ശവക്കല്ലറകളുടെ കണ്ടെത്തലുകള്‍ അവശേഷിപ്പിക്കുന്നത് വേദനയും നാണക്കേടും; കാനഡയിലെ ഗോത്രജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇമാമുകള്‍
World News
ശവക്കല്ലറകളുടെ കണ്ടെത്തലുകള്‍ അവശേഷിപ്പിക്കുന്നത് വേദനയും നാണക്കേടും; കാനഡയിലെ ഗോത്രജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇമാമുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th July 2021, 9:08 am

ടൊറന്റോ : കാനഡയിലെ മുന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ പരിസരത്തുനിന്ന് ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികളുടെ ശവക്കല്ലറകള്‍ കണ്ടെത്തിയ സംഭവത്തില്‍ അനുശോചനവും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി ഇമാമുകള്‍. കാനഡയിലെ 75ഓളം ഇമാമുകളാണ് ഗോത്ര ജനതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

എല്ലാവരും ഗോത്ര ജനതയുടെ വേദനയ്‌ക്കൊപ്പം നില്‍ക്കണമെന്നാണ് ലണ്ടനിലെ ഒന്റാറിയോ മുസ്‌ലിം പള്ളിയിലെ ഇമാമായ ആരിജ് അന്‍വര്‍ പറഞ്ഞത്.

‘നമ്മള്‍ എല്ലാവരും കാനഡയിലെ ഗോത്രജനതയുടെ വേദന മനസിലാക്കണം. കാരണം സാമ്രാജ്യത്വം രാജ്യത്തോട് എന്തുചെയ്തു എന്നത് നമ്മള്‍ കണ്ടതാണ്,’ ഇമാം ആരിജ് അന്‍വര്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് കാനഡയിലുള്ള 75 ഇമാമുകള്‍ ഗോത്ര ജനതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കാനഡയിലെ കൗണ്‍സില്‍ ഓഫ് ഇമാംമ്‌സ് ആന്‍ഡ് ജസ്റ്റിസ് ഫോര്‍ ഓള്‍ കാനഡയാണ് ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.

‘യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ കാലത്ത് വീടുകളില്‍ നിന്നും കടത്തപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട, മര്‍ദ്ദനം അനുഭവിക്കപ്പെട്ട, പട്ടിണി നേരിട്ട നൂറുകണക്കിന് ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികളുടെ ശവക്കല്ലറകളാണ് കണ്ടെത്തിയത്. ഈ കണ്ടെത്തലുകള്‍ അവശേഷിപ്പിക്കുന്നത് വേദനയും നാണക്കേടും മാത്രമാണ്,’ ഇമാമുകള്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

1800-1996 വരെയുള്ള കാലത്ത് കാനഡയിലെ ഗോത്രവിഭാഗങ്ങളില്‍പ്പെട്ട 150,000 വരുന്ന കുട്ടികളെയാണ് ക്രിസ്ത്യന്‍ പള്ളികളുടെ കീഴിലുള്ള സ്‌കൂളുകളിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവന്നതെന്നാണ് കണക്കുകള്‍. ഈ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്നാണ് കണക്കുകള്‍.

ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും അടുത്തിടെ 215ഓളം കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ തുടരന്വേഷണത്തില്‍ സസ്‌കാച്ച്വനിലെ മുന്‍ മരീവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രദേശത്ത് നിന്ന് 751 ശവക്കല്ലറകളും കണ്ടെത്തി.

കംലൂപ്സിലെ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ മൂന്ന് വയസ്സുമുതലുള്ള കുട്ടികളെ അടക്കിയിട്ടുണ്ടെന്നാണ് കാനഡയിലെ ഔദ്യോഗിക വക്താവ് പ്രതികരിച്ചത്.

പതിറ്റാണ്ടുകളായി ആയിരത്തിലധികം കുട്ടികളെയാണ് ഇത്തരം സ്‌കൂളുകളില്‍ നിന്നും കാണാതായിരുന്നത്.
കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നതെന്നും 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആറ് വര്‍ഷം നീണ്ട പഠനത്തിനും അന്വേഷണത്തിനും ഒടുവിലായിരുന്നു ഈ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നത്

ഗോത്രവിഭാഗങ്ങളായി ജനിച്ചു പോയി എന്നത് മാത്രമാണ് തങ്ങള്‍ ചെയ്ത ഏക കുറ്റമെന്നാണ് ഫെഡറേഷന്‍ ഓഫ് സോവറിന്‍ ഇന്‍ഡിജെനസ് നേഷന്‍സ് തലവന്‍ ചീഫ് ബോബി കാമറൂണ്‍ പറഞ്ഞത്.

സംഭവത്തില്‍ പ്രതികരണവുമായി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു.
കാനഡയിലെ ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്കും ദുരന്തങ്ങളില്‍ നിന്ന് അതിജീവിച്ചവര്‍ക്കും നേരത്തെ അറിയാവുന്ന സത്യമാണ് ഇപ്പോള്‍ രണ്ട് മുന്‍ റസിഡന്‍സ് സ്‌കൂളുകളിലുമായി കണ്ടെത്തിയ തെളിവുകളില്‍ നിന്നും സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്.

ഇത്തരം ക്രൂരതകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതിനായി ഫണ്ടും മറ്റു വിഭവങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muslim Imams records Condolences and solidarity with Indigenous people