പവിത്രതയും സംസ്കാരവും സംരക്ഷിക്കണം; കർണാടകയിലെ മുരുഡേശ്വർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാരമ്പരാഗത വസ്ത്രം നിർബന്ധമാക്കി കമ്മിറ്റി
national news
പവിത്രതയും സംസ്കാരവും സംരക്ഷിക്കണം; കർണാടകയിലെ മുരുഡേശ്വർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാരമ്പരാഗത വസ്ത്രം നിർബന്ധമാക്കി കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2025, 1:52 pm

ബെംഗളൂരു: പവിത്രതയും സംസ്കാരവും സംരക്ഷിക്കണമെന്ന ഹിന്ദുത്വ സംഘടനകളുടെ അഭ്യർത്ഥനയെത്തുടർന്ന് കർണാടകയിലെ മുരുഡേശ്വർ ക്ഷേത്രത്തിൽ പരമ്പരാഗത വസ്ത്രധാരണം നിർബന്ധമാക്കി ക്ഷേത്രകമ്മിറ്റി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഈ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ ഭക്തർ ഇനി പരമ്പരാഗത വസ്ത്രം ധരിക്കണം.

പുതിയ നിയമങ്ങൾ പ്രകാരം, പുരുഷന്മാർ ഒരു പാഞ്ച് (പരമ്പരാഗത ധോത്തി) അല്ലെങ്കിൽ ഫോർമൽ പാന്റ്സ് ധരിക്കണം. സാരിയോ സൽവാർ-ചുരിദാറോ ധരിച്ചാൽ മാത്രമേ സ്ത്രീകൾക്ക് പ്രവേശനം ക്ഷേത്രത്തിൽ അനുവദിക്കൂ. പാശ്ചാത്യ ശൈലിയിലുള്ളതോ ഷോട്ട് ഡ്രസുകളോ ക്ഷേത്രത്തിൽ അനുവദിക്കില്ല.

മുരുഡേശ്വർ ക്ഷേത്രം

പുതിയ നയത്തെക്കുറിച്ച് സന്ദർശകരെ അറിയിക്കുന്നതിനായി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ ഈ നിയന്ത്രണങ്ങൾ വിവരിക്കുന്ന ഒരു നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും പരമ്പരാഗത ഹിന്ദു ആചാരങ്ങളും സംസ്കാരവും നിലനിർത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു.

ക്ഷേത്രത്തിലെത്തുന്ന സന്ദർശകർക്ക് കർശനമായ വസ്ത്രധാരണ മാർഗനിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക ഹിന്ദുത്വ സംഘടനകൾ ഔപചാരികമായി ക്ഷേത്ര അധികാരികൾക്ക് ഒരു അപ്പീൽ സമർപ്പിച്ചിരുന്നു. തുടർന്നാണ് വസ്ത്രധാരണ നിയമം നടപ്പിലാക്കിയത്.

മുരുഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചില ഭക്തർ അനുചിതവും ശരീരം വെളിപ്പെടുത്തുന്നതുമായ വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കുന്നതായി പരാതികൾ ഉയർന്നിരുന്നുവെന്നും പിന്നാലെയാണ് പുതിയ നടപടിയെന്നും ക്ഷേത്ര അധികാരികൾ വാദിക്കുന്നു.

കർണാടകയിലെ ഒരു പ്രമുഖ തീരദേശ തീർത്ഥാടന കേന്ദ്രമാണ് മുരുഡേശ്വർ ക്ഷേത്രം. ശിവൻ ആണിവിടുത്തെ പ്രതിഷ്ഠ. വർഷം തോറും ആയിരക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്.

 

 

 

Content Highlight: Karnataka’s Murudeshwar temple mandates traditional dress for inner sanctum entry