'ആര്‍ത്തവ അവധി' സര്‍ക്കാര്‍ ഉത്തരവിന് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ; ഒരു മണിക്കൂറിനകം പിന്‍വലിച്ചു
India
'ആര്‍ത്തവ അവധി' സര്‍ക്കാര്‍ ഉത്തരവിന് കര്‍ണാടക ഹൈക്കോടതിയുടെ സ്റ്റേ; ഒരു മണിക്കൂറിനകം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2025, 8:34 am

ബെംഗളൂരു: ആര്‍ത്തവാവധിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. എന്നാല്‍ ഈ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് മനസിലാക്കിയതോടെ സ്റ്റേ പിന്‍വലിച്ചു. സര്‍ക്കാരിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി പറഞ്ഞു.

ജോലിക്കാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസത്തെ ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് എം. ജ്യോതിയുടേതായിരുന്നു നടപടി.

സ്ഥിരം, കരാര്‍, ഔട്ട് സോഴ്‌സ് മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന 18നും 52നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് പ്രതിമാസം ഒരു ദിവസം ശമ്പളത്തോട് കൂടിയ അവധിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

1948ലെ ഫാക്ടറി ആക്ട്, 1961ലെ കര്‍ണാടക ഷോപ്സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, 1951ലെ പ്ലാന്റേഷന്‍ തൊഴിലാളി ആക്ട്, 1966ലെ ബീഡി, സിഗാര്‍ തൊഴിലാളി ആക്ട്, 1961ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ആക്ട് എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലെയും വനിതാ ജീവനക്കാര്‍ക്കാണ് ആര്‍ത്തവ അവധി അനുവദിച്ചിരുന്നത്.

ഇതുസംബന്ധിച്ച് നവംബര്‍ 20ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇതുപ്രകാരം വര്‍ഷത്തില്‍ 12 അവധി ആര്‍ത്തവ അവധിയായി അനുവദിക്കണം. എന്നാല്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷനും അവിരാത എ.എഫ്.ഐ കണക്റ്റിവിറ്റി സിസ്റ്റവുമാണ് കോടതിയെ സമീപിച്ചത്.

ഇത്തരമൊരു വിജ്ഞാപനം പുറത്തിറക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് ഹരജിക്കാരുടെ വാദം. വിജ്ഞാപനത്തിലും ഇത് വ്യക്തമല്ല. തങ്ങളുമായി കൂടിയാലോചിക്കാതെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഹരജിക്കാര്‍ പറയുന്നു.

മാത്രമല്ല, നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ജീവനക്കാരുടെ അവധിക്ക് മതിയായ വ്യവസ്ഥകള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ അവധികള്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഹരജിക്കാര്‍ വാദിച്ചു. പിന്നാലെ മാനേജ്മെന്റുമായി കൂടിയാലോചിച്ചതിന് ശേഷമാണോ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചു.

ഇല്ലെന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് അത് പിന്‍വലിക്കുകയുമായിരുന്നു. നടപടി സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്നും പുനപരിശോധിക്കണമെന്നും അറിയിച്ച് അഡ്വ. ജനറല്‍ ശശി കിരണ്‍ ഷെട്ടി രംഗത്തെത്തിയതോടെയാണ് സ്റ്റേ പിന്‍വലിച്ചത്.

Content Highlight: Karnataka High Court stays government order regarding menstrual leave