വിജയ് സേതുപതി എന്നൊരു നടനുണ്ടെന്ന് എന്നോട് പറഞ്ഞയാള്‍ ഇന്ന് തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ്: കാര്‍ത്തിക് സുബ്ബരാജ്
Entertainment
വിജയ് സേതുപതി എന്നൊരു നടനുണ്ടെന്ന് എന്നോട് പറഞ്ഞയാള്‍ ഇന്ന് തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ്: കാര്‍ത്തിക് സുബ്ബരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 4:20 pm

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. 2012ല്‍ റിലീസായ പിസ്സയിലൂടെയാണ് കാര്‍ത്തിക് സുബ്ബരാജ് സിനിമയിലേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇരൈവി, ജിഗര്‍തണ്ട, മെര്‍ക്കുറി, പേട്ട തുടങ്ങി വ്യത്യസ്ത ഴോണറുകളില്‍ സിനിമ ചെയ്ത് പ്രേക്ഷകരുടെ പ്രീതി നേടി.

ആദ്യചിത്രമായ പിസ്സയെക്കുറിച്ചും അതിലെ നായകനായ വിജയ് സേതുപതിയെക്കുറിച്ചും സംസാരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. മധുരയില്‍ നിന്നുള്ള ആളായതുകൊണ്ട് സിനിമ എന്നത് കുട്ടിക്കാലം മുതലേ മനസില്‍ ഉണ്ടായിരുന്ന കാര്യമായിരുന്നെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

ആഴ്ചയില്‍ കുറഞ്ഞത് രണ്ട് സിനിമയെങ്കിലും കാണുമായിരുന്നെന്നും അങ്ങനെയാണ് സിനിമയോട് മോഹം തോന്നിയതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. നാളെയ ഇയക്കുനര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സ്വന്തമായി ഒരു ടീം ഉണ്ടാക്കിയതെന്നും കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.

ഷോര്‍ട് ഫിലിമിലെ നായകാനാകാന്‍ ഒരാള്‍ വേണമെന്ന് അന്വേഷിച്ചപ്പോഴാണ് വിജയ് സേതുപതിയെക്കുറിച്ച് അറിഞ്ഞതെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു. സംവിധായകനായ മണികണ്ഠനാണ് വിജയ് സേതുപതിയെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും അങ്ങനെയാണ് വിജയ് സേതുപതി തന്റെ ടീമിലേക്ക് എത്തിയതെന്നും കാര്‍ത്തിക് പറഞ്ഞു.

റിയാലിറ്റി ഷോയ്ക്ക് ശേഷം ഫീച്ചര്‍ ഫിലിമിലേക്ക് കടന്നെന്നും അതിലേക്ക് നായകനാകാന്‍ വിജയ് സേതുപതിയല്ലാതെ വേറൊരു നടനെ മനസില്‍ തോന്നിയില്ലെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതിയെ തനിക്ക് പരിചയപ്പെടുത്തി തന്ന മണികണ്ഠന്‍ പിന്നീട് കാക്ക മുട്ടൈ, കടൈസി വിവസായി എന്നീ സിനിമകള്‍ ഒരുക്കിയെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.

‘സിനിമയോട് പണ്ടുതൊട്ടേ എനിക്ക് താത്പര്യമുണ്ട്. അത് മധുരയില്‍ നിന്നുള്ളവനായതുകൊണ്ടാണ്. അവിടെ എല്ലാവര്‍ക്കും സിനിമയോട് താത്പര്യമുണ്ട്. ഞാനും ആഴ്ചയില്‍ രണ്ട് സിനിമയൊക്കെ തിയേറ്ററില്‍ പോയി കാണുമായിരുന്നു. അങ്ങനെയാണ് സിനിമയോട് ക്രേസ് തോന്നിത്തുടങ്ങിയത്. നാളെയ ഇയക്കുനറില്‍ പങ്കെടുത്തപ്പോള്‍ എഡിറ്റിങ്ങിനും ക്യാമറക്കും ഒരു ടീം ഞാന്‍ ഉണ്ടാക്കിയത്.

പിന്നീട് പിസ്സയിലെത്തിയപ്പോള്‍ ആ ടീമിനെ കൂടെക്കൂട്ടി. വിജയ് സേതുപതിയെയും അങ്ങനെ കിട്ടിയതാണ്. നായകനായി ആരെ തെരഞ്ഞെടുക്കുമെന്ന് ചിന്തിച്ചപ്പോഴാണ് മണികണ്ഠന്‍ എന്നോട് സേതുവിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് വിജയ് സേതുപതി ഞങ്ങളുടെ ടീമില്‍ ചേരുന്നത്. അന്ന് എന്നോട് സേതുവിനെ പരിചയപ്പെടുത്തിയ മണികണ്ഠന്‍ പിന്നീട് കാക്ക മുട്ടൈ, കടൈസി വിവസായി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു,’ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

Content Highlight: Karthik Subbaraj says that director Manikandan introduced Vijay Sethupathi to him