കൊച്ചി: കീം പരീക്ഷ ഫലം റദ്ദാക്കിയ നടപടി ശരിവെച്ച് ഹൈക്കോടതി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്തതില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ അപാകതയില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരണം ധൃതി പിടിച്ചുള്ളതാണെന്നും കോടതി പറഞ്ഞു. പ്രോസ്‌പെക്ടസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തിരക്കുപിടിച്ചാണ് നടത്തിയതെന്നും കോടതി വിമര്‍ശിച്ചു.
ഇന്നലെ (ബുധന്‍)യാണ് ഹൈക്കോടതി പരീക്ഷ ഫലം റദ്ദാക്കിയത്. പിന്നാലെ അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു.
എഞ്ചിനീയറിങ് ഉള്‍പ്പെടെ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കീം പരീക്ഷ ഫലമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. കോളേജ് പ്രവേശത്തിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ.
ജൂലൈ ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന ഫലങ്ങള്‍ പ്രഖ്യാപിച്ചത്. കേരള സിലിബസ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി മാര്‍ക്ക് ഏകീകരണം നടപ്പാക്കിയ ശേഷമാണ് സര്‍ക്കാര്‍ ഫലം പ്രഖ്യാപിച്ചത്. പരീക്ഷയ്ക്ക് ശേഷമാണ് ഈ മാറ്റമുണ്ടായതെന്നാണ് വിദ്യാര്‍ത്ഥികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
2011 മുതല്‍ 12ാം ക്ലാസിലെ മാര്‍ക്ക്, എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോര്‍, വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലെ മാര്‍ക്കുകള്‍ കണക്കാക്കി 1:1:1 എന്ന അനുപാതത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നത്.
Content Highlight: Government suffers setback in KEAM; High Court upholds cancellation of results