ആലപ്പുഴ: വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗീതം പാടിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അതിന്റെ സംവിധാനത്തെയൊട്ടാകെ അങ്ങേയറ്റം സംഘിവത്കരിച്ചുവെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
എറണാകുളത്ത് നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ കണ്ട കാഴ്ച അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കോണ്‍ഗ്രസ് എം.പിയുടെ പ്രതികരണം.
റെയില്‍വേ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.
സ്‌കൂള്‍ കുട്ടികളെക്കൊണ്ട് ആര്‍.എസ്.എസ് ഗീതം പാടിപ്പിച്ച്, അത് ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആര്‍.എസ്.എസിന്റെ നുകത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമമാണ് ഇവിടെ അരങ്ങേറുന്നത്. അതിനായി പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.
കുട്ടികളുടെ തലച്ചോറിലും മനസിലും വര്‍ഗീയവിഷം കുത്തിവെക്കുന്ന ആര്‍.എസ്.എസിന്റെ ദംഷ്ട്രകള്‍ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു. കപട ദേശീയതയുടെ വക്താക്കളായ ആര്‍.എസ്.എസും അവരുടെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയും നമ്മുടെ ദേശീയ സങ്കല്‍പ്പങ്ങളെക്കൂടിയാണ് അപമാനിക്കുന്നതെന്നും എം.പി പറഞ്ഞു.
ദേശീയഗാനം മുഴങ്ങിക്കേള്‍ക്കേണ്ട വേദികളില്‍ ആര്‍.എസ്.എസ് ഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയര്‍ന്നുവരണമെന്നും കെ.സി. വേണുഗോപാല്‍ ആഹ്വാനം ചെയ്തു.
രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടേണ്ടതുമുണ്ട്. കുട്ടികളെ വര്‍ഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ഏത് വിധേനയും ചെറുത്തുതോല്‍പ്പിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
Content Highlight: KC Venugopal reacts to the incident of students being made to sing the RSS anthem in Vande Bharat