കീമിലെ ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍
KEAM
കീമിലെ ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th July 2025, 7:20 pm

കൊച്ചി: കീം (കേരള എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍) ഫലം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. പ്രസ്തുത അപ്പീല്‍ നാളെ (വ്യാഴം) ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

എഞ്ചിനീയറിങ് ഉള്‍പ്പെടെ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കീംപരീക്ഷ ഫലമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സി.ബി.എസ്.ഇ-കേരള സിലബസ് മാര്‍ക്ക് ഏകീകരണത്തിനുള്ള ഫോര്‍മുല റദ്ദാക്കിക്കൊണ്ടായിരുന്നു നടപടി. ജസ്റ്റിസ് ഡി.കെ. സിങ്ങാണ് ഉള്‍പ്പെട്ട ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.

കോളേജ് പ്രവേശത്തിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് സിംഗിള്‍ ബെഞ്ച് കീം പരീക്ഷയുടെ ഫലം റദ്ദാക്കിയത്. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം, വെയിറ്റേജ് മാനദണ്ഡങ്ങള്‍ മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ നീക്കം.

ജൂലൈ ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന ഫലങ്ങള്‍ പ്രഖ്യാപിച്ചത്. കേരള സിലിബസ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി മാര്‍ക്ക് ഏകീകരണം നടപ്പാക്കിയ ശേഷമാണ് സര്‍ക്കാര്‍ ഫലം പ്രഖ്യാപിച്ചത്. പരീക്ഷയ്ക്ക് ശേഷമാണ് ഈ മാറ്റമുണ്ടായതെന്നാണ് വിദ്യാര്‍ത്ഥികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ഫലം പുറത്തുവന്നത്. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

‘എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന ഒരു ഫോര്‍മുലയാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചത്. കഴിഞ്ഞ വര്‍ഷം 35 മാര്‍ക്കിന്റെ വ്യത്യാസം വരാവുന്ന നിലയിലായിരുന്നു സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രോസസ് ഉണ്ടായിരുന്നത്. കേരള ബോര്‍ഡില്‍ പഠിക്കുന്ന കുട്ടി ഫുള്‍ മാര്‍ക്ക് നേടിയാലും 35 മാര്‍ക്ക് കുറവ് ലഭിക്കുന്ന സ്ഥിതിയായിരുന്നു. അതിനാലാണ് എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന ഫോര്‍മുലയിലേക്ക് സര്‍ക്കാര്‍ കടന്നത്. ക്യാബിനറ്റിന്റെ അംഗീകാരത്തോടെയാണ് ഫോര്‍മുല നടപ്പിലാക്കിയത്,’ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ പിന്നാലെ മന്ത്രി ആര്‍. ബിന്ദു നല്‍കിയ പ്രതികരണം.

അതേസമയം 2011 മുതല്‍ 12ാം ക്ലാസിലെ മാര്‍ക്ക്, എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോര്‍, വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലെ മാര്‍ക്കുകള്‍ കണക്കാക്കി 1:1:1 എന്ന അനുപാതത്തിലാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയിരുന്നത്.

Content Highlight: State government appeals against High Court verdict in Keam