കമല്‍ സാറിന്റെ അവതാരത്തെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ല; ആവേശത്തോടെ കാര്‍ത്തി
Film News
കമല്‍ സാറിന്റെ അവതാരത്തെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ല; ആവേശത്തോടെ കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 10:39 pm

കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം മികച്ച പ്രതികരണങ്ങല്‍ നേടി മുന്നേറുകയാണ്. തമിഴ്‌നാടിന് പുറത്തേക്കും ഗംഭീരവരവേല്‍പ്പാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചേ ആരംഭിച്ച പ്രദര്‍ശനം മുതലേ തിയേറ്ററുകളിലേക്ക് ആളുകള്‍ ഇരച്ചു കയറുകയാണ്.

വിക്രം ഉടനെ കാണുമെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ കാര്‍ത്തി. ‘കമല്‍ സാറിന്റെ പുതിയ അവതാരത്തെ ഇനിയും കാണാതിരിക്കാന്‍ ആവുന്നില്ല. സിനിമയെ പറ്റി നിരവധി നല്ല അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ലോകേഷിനും വിക്രത്തിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍,’ കാര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു.

ലോകേഷിന്റെ രണ്ടാമത്തെ ചിത്രമായ കൈതിയില്‍ കാര്‍ത്തിയായിരുന്നു നായകനായെത്തിയത്. 2019ല്‍ പുറത്തിറങ്ങിയ കൈതി കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. കൈതിയുമായി ചില കണക്ഷനുകളുമായിട്ടാണ് വിക്രവും എത്തുന്നത്.

വിക്രത്തിന്റെ ലോകത്തേക്ക് കടക്കുന്നതിന് മുമ്പ് കൈതി കാണണമെന്ന അഭ്യര്‍ത്ഥനയുമായി ലോകേഷ് കനകരാജ് തന്നെ റിലീസിന്റെ തലേദിവസം രംഗത്തെത്തിയിരുന്നു. ഇത്തവണയും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ലോകേഷ്.

വിക്രം എന്ന കഥാപാത്രമായി കമല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷവും ത്രില്ലടിപ്പിച്ചുവെന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും മുന്‍കൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. മിക്കയിടങ്ങളിലും ഹൗസ്ഫുള്‍ ആയിരുന്നു.

ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു മികച്ച ത്രില്ലര്‍ എന്നാണ് ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി, ചെമ്പന്‍ വിനോദ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

Content Highlight: karthi says he Can’t wait to see the new avatar of Kamal hasan in vikram