ചേച്ചിയുടെ ആ വാക്കുകളാണ് ചാരിറ്റി മുന്നോട്ടു കൊണ്ടുപോകാന്‍ സൂര്യയെ ഇന്‍സ്പയര്‍ ചെയ്യുന്നത്: കാര്‍ത്തി
Indian Cinema
ചേച്ചിയുടെ ആ വാക്കുകളാണ് ചാരിറ്റി മുന്നോട്ടു കൊണ്ടുപോകാന്‍ സൂര്യയെ ഇന്‍സ്പയര്‍ ചെയ്യുന്നത്: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th August 2025, 9:09 am

തമിഴിലെ താരകുടുംബങ്ങളിലൊന്നാണ് സൂര്യയുടേത്. പഴയകാല നടന്‍ ശിവകുമാറിന്റെ മകനായ സൂര്യയും കാര്‍ത്തിയും ഇന്‍ഡസ്ട്രിയിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചവരാണ്. സൂര്യയുടെ പങ്കാളി ജ്യോതികയും സിനിമയില്‍ സജീവമാണ്. സിനിമക്ക് പുറമെ സൂര്യയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ചാരിറ്റി പ്രസ്ഥാനമാണ് അഗരം ഫൗണ്ടേഷന്‍.

പഠിക്കാന്‍ അടിസ്ഥാനസൗകര്യമില്ലാത്ത കുട്ടികളെ കൈപിടിച്ച് മുന്നോട്ടുകൊണ്ടുവരുന്ന അഗരം ഇതിനോടകം നിരവധിപ്പേര്‍ക്ക് തണലായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം അഗരം ഫൗണ്ടേഷന്റ 15ാം വാര്‍ഷികം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവര്‍ക്ക് പുറമെ കമല്‍ ഹാസനും ചടങ്ങില്‍ പങ്കെടുത്തു.

സൂര്യയെക്കുറിച്ചും ജ്യോതികയെക്കുറിച്ചും കാര്‍ത്തി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചെറിയ പൈസയായാലും അത് സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു കുട്ടിക്കാലം മുതല്‍ അച്ഛന്‍ തനിക്ക് പറഞ്ഞുതന്നിട്ടുള്ളതെന്ന് കാര്‍ത്തി പറഞ്ഞു. എന്നാല്‍ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ അങ്ങനെ നോക്കരുതെന്ന് ഉപദേശിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘പത്ത് രൂപ സാധനം വാങ്ങാന്‍ തന്നാല്‍ അതില്‍ അഞ്ച് രൂപ മിച്ചം വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്ക് ട്രെയിനിലൊക്കെ പോകുന്ന സമയത്ത് ചുമടെടുക്കാന്‍ വരുന്ന പോര്‍ട്ടര്‍ 50 രൂപയൊക്കെ ചോദിക്കും. അച്ഛന്‍ ഒന്നും പറയാതെ ആ പൈസ കൊടുക്കും. എന്തിനാണ് അത്രയും പൈസ കൊടുക്കുന്നതെന്ന് ചോദിക്കുമ്പോള്‍ ‘ആ 50 രൂപക്ക് അവന്‍ ബംഗ്ലാവ് വെക്കില്ലല്ലോ, ആവശ്യങ്ങളുണ്ടാകും’ എന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്.

പിന്നെ ഇപ്പോഴെല്ലാം ഓരോ കാര്യത്തിനും നമ്മള്‍ ചാരിറ്റി ചെയ്യണമെന്ന് വിചാരിക്കുമ്പോള്‍ പൈസയെക്കുറിച്ച് ചിന്തിക്കും. ‘പൈസയുണ്ടായിട്ടാണോ ഇത്രയും കാലം നമ്മള്‍ ഓരോ കാര്യവും ചെയ്യുന്നത്’ എന്നാണ് ചേച്ചി അപ്പോള്‍ ചോദിക്കുന്നത്. അതായത്, പൈസയൊക്ക വരും, പോകും, ഉള്ള സമയത്ത് നമ്മളെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യണമെന്നേ ചേച്ചി പറയാറുള്ളൂ. ചേട്ടന്‍ ഓരോ കാര്യവും ചെയ്യുന്നത് ഈ വാക്കുകള്‍ കേട്ടുകൊണ്ടാണ്.

അഗരം എന്ന ചാരിറ്റി ഫോമിന് വേണ്ടി അണ്ണന്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കാരണം ചേച്ചിയുട വാക്കുകളാണ്. ചേച്ചി എപ്പോഴും അങ്ങനെയാണ്. കൊവിഡ് സമയത്ത് കുറെ ആശുപത്രികളില്‍ വേണ്ടത്ര സാധനങ്ങളില്ലെന്ന് ചേച്ചി അറിഞ്ഞു. അത് അഗരത്തോട് പറഞ്ഞ്, അഗരം വഴി സഹായമെത്തിച്ചുകൊടുത്തു. വലിയ മനസാണ് അവരുടേത്,’ കാര്‍ത്തി പറയുന്നു.

Content Highlight: Karthi about Jyothika and Suriya and their charity