ബീഹാര്‍: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ നിയുക്ത എം.എല്‍.എയും ഗായികയുമായ മൈഥിലി താക്കൂറാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. 25 വയസുകാരിയായ മൈഥിലിയെ ജെന്‍ സി എം.എല്‍.എ എന്നാണ് വിശേഷിപ്പിക്കുന്നത്. അലിനഗറില്‍ നിന്നാണ് മൈഥിലി വിജയിച്ചത്.
മൈഥിലിയുടെ വിജയത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിനന്ദനം അറിയിക്കുകയാണ്. ഇതിനിടെ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരവും മൈഥിലിയെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രതിപക്ഷത്ത് നിന്നുള്ള ഒരു പ്രമുഖ നേതാവിന്റെ ആദ്യത്തെ അഭിനന്ദന പോസ്റ്റാണിത്.
ഇപ്പോഴിതാ എക്‌സില്‍ പോസ്റ്റ് ചെയ്ത കാര്‍ത്തിയുടെ കുറിപ്പ് വൈറലാവുകയാണ്. എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടെന്ന് കരുതി നിങ്ങളുടെ കഴിവിനെ പരിപോഷിപ്പിക്കുന്നത് അവസാനിപ്പിക്കരുതെന്നും സംഗീത പ്രതിഭയായി തുടരണമെന്നും ആശംസിച്ചാണ് എം.പി പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
‘ഒരു നിയോജക മണ്ഡലത്തിലെ പ്രതിനിധി ആകുന്നതിന്റെ കഷ്ടപ്പാടും ആവശ്യങ്ങളും കാരണം നിങ്ങളിലെ സംഗീത പ്രതിഭയെയോ അഭിനിവേശങ്ങളെയോ നിയന്ത്രിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യില്ലെന്ന് കരുതുന്നു. നിങ്ങളുടെ അഭിനിവേശം പരിപോഷിപ്പിക്കുന്നത് തുടരണം,’ കാര്‍ത്തി ചിദംബരം കുറിച്ചു.
മൈഥിലി താക്കൂര്‍ നവംബര്‍ 16ന് പോസ്റ്റ് ചെയ്ത അജിത് സിനിമയായ വിശ്വാസത്തിലെ കണ്ണാന കണ്ണേ എന്ന ഗാനത്തിന്റെ കവര്‍ സോങ്ങും ഷെയര്‍ ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് എം.പിയുടെ പോസ്റ്റ്.
ഇതിന് താഴെ ബി.ജെ.പി സംഘപരിവാര്‍ അനുകൂലികള്‍ നന്ദിയും അഭിനന്ദവും അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടി ആദര്‍ശങ്ങള്‍ക്ക് അതീതമായി ഒരു സഹോദരനെന്ന നിലയിലുള്ള ഉപദേശമാണിതെന്നാണ് ഒരാള്‍ ഈ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.
ഒരു ബി.ജെ.പി ഇതര നേതാവില്‍ നിന്നും ഇത്ര നല്ലവാക്കുകള്‍ കേട്ടിട്ടില്ലെന്നും താങ്കളുടെ ധൈര്യത്തിന് നന്ദിയെന്നാണ് സുരേഷ് കുമാര്‍ എന്ന എക്സ് യൂസര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, ചില ബി.ജെ.പി അനുകൂലികള്‍ കാര്‍ത്തി ചിദംബരത്തെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.
Hope your talent & passion for music is not curbed & stifled by the rigours & demands of being a constituency MLA. @maithilithakur. Continue to nurture your passion. https://t.co/sdTdHF5XwS
അതേസമയം, ചിലര്‍ ഇത്രയും ഉദാരമനസ്‌കനായ താങ്കളെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് തലവന്‍ ആക്കാത്തതെന്നാണ് ചിലര്‍ സംശയമുന്നയിച്ചിരിക്കുന്നത്. ഇതിനിടയില്‍ പാടാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനായി മൈഥിലി രാഷ്ട്രീയം വിടണമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് ചോദിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്നതിലുപരിയായി അലി നഗര്‍ എന്ന തന്റെ മണ്ഡത്തിന്റെ പേര് സീതാ നഗര്‍ എന്നാക്കി മാറ്റുമെന്ന് അവകാശപ്പെട്ടാണ് മൈഥിലി തുടക്കം മുതല്‍ വാര്‍ത്തകളിലിടം പിടിച്ചത്.
Content Highlight: Karti P Chidambaram congratulates young Bihar MLA Maithili Thakur; Sangh Parivar supporters invite him to BJP