വര്‍ക്കിന്റെ കാര്യത്തില്‍ മമ്മൂക്ക സീരിയസ് തന്നെയാണ്, എന്നാല്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം ഇടപെടാറുള്ളത്: നേഹ സക്‌സേന
Film News
വര്‍ക്കിന്റെ കാര്യത്തില്‍ മമ്മൂക്ക സീരിയസ് തന്നെയാണ്, എന്നാല്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം ഇടപെടാറുള്ളത്: നേഹ സക്‌സേന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th July 2021, 11:13 am

കൊച്ചി: നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് നേഹ സക്സനേ. മോഡല്‍ കൂടിയായ നേഹ മുന്‍പ് മമ്മൂട്ടിക്കൊപ്പം മോഡലിംഗിന്റെ ഒരു ഫോട്ടോ ഷൂട്ടും ചെയ്തിരുന്നു.

കസബ സെറ്റിലെ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നേഹ. എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നേഹയുടെ പ്രതികരണം.

‘കസബ സെറ്റില്‍ ശരിക്കും വിറച്ചുകൊണ്ടാണ് ചെന്നത്. പക്ഷെ മമ്മൂട്ടി എല്ലാവരെയും വളകെ കംഫര്‍ട്ടബിളായി നിര്‍ത്തുന്നയാളാണ്. അദ്ദേഹം വളരെ സീരിയസാണെന്നാണ് എല്ലാവരും പറയുക. വര്‍ക്കിന്റെ കാര്യത്തില്‍ സീരിയസ് തന്നെയാണ് അദ്ദേഹം,’ നേഹ പറയുന്നു.

എന്നാല്‍ വളരെ ഊഷ്മളമായ പെരുമാറ്റമാണ് മമ്മൂട്ടിയുടേതെന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം ഇടപെടാറുള്ളതെന്നും നേഹ സക്സേന പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോ ഷൂട്ട് ചെയ്ത അനുഭവവും നേഹ നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

‘ഞാന്‍ ആദ്യമായി കൊച്ചിയിലെത്തിയപ്പോള്‍ ഹോര്‍ഡിങ്ങ്സില്‍ കണ്ട ആ താരത്തെ കുറിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. ഞാന്‍ മോഡലിംഗില്‍ ശ്രദ്ധിച്ചിരുന്ന സമയമായിരുന്നു അത്. അപ്പോഴെല്ലാം മമ്മൂക്ക എങ്ങനെയാണ് ഇത്രയും എലഗന്‍സില്‍ തുടരുന്നതെന്ന് ആലോചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിനിമകളോടും വ്യക്തിത്വത്തോടും ആരാധന തോന്നിയിരുന്നു. പക്ഷെ സിനിമയില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണ് മമ്മൂട്ടിക്കൊപ്പം ഒരു എഡിറ്റോറിയല്‍ ഷൂട്ടിന് കേരളത്തില്‍ എത്താനാകുമോയെന്ന് ചോദ്യവുമായി ഓഫര്‍ വന്നത്. ആ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ വലിയ ആഹ്ലാദത്തിലായി. തൊട്ടടുത്ത ദിവസം കൊച്ചിയിലെത്തണമായിരുന്നു.

ഞാന്‍ എങ്ങനെയൊക്കയോ കൊച്ചിയിലെത്തി. കസവുസാരി ധരിച്ച് മോഡലുകള്‍ നില്‍ക്കുകയാണ്. അവരും കുടുംബാംഗങ്ങളുമെല്ലാം മമ്മൂട്ടിയെ കാണാനായി കാത്തിരിക്കുകയാണ്. ഞാന്‍ ടെന്‍ഷനടിച്ചു നില്‍ക്കുകയായിരുന്നു. അപ്പോള്‍ മമ്മൂക്ക അങ്ങോട്ട് വന്നു.

മറ്റുള്ള മോഡലുകള്‍ക്കൊപ്പം നിന്ന എന്നോട് മമ്മൂട്ടിക്കൊപ്പം നില്‍ക്കാന്‍ നിര്‍ദേശം നല്‍കി. പിന്നെ മമ്മൂട്ടിയുടെ കൈ പിടിക്കാനും പറഞ്ഞു. ഞാന്‍ ഒരല്‍പം പേടിയിലായിരുന്നു. പക്ഷെ അദ്ദേഹം ചിരിച്ചുകൊണ്ട് സമ്മതം നല്‍കി.

ഇതൊക്കെ കഴിഞ്ഞ് ഒരു ദിവസം, കുച്ച് കുച്ച് ഹോതാ ഹേ കണ്ടിരിക്കുമ്പോഴാണ് കസബയില്‍ അഭിനയിക്കാന്‍ വേണ്ടി മമ്മൂട്ടിയുടെ മാനേജര്‍ വിളിക്കുന്നത്. ആ ഫോട്ടോഷൂട്ട് ചെയ്യാന്‍ പറ്റിയതു തന്നെ സ്വപ്നതുല്യമായ അനുഭവമായിരുന്നു. ഇപ്പോള്‍ ഇത്തരത്തിലൊരു അവസരം കൂടി വന്നത് വിശ്വസിക്കാനായില്ല ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നായിരുന്നു ആദ്യം കരുതിയതെന്നും നേഹ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kasaba Actress Neha Saxena about Mammootty