കശ്മീരും ഇന്‍ര്‍നെറ്റ് നിരോധനവും; സുപ്രീംകോടതി വിധിയുടെ രാഷ്ട്രീയ മാനങ്ങള്‍
Opinion
കശ്മീരും ഇന്‍ര്‍നെറ്റ് നിരോധനവും; സുപ്രീംകോടതി വിധിയുടെ രാഷ്ട്രീയ മാനങ്ങള്‍
പി.ബി ജിജീഷ്
Sunday, 12th January 2020, 12:57 pm

കശ്മീരില്‍ അഞ്ച് മാസമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് വിച്ഛേദനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഒരേ സമയം നിരാശജനകവും പ്രതീക്ഷ നല്‍കുന്നതുമാണ്. കശ്മീരിലെ ഇന്റര്‍നെറ്റ് വിച്ഛേദനവും സംസ്ഥാന വ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുള്ള 144-ഉം റദ്ദു ചെയ്യണം എന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിക്ക് മുന്‍പാകെ ആവശ്യപ്പെട്ടത്.

സ്വാഭാവികമായും കോടതി ചെയ്യേണ്ടിയിരുന്നത് ഈ നിരോധന ഉത്തരവുകള്‍ പരിശോധിച്ച് അതിന്റെ നിയമസാധുത വിലയിരുത്തുക എന്നതായിരുന്നു. എന്നാല്‍ അതിലേക്കു കടക്കുന്നതിനു പകരം ടെലിക്കോം വിച്ഛേദന ചട്ടങ്ങള്‍ അനുസരിച്ചുള്ള പരിശോധനാ സമിതി ഈ ഉത്തരവുകള്‍ ഒരാഴ്ചക്കുള്ളില്‍ പുനഃപരിശോധിക്കണം എന്ന് പ്രസ്താവിക്കുകയാണ് കോടതി ചെയ്തത്.

അതായത് ഇപ്പോള്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും. ഇന്റര്‍നെറ്റ് ഉടന്‍ പുനഃസ്ഥാപിക്കില്ല. ക്രിമിനല്‍ നിയമം 144 വകുപ്പ് അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

ഇതേ ഗവണ്മെന്റിന് കീഴിലുള്ള റിവ്യൂ കമ്മിറ്റി മറിച്ചൊരു തീരുമാനം എടുക്കുമെന്ന് കരുതുക വയ്യ. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുകയും, എന്നാല്‍ ഉടന്‍ വേണ്ട ഭരണഘടനാപരമായ പരിശോധന നടത്താതെയിരിക്കുകയും ചെയ്യുന്ന കോടതി നടപടി ഒരുതരം കൈകഴുകല്‍ ആയി വ്യാഖ്യാനിക്കപ്പെടാം. എന്നിരുന്നാലും അവകാശപോരാട്ടങ്ങളുടെ ഭാവി ഭൂമികയിലേക്ക് ഒരു നാഴികക്കല്ല് ആണെന്ന് പറയാതെവയ്യ.

‘ദേശസുരക്ഷ’ എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല

ദേശസുരക്ഷയുടെ പേരില്‍, ഭീകരവാദത്തിന്റെ പേരില്‍, കശ്മീരില്‍ സ്വീകരിക്കുന്ന നടപടികളില്‍ കോടതി ഇടപെടരുത് എന്നായിരുന്നു ഗവണ്മെന്റിന്റെ ആവശ്യം. അതായത് അനുച്ഛേദം 370 ഇല്ലായ്മചെയ്തതോടെ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളും അധികാരങ്ങളും കശ്മീരികള്‍ക്കും നല്‍കുകയാണ് ചെയ്തത് എന്നു നമ്മോടു പറഞ്ഞ ഗവണ്മെന്റ് കോടതിയില്‍ വാദിച്ചത് കശ്മീരില്‍ തങ്ങള്‍ ഭരണഘടനയ്ക്ക് മുകളില്‍ ആണ് എന്നായിരുന്നു.

ദേശസുരക്ഷ എന്ന ഒറ്റവാക്കില്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ മറികടക്കാന്‍ ഗവണ്മെന്റിന് അധികാരമുണ്ട് എന്ന്. ഈ പേരില്‍ ഇന്റര്‍നെറ്റ് വിലക്കും 144-ഉം സംബന്ധിച്ച ഉത്തരവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പോലും ഗവണ്മെന്റ് വിസമ്മതിച്ചു. ആ പദ്ധതി രാജ്യത്ത് നടക്കില്ല എന്നാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.

ഇന്റര്‍നെറ്റ് മൗലിക അവകാശമാണ്

ഇന്റര്‍നെറ്റ് വിച്ഛേദനവുമായി ബന്ധപ്പെട്ട കോടതിയുടെ വിധി ഇങ്ങനെ സംഗ്രഹിക്കാം:

* ഇന്റര്‍നെറ്റ് ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) പ്രകാരം മൗലിക അവകാശമായി സംരക്ഷിച്ചിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റിലൂടെയുള്ള ആശയ വിനിമയവും വാണിജ്യവുമെല്ലാം എന്ന് കോടതി പ്രഖ്യാപിച്ചിരിക്കുന്നു.

* അതുകൊണ്ടുതന്നെ അനുച്ഛേദം 19(2) അനുവദിക്കുന്ന നീതിയുക്തമായ നിയന്ത്രണങ്ങള്‍ മാത്രമേ പാടുള്ളൂ. അതായത്, ആസന്നമായ ഭീഷണി ഉയര്‍ത്തുന്ന വിദ്വേഷപ്രസ്താവനകളോ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനി വരുത്തുന്ന പ്രവര്‍ത്തികളും മാത്രമേ നിയന്ത്രിക്കാനാവൂ.

* സമയപരിധിയില്ലാതെ, എത്രകാലം വേണമെങ്കിലും ഇന്റര്‍നെറ്റ് വിലക്ക് തുടര്‍ന്നുകൊണ്ടുപോകുവാന്‍ ഗവണ്മെന്റുകള്‍ക്ക് അധികാരമില്ല. അത് ഭരണഘടന ആവശ്യപ്പെടുന്ന ആനുപാതികതയുടെ ലംഘനമാണ്.

* സാങ്കേതികമായി സാധ്യമല്ലാത്തതുകൊണ്ട് വെബ്സൈറ്റുകളെ തെരഞ്ഞുപിടിച്ചു വിലക്കുവാന്‍ സാധ്യമല്ലാത്തതുകൊണ്ട് ഇന്റര്‍നെറ്റ് പൂര്‍ണമായി നിരോധിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല എന്ന ഗവണ്മെന്റിന്റെ വാദം അംഗീകരിക്കാനാകില്ല.

സമകാലിക രാഷ്ട്രീയസാഹചര്യങ്ങളില്‍ ഇതൊരു ചെറിയ നേട്ടമല്ല. ഇന്റര്‍നെറ്റ് മൗലിക അവകാശമാണെന്നു പ്രഖ്യാപിച്ചതിലൂടെ അതു വിലക്കുന്നത് മൗലീകവകാശ ലംഘനമാണെന്ന് വരുന്നു. ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തിയാല്‍ അതിന്റെ കാരണം എന്താണെന്ന് അറിയാനുള്ള അവകാശം പൊതുജനത്തിനുണ്ട്. അതുകൊണ്ട് നിരോധന ഉത്തരവുകള്‍ പരസ്യപ്പെടുത്തേണ്ടതാണ്.

അഥവാ പരസ്യപ്പെടുത്താനാകാത്ത കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഓരോരോ കേസുകളായി ഗവണ്മെന്റിന് അതു സ്ഥാപിക്കേണ്ടിവരും. വിലക്ക് നീതിയുക്തമാണ് എന്നും അനുപാതികമാണ് എന്നും ഗവണ്മെന്റ് കോടതിയില്‍ തെളിയിക്കേണ്ടി വരും.

വിധിയുടെ 70-ാം ഖണ്ഡിക നോക്കുക: ‘ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ലക്ഷ്യം നേടുന്നതിന് മറ്റു മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് ഗവണ്മെന്റ് പരിശോധിക്കണം. ഇത്തരം നടപടികള്‍ ആവശ്യമാണോ എന്നത് അത് മൗലീകാവകാശങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതും അതിന്റെ അനിവാര്യതയും അനുസരിച്ചിരിക്കും.

സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ച് ഏറ്റവും പരിമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാത്രമേ ഗവണ്മെന്റിന് അധികാരമുള്ളു. ഇത് മൗലീകാവകാശങ്ങളെ സാരമായ രീതിയില്‍ ബാധിക്കുമെന്നതിനാല്‍ ഓരോ ഉത്തരവും ആവശ്യമായ വസ്തുതകളുടെ പിന്തുണയോട് കൂടി ഉള്ളതായിരിക്കണം. അവ കോടതികളുടെ പരിശോധനയ്ക്ക് വിധേയമായിരിക്കുകയും ചെയ്യും.’

144-ാം വകുപ്പ്

മറ്റൊരു സുപ്രധാന വ്യാഖ്യാനം സി.ആര്‍.പി.സി. വകുപ്പ് 144 അനുസരിച്ച് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമല്ല, പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായും 144 പ്രഖ്യാപിക്കാമെങ്കിലും മൗലീകാവകാശങ്ങളെ ബാധിക്കുന്ന കാര്യം എന്ന നിലയില്‍ അത് ആനുപാതികമായിരിക്കണം എന്ന് കോടതി വിലയിരുത്തി.

ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താനുള്ള ഉപകരണമായി ഇതു മാറരുത്. ആനുപാതിക പരിശോധന 144-ന് ബാധകമാക്കിയതോടെ ഇതു സംബന്ധിച്ച കോടതി വ്യാഖ്യാനങ്ങളില്‍ ഇതുവരെ ഉണ്ടായിരുന്ന അവ്യക്തതകള്‍ ഇല്ലാതായിരിക്കുന്നു. ഇനി മുതല്‍ പ്രാദേശികമായി, വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മാത്രമേ 144 പ്രഖ്യാപിക്കാന്‍ കഴിയൂ.

അവ മൗലീകാവകാശ ലംഘനം എന്ന നിലയ്ക്ക് കോടതിയുടെ പരിശോധനയ്ക്ക് വിധേയമായതുകൊണ്ട് പ്രസ്തുത ഉത്തരവുകള്‍ പരസ്യപ്പെടുത്തേണ്ടതായും വരും. ജില്ലാ മജിസ്ട്രേറ്റ് ആനുപാതികത പരിഗണിച്ച്, ഏറ്റവും പരിമിതമായ നിരോധനങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തുന്നുള്ളൂ എന്നു ഉറപ്പു വരുത്തേണ്ടി വരും. കൂടാതെ തുടരെ തുടരെയുള്ള നിരോധന ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

ഒരു സംസ്ഥാനമാകെ 144 പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യത്തില്‍ ഈ വിധി സുപ്രധാനമാണ്. യു.പി.യിലും കര്‍ണാടകത്തിലും ഒക്കെ ജനാധിപത്യ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഗവണ്മെന്റുകള്‍ക്ക് എതിരെ വിവിധ ഹൈക്കോടതികളില്‍ നടക്കുന്ന കേസുകളെ സംബന്ധിച്ച് ഈ വിധി ഒരു വഴിത്തിരിവാണ്.

ഇന്റര്‍നെറ്റ് വിച്ഛേദനവും 144-ഉത്തരവുകളും മൗലീകവകാശ ലംഘനങ്ങള്‍ ആണെന്നും അവ ഓരോരോ കേസുകളായി എടുത്ത് നീതിയുക്തവും, അനുപാതികവും, ഏറ്റവും പരിമിതമായ നിയന്ത്രണവും ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നുമുള്ള സുപ്രീംകോടതി വിധി നാളെകളിലേക്കുള്ള ശുഭകരമായ ദിശാസൂചികയാണ്. അപ്പോഴും കശ്മീരിലെ നിയന്ത്രണങ്ങളെ സംബന്ധിച്ച് ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിശോധനയിലേക്ക് എന്തുകൊണ്ട് കോടതി പോയില്ല എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.

പരിശോധിക്കപ്പെടാന്‍ ഉത്തരവുകള്‍ എല്ലാം ഗവണ്മെന്റ് ഹാജരാക്കിയില്ല എന്നാണ് വിധിയില്‍ പറഞ്ഞിട്ടുള്ള ന്യായം. വിധി ഉയര്‍ത്തിപ്പിടിക്കുന്ന നിയമ യുക്തിവെച്ച് അഞ്ച് മാസമായിട്ടും ഉത്തരവുകള്‍ ഹാജരാക്കിയില്ല എന്നതുതന്നെ കശ്മീരില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ റദ്ദു ചെയ്യുവാനുള്ള കാരണമാകേണ്ടതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ