ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദനത്തിനിടെ ശിവഗിരിയില്‍ ഒരേ വേദിയിലെത്തി കേരള - കര്‍ണാടക മുഖ്യമന്ത്രിമാര്‍
Kerala News
ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദനത്തിനിടെ ശിവഗിരിയില്‍ ഒരേ വേദിയിലെത്തി കേരള - കര്‍ണാടക മുഖ്യമന്ത്രിമാര്‍
ആദര്‍ശ് എം.കെ.
Wednesday, 31st December 2025, 12:31 pm

തിരുവനന്തപുരം: ബെംഗളൂരുവിലെ കുടിയൊഴിപ്പിക്കല്‍ വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് കേരള – കര്‍ണാടക മുഖ്യമന്ത്രിമാര്‍. വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒന്നിച്ചൊരു വേദിയിലെത്തിയത്.

ബുള്‍ഡോസര്‍ രാജ് വിവാദത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ഒരേ വേദിയില്‍ ഇരുവരുമെത്തിയത്. ഇന്ന് (ബുധന്‍) രാവിലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗം ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റിവെച്ചാണ് പിണറായി വിജയന്‍ ചടങ്ങിലെത്തിയത്.

സിദ്ധരാമയ്യയായിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ അസൗകര്യം മൂലം അധ്യക്ഷ പ്രസംഗം മാറ്റി ആദ്യം ഉദ്ഘാടനം നടത്തുകയായിരുന്നു.

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന് ശിവഗിരി തീര്‍ത്ഥാടനം എന്നും വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തിന് ശേഷം ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍, സിദ്ധരാമയ്യ സംസാരിക്കുമ്പോള്‍ വേദിയില്‍ തുടരാന്‍ സാധിക്കാത്തതില്‍ പിണറായി വിജയന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഹസ്തദാനം നല്‍കിയാണ് ഇരുവരും പിരിഞ്ഞത്.

ശ്രീമദ് സാന്ദ്രാനന്ദ സ്വാമികള്‍ രചിച്ച പുസ്തകം സിദ്ധരാമയ്യക്ക് നല്‍കി അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തിരുന്നു.

ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന അസംബന്ധ പ്രവണതകള്‍ക്കെതിരെയായിരുന്നു ഗുരുവിന്റെ വാക്കുകളും പ്രവര്‍ത്തികളുമെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദൈവദശകം, ദര്‍ശനമാല, ആത്മോപദേശ ശതകം തുടങ്ങിയ ഗുരുവിന്റെ കൃതികള്‍ ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങളില്‍ നിന്നാണ് പിറവിയെടുത്തത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തകര്‍ക്കുക എന്നതായിരുന്നു ഗുരുവിന്റെ സന്ദേശം.

ജാതിയുടെ കന്മതിലുകള്‍ തകര്‍ക്കാതെ സ്വാതന്ത്ര്യം നേടാനാവില്ലെന്ന് ഗുരുവിന് അറിയാമായിരുന്നു. ബ്രാഹ്‌മണ്യത്തെയും നാടുവാഴിത്തത്തെയും വെല്ലുവിളിച്ചുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവരുടെ വിപ്ലവത്തിനാണ് ഗുരു തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കപെടുകയാണെന്നും ഇത് സാംസ്‌കാരിക ഫാസിസമാണെന്ന് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കേരള മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തേയും സംസ്‌കാരത്തേയും ദേശീയ തലത്തില്‍ അട്ടിമറിക്കുകയാണെന്ന വിമര്‍ശനവും ഉന്നയിച്ചു.

ഐതിഹ്യങ്ങളേയും കല്‍പ്പിത ഭാവനകളേയും ചരിത്ര സത്യങ്ങളായി അവതരിപ്പിക്കുകയാണ്. ഗുരുവിന്റെ പാതയിലൂടെയാണ് കേരളാ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഇതിന് ഉദാഹരണമാണ്.

അധികാരം കൈയ്യിലുള്ളവര്‍ അസംബന്ധം പഠിപ്പിച്ച് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ട് പോകുകയാണ്. ഗുരു ചെറുക്കാന്‍ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് ഗുരു നിന്ദയാണ്. ഗുരുദേവദര്‍ശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Content Highlight: Kerala and Karnataka Chief Ministers share the stage in Sivagiri

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.