താങ്ക് യു മോദി ജി; മോഹന്‍ലാലിന്റെ ഫാല്‍ക്കെയുടെ ക്രെഡിറ്റ് മോദിക്കാക്കി കേരള ബി.ജെ.പി
Kerala
താങ്ക് യു മോദി ജി; മോഹന്‍ലാലിന്റെ ഫാല്‍ക്കെയുടെ ക്രെഡിറ്റ് മോദിക്കാക്കി കേരള ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 1:16 pm

തിരുവനന്തപുരം: ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബി.ജെപി. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹന്‍ലാലിന് സമ്മാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്ന് പറഞ്ഞാണ് കേരള ബി.ജെ.പി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

‘നന്ദി മോദി.. മലയാളത്തിന്റെ നടനവിസ്മയത്തിന് കേരളം കാത്തിരുന്ന അംഗീകാരം
എന്ന് എഴുതിയ പോസ്റ്ററാണ് ബി.ജെ.പി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പോസ്റ്ററില്‍ മോദിയുടെയും മോഹന്‍ലാലിന്റെയും ഫോട്ടോയുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇത്രയും വലിയൊരു പുരസ്‌കാരം നല്‍കിയത് മലയാള സിനിമയ്ക്കും ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും ലഭിച്ച ആദരവാണെന്നും ബി.ജെ.പി പോസ്റ്റില്‍ പറഞ്ഞു.

അതേസമയം മോഹന്‍ലാലിന് അവാര്‍ഡ് കൊടുത്തത് മോദിയല്ലെന്നും അദ്ദേഹത്തിന് നന്ദി പറയേണ്ടതില്ലെന്നുമുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ വരുന്നുണ്ട്. മോഹന്‍ലാലിനെ സംഘിയാക്കാന്‍ കഷ്ടപ്പെടേണ്ടതില്ലെന്നും ഇത് മലയാളികളുടെ ലാലേട്ടനാണെന്നും കമന്റുകളുണ്ട്.

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2023ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം മോഹന്‍ലാലിന് ലഭിച്ചത്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം ആണിത്. ഇന്ന് നടക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം മോഹന്‍ലാലിന്

സമ്മാനിക്കും.

ബി.ജെ.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹന്‍ലാലിന് സമ്മാനിച്ചതിന്.

പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ അതുല്യമായ സംഭാവനകള്‍ക്കുള്ള ഏറ്റവും അര്‍ഹമായ അംഗീകാരമാണിത്.

ഞങ്ങളുടെ പ്രിയ്യപ്പെട്ട ലാലേട്ടന്റെ അഭിനയമികവിനെ രാജ്യം ഇത്രയും വലിയൊരു പുരസ്‌കാരം നല്‍കി ആദരിച്ചത് മലയാള സിനിമയ്ക്കും ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും ലഭിച്ച ആദരവായി ഞങ്ങള്‍ കാണുന്നു.

Content highlight:  Kerala BJP thanks Narendra Modi for Mohanlal receiving Phalke Award