ശശി തരൂരിനും മാധ്യമപ്രര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കേസെടുത്ത് കര്‍ണാടകയും; കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം
national news
ശശി തരൂരിനും മാധ്യമപ്രര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കേസെടുത്ത് കര്‍ണാടകയും; കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2021, 7:35 pm

ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ശശി തരൂര്‍ എം. പി, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹ കേസുമായി കര്‍ണാടകയും. ഇവര്‍ക്കെതിരെ കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനമാണ് കര്‍ണാടക.

നേരത്തെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും കേസെടുത്തിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ ബെംഗളൂരുവിലെ പരപ്പന അഗ്രാഹാര ജയിലില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇവരുടെ ട്വീറ്റുകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതാണ് എന്നാരോപിച്ചാണ് രാകേഷ് ബി.എസ് എന്നയാള്‍ പരാതി നല്‍കിയിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകന്‍ പൊലീസ് വെടിയേറ്റാണ് മരിച്ചതെന്നാണ്
മാധ്യമപ്രവര്‍ത്തകരായ രജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, ആനന്ദ് നാഥ്, വിനോദ് കെ ജോസ് എന്നിവരും എം.പി ശശി തരൂരും ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

അതേസമയം സിംഗു അതിര്‍ത്തിയിലെ കര്‍ഷകസമരവേദിയിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 44 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകശ്രമത്തിനടക്കമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കര്‍ഷകരെയും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊലീസിനെതിരെ ആക്രമണം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് പൊലീസ് ഭാഷ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karnataka Police as 4th state charges sedition case against Shashi Tharoor, Rajedeep Sardesai and others