പിന്തുണച്ചവരുടെ കൂട്ടത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാറുകളില്ല; അവതാരക എടുത്തു ചോദിച്ചിട്ടും ഒഴിഞ്ഞുമാറി ഭാവന
Film News
പിന്തുണച്ചവരുടെ കൂട്ടത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാറുകളില്ല; അവതാരക എടുത്തു ചോദിച്ചിട്ടും ഒഴിഞ്ഞുമാറി ഭാവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th March 2022, 11:57 am

കഴിഞ്ഞ ദിവസമായിരുന്നു നീണ്ട അഞ്ച് വര്‍ഷത്തെ മൗനം ഭഞ്ജിച്ച് നടി ഭാവന രംഗത്തു വന്നത്. ബര്‍ഖ ദത്തുമായി നടത്തിയ അഭിമുഖത്തിലായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ തന്റെ ജീവിതത്തെ കുറിച്ചും തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും താരം തുറന്നു പറഞ്ഞത്.

ആക്രമിക്കപ്പെട്ടതിന് ശേഷം ഭാവന മലയാള സിനിമയിലേക്കെത്തിയിരുന്നില്ല. ഒന്നും സംഭവിക്കാത്തതുപോലെ ഇന്‍ഡസ്ട്രിയിലെത്തി വര്‍ക്ക് ചെയ്യാന്‍ തനിക്ക് ഭയമായിരുന്നെന്നാണ് താരം പറഞ്ഞത്. എന്നാല്‍ നിരവധി താരങ്ങള്‍ തന്നെ സപ്പോര്‍ട്ട് ചെയ്‌തെന്നും ഭാവന പറഞ്ഞിരുന്നു.

നിരവധി പേര്‍ തന്നെ മലയാള സിനിമയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ടായിരുന്നുവെന്നും തിരികെ വരാന്‍ നിര്‍ബന്ധിച്ചിരുന്നവെന്നും ഭാവന പറഞ്ഞു.

‘ആക്രമിക്കപ്പെട്ട സംഭവുമുണ്ടായതിന് മുമ്പ് തന്നെ മലയാളത്തില്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് ഒരുപാട് പേര്‍ വിളിച്ചിരുന്നു.

ഒരുപാട് പേര്‍ തിരിച്ചുവരാന്‍ എന്നെ നിര്‍ബന്ധിച്ചു. പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങി നിരവധി പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞിരുന്നു.

പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വന്ന് ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു.

എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്,’ ഭാവന അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍, തന്നെ പിന്തുണച്ച താരങ്ങളുടെ കൂട്ടത്തില്‍ മലയാളികളുടെ മെഗാസ്റ്റാറുകളായ ‘ബിഗ് എം’സിന്റെ പേര് താരം പറഞ്ഞിരുന്നില്ല.

മമ്മൂട്ടിയും മോഹന്‍ലാലും ഭാവനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചതിനെ കുറിച്ച് അവതാരക ബര്‍ഖ ദത്ത് എടുത്ത് ചോദിച്ചിരുന്നുവെങ്കിലും അതിനെ കുറിച്ച് സംസാരിക്കാന്‍ ഭാവന തയ്യാറായില്ല.

അതേസമയം, ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് സംവിധായകന്‍ ആഷിഖ് അബു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിനിമയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും ആഷിഖ് പറഞ്ഞു.

‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നുവരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു, അത് അവര്‍ക്കിഷ്ടപ്പെട്ടിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

പലരും ഭാവനയോട് മലയാള സിനിമയിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ മാനസിക സമ്മര്‍ദമാണ് താരത്തെ പിന്നോട്ട് വലിച്ചതെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

Content Highlight: Bhavana did not respond to a question about the support of Mohanlal and Mammootty