഡെന്റൽ കോളേജിലെ സംഭവം സൂക്ഷ്മായി പരിശോധിച്ചാൽ ഈ ചോദ്യത്തിന് ഉത്തരം കിട്ടും; എന്തുകൊണ്ടാണ് നിതിൻ രാജിനോട് ഇങ്ങനെ പെരുമാറിയതെന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്താണ്?
അതൊരു സ്വകാര്യ മേഖലയിലുള്ള ഒരു കോളേജാണ്, ആ സ്വകാര്യ മേഖലയിലുള്ള കോളേജിലേക്ക് സർക്കാർ ഫീസ് കൊടുത്തു പഠിക്കുന്ന ഒരു വിദ്യാർത്ഥി വരേണ്ടതില്ല, അവിടെ വലിയ പണം മുടക്കി വരുന്ന ആളുകൾ പഠിച്ചാൽ മതി എന്ന് പറയുന്ന സവർണ യുക്തിയാണ് സ്വകാര്യ മേഖലയിൽ നിലനിൽക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ അടിമുടി നമുക്കിത് കാണാൻ കഴിയും; ഞാൻ അത് ആദ്യം സൂചിപ്പിച്ചതുപോലെ, കേരളത്തിലെ ഏയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ചില ദളിതരും ആദിവാസികളും ഒക്കെ പഠിക്കുന്നുണ്ട്, പക്ഷേ ഏയ്ഡഡ് മേഖലയിലെ സ്റ്റാഫ് റൂമുകൾ ഒക്കെ തന്നെ സമ്പൂർണമായും സവർണ കോളനികളായിട്ടാണ് നിലനിർത്തുന്നത്.
എന്തുകൊണ്ടാണ്, മിടുക്കരായിട്ടുള്ള ദളിത ആദിവാസി വിദ്യാർത്ഥികൾ ഇല്ലാഞ്ഞിട്ടാണോ? ഇല്ലാഞ്ഞിട്ടല്ല, വളരെ മിടുക്കരായിട്ടുള്ള വിദ്യാർത്ഥികൾ ഉണ്ട്, പക്ഷേ അവരെയൊക്കെ തന്നെ പുറത്തു നിർത്തുന്ന ഒരു സമീപനമാണ് ഇവിടെ നിലനിൽക്കുന്നത്.
പഠിക്കാൻ പോലും അനുവദിക്കാതെ പുറത്താക്കുക എന്ന സമീപനമാണ് ഇത്തരക്കാർക്കുള്ളത്. അവരെ ആരും തന്നെ ഡോക്ടർമാരായി വരണ്ട, എൻജിനീയർമാരായിട്ട് വരണ്ട, അധ്യാപകരായി വരണ്ട എന്ന യുക്തിയിൽ അവരെ വളരെ മുളയിലെ തന്നെ നുള്ളിക്കളയുക എന്നാതാണ് ഇതിന്റെ രീതി.
നമ്മൾ ഈ പറയുന്ന കൊല ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ ഒരു ചരിത്രം പരിശോധിച്ചാൽ അറിയാം; അത് കാൾ സാഗനെ പോലെ ഒരു ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ച രോഹിത് വെമുല ആയാലും മിടുക്കനായ ഡോക്ടറാകാൻ ആഗ്രഹിച്ച നിതിൻ രാജ് ആയാലും അവരെയൊക്കെ ഇല്ലാതാക്കുകയാണുണ്ടായത്.

രോഹിത് വെമുല | നിതിൻ രാജ്
വളരെ മിടുക്കരായ, വൈബ്രന്റ് ആയ, ഇന്റലിജന്റ് ആയ ദളിത ആദിവാസി വിദ്യാർത്ഥികളെ വളരാൻ അനുവദിക്കാതെ അവരെ സമ്പൂർണമായും തകർത്തുകളയാൻ ഇന്ത്യയിലെയും കേരളത്തിലെയും സവർണ സമൂഹം ആഗ്രഹിക്കുന്നു. അവർ ഇന്ത്യയിലെ അധികാരസ്ഥാനങ്ങളിലേക്ക് പ്രവേശിക്കരുത് എന്ന് പറയുന്ന സവർണ യുക്തിയും ജാതിയുടെ പുറന്തള്ളൽ ഹിംസയുമാണ് ഇവരോട് ഇങ്ങനെ പെരുമാറാനുള്ള പ്രധാനപ്പെട്ട കാരണം.
7. ഇത് കേവലം വിദ്യാർത്ഥികളോട് മാത്രമല്ല, പിന്നാക്ക വിഭാഗത്തിൽ നിന്നും സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുന്നവർക്കും ഇത്തരം അനുഭവമുണ്ട്. കഴിഞ്ഞ ദിവസം യു.പിയിലെ ദളിത് ഐ.എ.എസ് ഓഫീസറായ റിങ്കു സിങ് രാഹി ഭരണം തന്നെ മനപൂർവം അവഗണിക്കുകയാണെന്ന് ആരോപിച്ച് സർവീസിൽ നിന്നും രാജിവെച്ചിരിച്ചിരുന്നു. ജാതി തന്നെയാണ് ഇത്തരക്കാരുടെ പ്രശ്‌നമെന്ന അടിവരയിടുന്നതല്ലേ ഈ സംഭവവും?
ഉത്തരം: ഡോക്ടർ ബി.ആർ. അംബേദ്കർ പറയുന്നുണ്ടല്ലോ നിങ്ങൾ പോകുന്ന മുന്നോട്ടുള്ള വഴികളിൽ എല്ലാം തന്നെ ജാതി ഒരു ഭീകരഭൂതമായിട്ട് നിലനിൽക്കുമെന്നത് കേരളത്തിലെ ദളിതരെയും ആദിവാസികളുടെയും പിന്നോക്ക വിഭാഗത്തക്കാരുടെയും എല്ലാം കാര്യത്തിൽ വളരെ വളരെ എന്താണ് വളരെ കൃത്യമായ ഒരു സാമൂഹ്യ യാഥാർഥ്യമാണ്.
കുടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ വിഭാഗത്തിൽ പെട്ട ഒരാൾ കഴകക്കാരനായി വന്നതിനെ തുടർന്നാണ് മന്ത്രിമാർ ഉത്സവം ഉൾപ്പെടെയുള്ള എല്ലാ അടിയന്തരങ്ങളും ബഹിഷ്‌കരിക്കുന്നത്. ഇതെന്താണ്? ഇത് കേരള സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായമയും തീണ്ടിക്കൂടായ്മയും ഒരു പുതിയ രൂപമാണ്. യഥാർത്ഥത്തിൽ ആ ഈഴവനായ കഴകക്കാരനോട് അയിത്തം ഉള്ളതുകൊണ്ടാണ് അവരആരും തന്നെ അവിടെ ജോലിയിൽ വരാത്തത്
ഒരു സവർണനായ കഴകക്കാരൻ മാത്രം അവിടെ ജോലി ചെയ്താൽ മതി എന്ന് പറയുന്ന ജാതിയുടെ യുക്തിയാണ് ഈ കേരളത്തിലെ ബ്രാഹ്‌മണർ തരണല്ലൂർ നമ്പൂതിരിമാര യഥാർത്ഥത്തിൽ പുലർത്തുന്നത് എന്നുള്ളതാണ്.
ശബരിമലയുടെ കാര്യം എടുത്തു നോക്കിയാൽ നമുക്കറിയാം ശബരിമലയിൽ മലയാള ബ്രാഹ്‌മണർ മാത്രം അയ്യപ്പനെ പൂജിച്ചാൽ മതി എന്ന് നിയമം ഉണ്ടാക്കിയത് ആരാണ് ദൈവം പുറപ്പെടുവിച്ച നിയമം ഒന്നുമല്ല ബ്രാഹ്‌മണർ തന്നെ എഴുതിക്കൂട്ടിയ നിയമമാണ്.

ശബരിമല
ഇത് എന്തിനാണ്? ശബരിമലയിലെ കോടാനുകോടി വരുന്ന സ്വത്തുക്കൾ പണം അതിന്റെ അധികാരം ഇതെല്ലാം തന്നെ ബ്രാഹ്‌മണരിൽ തന്നെ നിലനിർത്തുന്നതിന് വേണ്ടിയാണ് ശബരിമലയിലെ ബ്രാഹ്‌മണർ തന്നെ ഇത്തരം ഒരു നിയമം ഉണ്ടാക്കിയിരിക്കുന്നത്
ഇനി ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധികാരസ്ഥാനങ്ങളിലേക്ക് കടന്നുവരുന്ന ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ എന്താണ്? ഞാൻ ആദ്യം സൂചിപ്പിച്ചല്ലോ ദളിത് വിഭാഗത്തിൽ ധാരാളം പ്രൊഫസർമാർ ഉണ്ടായിട്ട് പോലും കേരളത്തിലെ വിപ്ലവഭരണകൂടം ഒരു ദളിതനെ കേരളത്തിലെ ഏതെങ്കിലും ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലർായി നിയമിക്കാത്തത്?
ഇടതുപക്ഷം എന്ന് പറയുന്ന ഭരണകൂട യുക്തിക്കുള്ളിൽ പോലും ജാതിവ്യവസ്ഥ വളരെ ആഴത്തിൽ നിലീനമായിരിക്കുന്നു എന്നുള്ളതാണ് നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
എന്തുകൊണ്ടാണ് ഏയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ ഇടത്തുപക്ഷത്തിന് സംവരണം നടപ്പിലാക്കാൻ കഴിയാത്തത്? എന്തുകൊണ്ടാണ് തിരുവിതാംകൂർ ദേവസം ബോർഡ്, കൊച്ചിൻ ദേവസം ബോർഡ്, മലബാർ ദേവസ്വം ബോർഡ് എന്നിവയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും പോലും സംവരണം നടപ്പിലാക്കുന്നതിൽ പുരോഗമന ഭരണകൂടം സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്.
ഇതെല്ലാം തന്നെ ജാതിയാണ്; സവർണ വിഭാഗങ്ങളാണ് ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാം കൈയടക്കി വെച്ചിരിക്കുന്നത്. ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ജനാധിപത്യ വത്കരിക്കുന്നതിൽ മാറി മാറി വരുന്ന ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് തെളിഞ്ഞു കാണുന്നത്.
ഈ മേഖലയിൽ വർക്ക് ചെയ്യുന്ന ഓരോ ആളുകളുടെയും അനുഭവങ്ങൾ അവരുടെ ജീവിതകഥകൾ ഒക്കെ തന്നെ പരിശോധിച്ചാൽ എത്രമാത്രം ആഴത്തിലാണ് മലയാളി സമൂഹം ഈ ആളുകളോട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് ബോധ്യപ്പെടും
ഒരു ചെറിയ ഉദാഹരണം മാത്രം പറയാം; ഇപ്പോ കൊല്ലം ജില്ലയിൽ ഒരു റവന്യൂ ഉദ്യോഗസ്ഥൻ വില്ലേജ് ഓഫീസിലേക്ക് തന്റെ വീടിനടുത്തുള്ള വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറി വന്നു. ഈ ഇദ്ദേഹം ദളിത് ഉദ്യോഗസ്ഥനാണ്, ആ വില്ലേജ് ഓഫീസിലെ ബാക്കിയുള്ളവരെല്ലാം തന്നെ സവർണ്ണ വിഭാഗത്തിൽ പെട്ട ആളുകളാണ്.
ഈ കൊല്ലം ജില്ലയിലുള്ള ഈ ഉദ്യോഗസ്ഥന് ഇരിക്കാൻ ഒരു കസേര പോലും മറ്റു വില്ലേജ് അധികാരികൾ നൽകുന്നില്ല എന്നുള്ളതാണ് സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം സൂചിപ്പിച്ചത്. അദ്ദേഹം കളക്ടർക്ക് പരാതി കൊടുത്തിട്ടുണ്ട്, പക്ഷേ യാതൊരു നടപടിയുമില്ല. ഇത് കേരളത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ നോക്കിയാൽ എത്രയോ ഉദാഹരണങ്ങൾ ഇത് സംബന്ധിയായിട്ട് നമുക്ക് കാണാൻ കഴിയും.
8. ദളിതരുടെ സ്വപ്നങ്ങൾ സമൂഹത്തെ അസഹിഷ്ണമാക്കുന്നു, ജാതി ഉന്മൂലനം അസഹിഷ്ണമാക്കുന്നു എന്ന അംബേദ്കറിന്റെ വാക്കുകൾ ഇപ്പോഴും പ്രസക്തമല്ലേ?
ഉത്തരം: തീർച്ചയായും വളരെ ശരിയാണ് കാരണം ഒരു ദളിതൻ ഏതെങ്കിലും ഉന്നതാധികാര സ്ഥാനത്തെത്തിയാൽ അത് ഈ സമൂഹത്തെ എത്രമാത്രം ആഴത്തിൽ അസ്വസ്ഥമാക്കുന്നുണ്ടെന്ന് അറിയാമല്ലോ.
എന്തുകൊണ്ടാണ് ഡോക്ടർ ബി.ആർ. അംബേദ്കറോട് ഇത്രമാത്രം വലിയ ജാതിവേറി ഇന്ത്യൻ സമൂഹത്തിനുള്ളിൽ നിലനിൽക്കുന്നത്? അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾ, പ്രത്യേകിച്ച് ഇന്ത്യയിലെ ദളിതർ ഇന്ത്യയിലെ ആദിവാസികൾ ഡോക്ടർ ബി.ആർ. അംബേദ്കർ ഒരു മാതൃകയാക്കി വലിയ രീതിയിൽ പ്രയത്‌നിച്ച് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി ഉന്നതാധികാര സ്ഥാനങ്ങളിലേക്ക് കടന്നുവരുന്നു.

ഡോക്ടർ ബി.ആർ. അംബേദ്കർ
അങ്ങനെ അംബേദ്കറെ വലിയൊരു മാതൃകയായിട്ട് കേരളത്തിലെ ഇന്ത്യയിലെ പാർശ്വവത്കൃത ജനവിഭാഗങ്ങൾ അവർ ഒരു പ്രതീക്ഷാ നാളമായി ഒരു മാതൃകയായി കാണുന്നതുകൊണ്ട് തന്നെയാണ് അദ്ദേഹത്തോട് അവർക്ക് ഇത്രയും വലിയ വെറുപ്പുള്ളത്. തീർത്തും ദരിദ്രമായി പരമ്പരാഗതമായ തൊഴിലെടുത്ത് ജീവിച്ചാൽ ആർക്കും പ്രശ്‌നമില്ല.
പക്ഷേ അതേ സമയത്ത് തന്നെ ഉന്നത വിദ്യാഭ്യാസം നേടുന്ന, ഉന്നതാധികാര സ്ഥാനത്തിരിക്കുന്ന ഒരു ദളിതനോട് വലിയ അസഹിഷ്ണുതയുള്ള, വലിയ രീതിയിലുള്ള ജാതിവറിയുള്ള ഒരു സമൂഹമാണ് ഇന്ത്യൻ സമൂഹം.
ഇന്ത്യയുടെ രാഷ്ട്രപതി പുരി ജഗന്നാഥ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവിടെ പുണ്യാഹം നടത്തിയ ഒരു സ്ഥലമാണ് ഇന്ത്യ എന്ന് പറയുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മു
കേരളത്തിൽ അങ്ങനെ സെക്രട്ടറിയറ്റിൽ ഒരു ദളിതൻ സ്ഥലം മാറി പോയപ്പോൾ അദ്ദേഹം ഇരുന്ന കസേരയിലെ ചാണകവെള്ളം തളിച്ചതിനെ പറ്റി ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഐ ശാന്തകുമാർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതുന്നുണ്ട്. ഇപ്പോഴും അത്തരം കാര്യങ്ങൾക്കൊന്നും ഒരു വ്യത്യാസവുമില്ല.
എന്തുകൊണ്ടാണ് കേരളത്തിലെ കേരളത്തിലെ മന്ത്രിസഭയിൽ പട്ടികജാതി വിഭാഗത്തിൽ ഒരു മന്ത്രിയില്ലാത്ത ഒരു ഭരണകൂടമാണ് ഇപ്പോ കടന്നുപോയത് ഈ അഞ്ചു വർഷം കടന്നുപോയത്. എന്തുകൊണ്ടാണ് പട്ടികജാതി വിഭാഗത്തിന് മന്ത്രിയില്ലാത്തത്?
അതേസമയം തന്നെ നായർ വിഭാഗത്തിൽ നിന്ന് നിരവധിയായ മന്ത്രിമാർ, ഏതാണ്ട് എട്ടോ ഒമ്പതോ മന്ത്രിമാര് ഉള്ളതായി നമുക്ക് കാണാൻ കഴിയും. കണ്ടെത്തേണ്ട ആവശ്യമൊന്നില്ല, കാണാൻ കഴിയും. എന്തുകൊണ്ടാണ് പട്ടിക വിഭാഗത്തോടു ഈ അവഗണന?
ഇത് ഒരു പുറന്തളൽ ഹിംസയാണ് എന്ന അതാണ് ഡോക്ടർ ബി.ആർ. അംബേദ്കർ പറഞ്ഞത് ദളിതരുടെ സ്വപ്നങ്ങൾ സമൂഹത്തെ അസകിഷ്ണുവാക്കുന്നു എന്നുള്ളതാണ്
ജാതി ഉന്മൂലനം അവർ പേടിക്കുന്നു കാരണം ജാതി മൂലം ചെയ്യപ്പെട്ട തുല്യത ഉള്ള ഒരു സമൂഹം വരും ആ തുല്യതയുള്ള സമൂഹം ഹൈറാർക്കിക്കൽ ആയിട്ടുള്ള ഒരു സമൂഹം ആയിരിക്കില്ല. അങ്ങനെ ഹെെറാർക്കിക്കൽ ആയിട്ടുള്ള ഒരു സമൂഹം നിലനിൽക്കണം എന്ന് പറയുന്ന സവർണ്ണ ഒളിഗാർക്കിക്കൽ സമുദായങ്ങളുടെ ആഗ്രഹമാണ് യഥാർത്ഥത്തിൽ ദളിതരുടെ വിദ്യാഭ്യാസ അവകാശങ്ങളെ, ദളിതരുടെ ഉന്നതാധികാര സ്ഥാനങ്ങളിലേക്കുള്ള പ്രവേശനങ്ങളെയെല്ലാം തന്നെ അസാധ്യമാക്കുന്ന രീതിയിലുള്ള പ്രവർത്തനമായി കലാശിക്കുന്നത്.
9. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെങ്കിലും ജാതി ഇല്ലാതാക്കാൻ സ്വാതന്ത്ര്യം ലഭിച്ച് കാലമിത്രയായിട്ടും എന്തുകൊണ്ടായിരിക്കും നമുക്ക് സാധിക്കാതെ പോകുന്നത്?
ഉത്തരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി ഇല്ലാതാക്കാനുള്ള ആദ്യത്തെ നടപടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റാഫ് റൂമുകൾ ജനാധിപത്യവത്കരിക്കപ്പെടണം. അവിടെ പുറംതള്ളപ്പെട്ട ജനവിഭാഗങ്ങളിലുള്ള ആളുകളെല്ലാം അധ്യാപകരായിട് ഉണ്ടായിരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാഫ് റൂമുകളെ ജനാധിപത്യവത്കരിക്കാൻ കഴിയാത്ത, ദളിതരെയും ആദിവാസികളെയും പാർശ്വൽവത്കൃതരെയും ഉൾക്കൊള്ളാൻ സാധിക്കാത്ത ഉന്നത, പൊതുവിദ്യാഭ്യാസ മേഖലയക്ക് വിദ്യാഭ്യാസ മേഖലയെ തന്നെ ജനാധിപത്യവത്കരിക്കാൻ കഴിയില്ല.
അപ്പോൾ അതിന്റെ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിമുടി സവർണ ഒളിഗാർക്കിയെ താങ്ങി നിർത്തുന്ന, സവർണ ഒളിഗാർക്കിക്ക് പണം ഉണ്ടാക്കാനും വരുമാനം ഉണ്ടാക്കാനും പൊതുപണം പിടിച്ചുപറ്റാനും കഴിയുന്ന ഒരു സ്ഥലമായിട്ടാണ് കേരളത്തിലെയും ഇന്ത്യയിലെയും ഉന്നത വിദ്യാഭ്യാസ മേഖല, സ്വകാര്യ മേഖല നിലനിൽക്കുന്നത്. അതൊന്നും തന്നെ ജനാധിപത്യവത്കരിച്ചിട്ടേ ഇല്ല.
അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി ഇല്ലാതാക്കാൻ നമുക്ക് ഇതുവരെ കഴിയാതെ പോകുന്നത്. അതിന്റെ ആദ്യപടി എന്ന് പറയുന്നത് ഉന്നത വിദ്യാഭ്യാസ മേഖല, ഏയ്ഡഡ് വിദ്യാഭ്യാസ മേഖല, സ്വകാര്യ വിദ്യാഭ്യാസ മേഖല ഒക്കെ തന്നെ ജനാധിപത്യവത്കരിക്കണം. അതിന്റെ ആദ്യപടി എന്നുള്ള നിലയക്ക് സ്റ്റാഫ് റൂമുകൾ ജനാധിപത്യവത്കരിക്കണം.
അതായത് ജനസംഖ്യാനുപാതികമായ രീതിയിൽ ദളിതരെയും ആദിവാസികളും അധ്യാപകരായിട്ട് സ്റ്റാഫ് റൂമുകളിലുണ്ടാകണം. ഇത് നടപ്പിൽ വരുത്തുന്നതിന് ഇന്ത്യ ഗവൺമെന്റും കേരള ഗവൺമെന്റും പരാജയപ്പെട്ടതിന്റെ ഇരകൂടിയാണ് നിതിൻ രാജ്.
10. നിതിന്റെ മരണത്തോടുകൂടി രോഹിത് വെമുല ആക്ട് വീണ്ടും ചർച്ചകളുടെ ഭാഗമാവുകയാണ്. ഉടൻ തന്നെ ഈ ആക്ട് നടപ്പിലാക്കണമെന്ന് എം.എ ബേബി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2016ൽ അധികാരത്തിലേറിയിട്ടും ഇടതുസർക്കാരിന് ഈ ആക്ട് കൊണ്ടുവരാൻ എന്തായിരുന്ന തടസമെന്ന ചർച്ചകളും നടക്കുന്നുണ്ട്.
യഥാർത്ഥത്തിൽ എന്താണ് രോഹിത് വെമുല ആക്ട്? അത് കൊണ്ടുവരുന്നതിലൂടെ എങ്ങനെയാണ് ക്യാമ്പസുകളിൽ ജാതി വിവേചനം കുറയുക?
ഉത്തരം: രോഹിത് വെമുല ആക്ട് തീർച്ചയായിട്ടും നടപ്പിലാക്കപ്പെടേണ്ട ഒരു ആക്ട് തന്നെയാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് തത്കാലം ഞാൻ കടക്കുന്നില്ല. എന്നാൽ ഇവിടെ ഞാൻ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട വിഷയം, ഈ രോഹിത് വെമുല ആക്ടിലേക്ക് പോകുന്നതിലൂടെ നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിലുള്ള പരാജയത്തിൽ നിന്ന് രക്ഷപ്പെടാനാണോ ശ്രമിക്കുന്നത് എന്ന സംശയമാണ്.
ഉദാഹരണമായി പറയുകയാണെങ്കിൽ, എസ്.സി-എസ്ടി അട്രോസിറ്റി ആക്ട് വളരെ കൃത്യമായി നിലവിലുണ്ട്. എന്നാൽ നിതിൻ രാജിന്റെ വിഷയത്തിലോ, ബിന്ദു എന്ന ദളിത് സ്ത്രീയുടെ വിഷയത്തിലോ, വിനായകന്റെ വിഷയത്തിലോ, അട്ടപ്പാടിയിലെ മധുവിന്റെ കേസിലോ ഇത്തരത്തിലുള്ള സംഭവങ്ങളിൽ ഈ നിയമം കർശനമായി നടപ്പിലാക്കുന്നതിൽ കേരള സർക്കാർ എന്തുകൊണ്ടാണ് പരാജയപ്പെടുന്നത് എന്നത് ചോദ്യം ചെയ്യേണ്ടതുണ്ട്.
രോഹിത് വെമുല ആക്ട് നിർബന്ധമായും നടപ്പിലാക്കേണ്ട ഒരു പ്രധാന നിയമമാണ്. എങ്കിലും, ഇതിനകം തന്നെ ശക്തമായ നിയമങ്ങൾ നിലവിലുണ്ടെന്ന കാര്യവും മറക്കാൻ കഴിയില്ല.

രോഹിത് വെമുല
അതേസമയം, നിലവിലുള്ള ഈ ശക്തമായ നിയമങ്ങൾ തന്നെ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടവർ, ആ പരാജയത്തിൽ നിന്ന് രക്ഷപ്പെടാനായി മറ്റു വിഷയങ്ങൾ ഉയർത്തുന്നുണ്ടോ എന്നതാണ് ഈ സന്ദർഭത്തിൽ ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത്.
രോഹിത് വെമുല ആക്ട് നടപ്പിലാക്കിയാൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു കാര്യം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിപരമായ വിവേചനങ്ങളെയും ജാതി ഹിംസകളെയും കൂടുതൽ ഫലപ്രദമായി നേരിടാൻ കഴിയുമെന്നതാണ്. അതാണ് ഈ ആക്ടിന്റെ പ്രധാന ഹൈലൈറ്റ്.
ഇതിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അരികുവത്കരിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുന്ന ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഒരു ശക്തമായ രക്ഷാകവചം ലഭിക്കും.
അധ്യാപകരിൽ നിന്നുള്ള പീഡനങ്ങൾ, സവർണ ആധിപത്യത്തിന്റെ സമ്മർദങ്ങൾ, ഐത്തവും തൊട്ടുകൂടായ്മയും പോലുള്ള പഴയ പ്രക്രിയകൾ പുതിയ രൂപത്തിലും ഭാവത്തിലും ഇന്നും നിലനിൽക്കുന്ന സാഹചര്യത്തിൽ, അവയെ നേരിടാൻ രോഹിത് വെമുല ആക്ടിന് കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.
11. കഴിഞ്ഞ ദിവസം നിധിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഈ ചടങ്ങിൽ പങ്കെടുക്കാൻ കോളേജിൽ നിന്നും അധ്യാപകരോ വിദ്യാർത്ഥികളോ എത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ പേരിൽ മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇന്റേണൽ മാർക്ക് ഒരു ആയുധമാക്കുന്ന രീതി ഇപ്പോഴും പല കോളേജുകളും പിന്തുടരുന്നുണ്ട്.
ക്യാമ്പസുകൾ അരാഷ്ട്രീയവത്കരിക്കപ്പെടുന്നത് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുണ്ടോ? കേവലം സ്വാശ്രയ കോളേജുകളിൽ മാത്രമല്ല, എൻ.ഐ.ടി പോലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകളിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നു. ക്യാമ്പസുകൾ രാഷ്ട്രീയവത്കരിക്കപ്പെടുന്നതിലൂടെ ഇതിൽ മാറ്റങ്ങളുണ്ടാകുമോ?
ഉത്തരം: ക്യാമ്പസുകൾ രാഷ്ട്രീയവത്കരിക്കപ്പെടുക എന്നതുകൊണ്ട് ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥി രാഷ്ട്രീയത്തെ സംബന്ധിച്ചല്ല നമ്മൾ കാണേണ്ടത്. അത് തീർച്ചയായിട്ടും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥി സംഘങ്ങൾക്ക് ക്യാമ്പസുകൾക്കുള്ളിൽ പ്രവേശിക്കാനും ക്യാമ്പസുകൾക്കുള്ളിൽ പ്രവർത്തിക്കാനും സ്വാതന്ത്ര്യം ഉണ്ടാകണം എന്ന കാര്യത്തിൽ തർക്കമില്ല. തീർച്ചയായും രാഷ്ട്രീയ ബോധമുള്ള വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ ഇടപെടലുകൾ, സംവാദാത്മകമായ പ്രവർത്തനങ്ങൾ കൊണ്ട് കലാലയം മുഖരിതമായിരിക്കണം.
തീർച്ചയായിട്ടും പക്ഷേ അതിരിക്കെ തന്നെ ഇപ്പോൾ എസ്.എഫ്.ഐ വളരെ ശക്തമായി പ്രവർത്തിച്ച സ്ഥലത്ത് തന്നെയാണ് സിദ്ധാർത്ഥ് മരിച്ചത് എന്നുള്ളത് നമ്മൾ കാണാതിരുന്നുകൂടാ. എസ്.എഫ്.ഐ പ്രവർത്തിച്ച കലാലയങ്ങളിൽ ഇടിമുറിയുണ്ട് എന്നുള്ളതും തിരുവനന്തപുരത്തെ കലാലയങ്ങളിൽ നടന്ന സംഭവവികാസങ്ങളിലൂടെ കേരളത്തിന് അറിയാം.
അപ്പോൾ എന്താണ് ജനാധിപത്യം എന്നുള്ളതാണ് ഈ സന്ദർഭത്തിൽ നമുക്ക് ചർച്ച ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട വിഷയം. എങ്ങനെയാണ് ക്യാമ്പസുകളെ ജനാധിപത്യവത്കരിക്കേണ്ടത്?
കേരളത്തിൽ ഇടത്-വലത് വിദ്യാർത്ഥി സംഘങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്നുണ്ട്, പക്ഷേ ദളിത് ആദിവാസികളുടെ ഒരു കൂട്ടായ്മക്ക് കേരളത്തിൽ പ്രവർത്തിക്കാൻ കഴിയുമോ?
ഡോക്ടർ എം.വി. മനോജിന്റെ നേതൃത്വത്തിൽ, അദ്ദേഹം വിദ്യാർത്ഥി ആയിരിക്കുമ്പോൾ എം.ജി. യൂണിവേഴ്‌സിറ്റിയിൽ ദളിതരുടെയും ആദിവാസികളുടെയും നേതൃത്വത്തിലുള്ള ഒരു വിദ്യാർത്ഥി കൂട്ടായ്മ പ്രവർത്തിച്ചിരുന്നു. അതിനെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോഴും എം.ജി. യൂണിവേഴ്‌സിറ്റിയിൽ മുമ്പ് അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രവർത്തിച്ചിരുന്നു, പക്ഷേ അതിനെതിരെ വലിയ ആക്രമണങ്ങൾ ഉണ്ടായതുകൊണ്ട് അതിന്റെ തുടർ പ്രവർത്തനങ്ങൾ തന്നെ വലിയ പ്രതിസന്ധികളും സംഘർഷങ്ങളും ഒക്കെ അനുഭവിക്കേണ്ടിവരുന്നു.
അപ്പോൾ കേരളം പൊതുവേ വലിയ രീതിയിലുള്ള ഒരു ജനാധിപത്യ സമൂഹമാണ് എന്ന് പറയുമ്പോൾ പോലും കേരളത്തിലെ വിദ്യാലയങ്ങളിൽ ദളിത് ആദിവാസികളുടെ ഒരു വിദ്യാർത്ഥി കൂട്ടായ്മക്ക് യാതൊരു ഇടവുമില്ല. അതൊക്കെ തന്നെ കേവലം വർഗം എന്ന് പറയുന്ന സങ്കല്പം കൊണ്ട് ഈ ജാതിഹിംസകളെ അടച്ചുകളയുകയും വർഗ പ്രശ്‌നത്തിലേക്ക് മാത്രം ചൂണ്ടുകയും ചെയ്യുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിതരും ആദിവാസികളും ഒക്കെ അനുഭവിക്കുന്ന പീഡനങ്ങളെ മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ്.
കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾക്ക് ഈ ജാതി പ്രശ്‌നങ്ങളെ കൂടി അഭിസംബോധന ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അത് ജനാധിപത്യത്തിന്റെ തുറവിക്ക് ഒരുതരത്തിലും ഉപകാരപ്പെടില്ല.
രണ്ട്, ഇവിടെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സൂചിപ്പിച്ച ഒരു വിഷയമുണ്ട്, ഈ സ്വകാര്യ ഡെന്റൽ കോളേജിൽ നിന്ന് ആരും തന്നെ അവിടെ വന്നില്ല എന്നുള്ളതാണ്. അപ്പോൾ രണ്ട് സംഭവങ്ങളാണ്, അവർ കുറ്റവാളികൾ ആയതുകൊണ്ടാണ് ഈ നിതിൻ രാജിന്റെ വീട്ടിലേക്ക് വരാതിരുന്നത് എന്നതാണ് ഒന്നാമത്തേത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
പ്രിൻസിപ്പൽ തന്നെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഡോക്ടർ റാമിനെ സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നുള്ളതാണ്. പക്ഷേ പ്രിൻസിപ്പലിന്റെ റൂമിൽ നിന്ന് കരഞ്ഞുകൊണ്ടാണ് നിതിൻരാജ് ഇറങ്ങി പോയതെന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കുന്നു എന്ന് പൊലീസ് പറയുന്നു. ബാക്കി വിശദാംശം നമുക്ക് ലഭ്യമായിട്ടില്ല, നിലവിൽ ലഭ്യമായതനുസരിച്ച് ആ റൂമിൽ ഡോക്ടർ എം.കെ. റാമും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
അങ്ങനെ വരുമ്പോൾ ഡോക്ടർ എം.കെ. റാമും പ്രിൻസിപ്പൽ ഡോക്ടർ വിനോദ് മോനിയും കൂടി ചേർന്നിട്ടാണ് നിതിൻ രാജിനെ കൊലയിലേക്ക് നയിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് ഡെന്റൽ കോളേജ് പ്രിൻസിപ്പളെ സഹപ്രതിയായിട്ട് ചേർത്ത് അന്വേഷിക്കേണ്ട ഒരു വിഷയം കൂടി നമുക്ക് ഇവിടെയുണ്ട്.
ഇവർ ഈ പ്രസ്റ്റീജ് എഡ്യുക്കേഷണൽ ട്രസ്റ്റ്, ഡോക്ടർ എം.കെ. റാമിനെയും അതുപോലെതന്നെ കുട്ടികളെ നിരന്തരം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ബോഡി ഷെയ്മിങ് നടത്തുകയും പച്ചത്തെറി കൊണ്ട് അഭിഷേകം നടത്തുകയും ചെയ്യുന്ന അധ്യാപകരെ സംരക്ഷിക്കുന്ന ഒരു നിലപാടാണ് കോളേജ് മാനേജ്മെന്റ് സ്വീകരിക്കുന്നത്.
അക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിരീക്ഷണം വളരെ ശരിയാണ്; ഇന്റേണൽ മാർക്ക് ഒരു ആയുധമാക്കുന്ന രീതി ഇപ്പോഴും പല കോളേജുകളിലും നിലനിൽക്കുന്നുണ്ട്. ഡെന്റൽ കോളേജ് തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം.
ഇന്റേണൽ മാർക്ക് എന്ന് പറയുന്ന ആയുധം ഉപയോഗിച്ചുകൊണ്ട് കുട്ടികളെ ആനയെ ചട്ടം പഠിപ്പിക്കുന്നപോലെ ചട്ടം പഠിപ്പിച്ച് അവരുടെ അധ്യാപകർ അടിമയാക്കി നിലനിർത്തുന്ന ഒരു സംവിധാനമായി ഇത് മാറിയിട്ടുണ്ട്. അപ്പോൾ അതുകൊണ്ട് ആ കാര്യത്തിലൊക്കെ ഒരു പുനഃപരിശോധന ആവശ്യമായിട്ടുണ്ട് എന്ന് കൂടി ഈ സന്ദർഭത്തിൽ നമുക്ക് ബോധ്യപ്പെടേണ്ടതായിട്ടുണ്ട്.
Kerala education sector becoming a caste colony, Nithin Raj is a victim. Interview with T.S Shyam Kumar




