സെമിയില്‍ എതിരാളികളായി ആരെ വേണം; ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ മറുപടിയിങ്ങനെ
ISL
സെമിയില്‍ എതിരാളികളായി ആരെ വേണം; ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ മറുപടിയിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th March 2022, 12:29 pm

നീണ്ട നാല് സീസണുകളുടെ കടം കൊടുത്തു തീര്‍ത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. കഴിഞ്ഞ ജീവസം നടന്ന ഹൈദരാബാദ്-മുംബൈ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ എഫ്.സി പരാജയപ്പെട്ടതോടെയാണ് കൊമ്പന്‍മാര്‍ സെമിയിലെത്തിയത്.

ഗോവ-കേരള മത്സരത്തിന് മുമ്പ് തന്നെ സെമി ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് അതിന്റെ ഒരു തരത്തിലുമുള്ള അലംഭാവവും കാണിക്കാതെയാണ് കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റിലൂടനീളമുണ്ടായിരുന്ന ആവേശം ഒറ്റ മത്സരത്തിലേക്ക് സംയോജിപ്പിച്ചാണ് മഞ്ഞപ്പട കളം വാണത്.

കൊണ്ടും കൊടുത്തും മുന്നേറിയ മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും വീരോചിതമായാണ് ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫില്‍ കടന്നിരിക്കുന്നത്.

സെമി ഫൈനലില്‍ ആരാവും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ എന്ന് ജംഷഡ്പൂര്‍ എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും തമ്മിലുള്ള മത്സരത്തിവന്റെ വിധിയാണ് നിശ്ചയിക്കുന്നത്.

എന്നാലിപ്പോഴിതാ സെമിയില്‍ തങ്ങള്‍ക്ക് ഏത് ടീമിനെയാണ് നേരിടേണ്ടത് എന്ന കാര്യം വ്യക്തമാക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനൊവിച്ച്.

സെമിയില്‍ ആരാണെങ്കിലും കുഴപ്പമില്ല എന്നാണ് വുകോമനൊവിച്ച് പറയുന്നത്. കിരീടം നേടണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലെയും എതിരാളികളെ തങ്ങള്‍ക്ക് പരാജയപ്പെടുത്തണമെന്നും, അതിനാല്‍ത്തന്നെ സെമിയില്‍ ആരായാലും തങ്ങള്‍ക്ക് കുഴപ്പമില്ല എന്ന മറുപടിയാണ് ഇവാന്‍ നല്‍കുന്നത്.

ആരെ എതിരാളിയായി ലഭിച്ചാലും അവര്‍ക്കെതിരെ മികച്ച രീതിയില്‍ തന്നെ തയ്യാറെടുക്കുമെന്നും, ഇനിയുള്ള മത്സരങ്ങളില്‍ ടീമിന്റെ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും വുകോമനൊവിച്ച് കൂട്ടിച്ചേര്‍ത്തു.

 

മൂന്നാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാന നാലില്‍ പ്രവേശിക്കുന്നത്. ഇതിന് മുമ്പ് ഐ.എസ്.എല്ലിന്റെ ഉദ്ഘാടന സീസണില്‍ (2014) ഡേവിഡ് ജെയിംസിന്റെയും 2016ല്‍ കോപ്പലാശാന്റെയും ചിറകിലേറി കൊമ്പന്‍മാര്‍ പ്ലേ ഓഫിലെത്തിയിരുന്നു.

ഈ രണ്ട് സീസണുകളിലും ഫൈനലില്‍ പ്രവേശിച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും 2016ല്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെന്ന് പേര് മാറ്റിയെത്തിയ എ.ടി.കെയോടും പരാജയപ്പെടുകയായിരുന്നു.

ഭൂതകാലം ആവര്‍ത്തിച്ചാല്‍ പേരും ഉടമസ്ഥരും മാറ്റിയെത്തിയ കൊല്‍ക്കത്തയുടെ തന്നെ എ.ടി.കെ മോഹന്‍ ബഗാനെയാവും കലാശപ്പോരാട്ടത്തില്‍ കേരളത്തിന് നേരിടേണ്ടി വരിക. എന്നാല്‍ തോല്‍വിയുടെ ചരിത്രം തിരുത്തിക്കുറിച്ച് വിജയ തിലകമണിയാനാണ് വുകോമനൊവിച്ചും പിള്ളേരും കളത്തിലിറങ്ങുന്നത്.

Content Highlight: Kerala Blasters Coach Ivan Vukomanovich about the opponents in the playoffs of ISL