സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് റെട്രോ. ഇന്‍ഡസ്ട്രിയിലെ മികച്ച നടന്മാരിലൊരാളും സംവിധായകരിലൊരാളും ആദ്യമായി ഒന്നിക്കുന്നുവെന്ന അനൗണ്‍സ്‌മെന്റ് ആരാധകരില്‍ ആവേശം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ 120 കോടിയോളം നേടാന്‍ ചിത്രത്തിന് സാധിച്ചു.
ഇരുട്ടില്‍ നിന്ന് നായകന്‍ വെളിച്ചത്തിലേക്ക് പ്രത്യക്ഷപ്പെടുന്ന സീനുകള്‍ ലോകസിനിമയില്‍ ഒരുപാടുണ്ടെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. അതില്‍ തന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയ സീനുകളിലൊന്നാണ് ഇന്‍ഗ്ലോറിയസ് ബാസ്‌റ്റേഡ്‌സ് എന്ന സിനിമയിലേതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ആ സീനില്‍ വില്ലന്മാരെയെല്ലാം ഒരു ടണലിന്റ മുന്നില്‍ കെട്ടിയിട്ടിരിക്കുകയാണെന്നും നായകന് ആദ്യം കുറച്ച് ഡയലോഗുകളുണ്ടെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.
അതിന് ശേഷം ഗുഹയുടെ ഇരുട്ടിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുമെന്നും ആ ഇരുട്ടില്‍ നിന്നാണ് മറ്റൊരു പ്രധാന കഥാപാത്രം വരുന്ന സീന്‍ കാണിക്കുന്നതെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് റെട്രോയില്‍ സൂര്യയുടെ ആ മാസ് രംഗം ചിത്രീകരിച്ചതെന്നും കാര്‍ത്തിക് പറഞ്ഞു. ഒപ്പണ്‍ പന്നാ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.
‘ഇന്‍ഗ്ലോറിയസ് ബാസ്‌റ്റേഡ്‌സ് എന്നൊരു ഹോളിവുഡ് സിനിമയുണ്ട്. ക്വിന്റണ്‍ ടാറന്റിനോയാണ് ആ സിനിമയുടെ സംവിധായകന്‍. അതിലെ മിക്ക കഥാപാത്രങ്ങളും പവര്‍ഫുള്ളാണ്. അതില്‍ ബ്രാഡ് പിറ്റിന്റെ ക്യാരക്ടര്‍ നാസി പട്ടാളക്കാരെ പിടിച്ച് കെട്ടിയിട്ടിട്ട് ഡയലോഗ് പറയുന്ന സീനുണ്ട്. ഒരു ഗുഹയോ ടണലോ മറ്റോ ആണ് ലൊക്കേഷന്‍. നായകന്‍ കുറച്ച് ഡയലോഗ് പറഞ്ഞതിന് ശേഷം അയാളുടെ കൂടെയുള്ള ഒരു കഥാപാത്രത്തെക്കുറിച്ച് സംസാരിക്കും.
ആ സമയത്ത് ആ ടണലില്‍ നിന്ന് ഒരു ശബ്ദം കേള്‍ക്കും. കുറച്ച് നേരം ആ ശബ്ദം മാത്രമേ കേള്‍ക്കുള്ളൂ. പിന്നീടാണ് അതിനുള്ളില്‍ നിന്ന് ആള്‍ ഇറങ്ങുന്നത്. അയാളുടെ കൈയില്‍ ഒരു ബേസ്‌ബോള്‍ ബാറ്റുണ്ട്. വളരെ പവര്‍ഫുള്ളായിട്ടുള്ള സീനാണത്. റെട്രോയില്‍ സൂര്യയുടെ ആ സീനിന് ഇന്‍സ്പിറേഷനായത് ആ ഹോളിവുഡ് ചിത്രത്തിലെ സീനാണ്,’ കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.
Content Highlight: Karthik Subbaraj saying Suriya’s intro scene in Retro movie was inspired from Inglorious Basterds movie