ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ടിപ്പു ജയന്തിയെ ചൊല്ലി വിവാദം. മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് കര്‍ണാടക നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതിനിടെയാണ് വിവാദമുയര്‍ന്നത്.
കോണ്‍ഗ്രസ് എം.എല്‍.എ വിജായനന്ദ ശിവശങ്കരപ്പ കാശപ്പണവരാണ് ടിപ്പു ജയന്തി ആഘോഷം സംസ്ഥാനത്ത് തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചത്.
സംസ്ഥാനത്ത് ടിപ്പു ജയന്തി സംഘടിപ്പിക്കാനുള്ള നിര്‍ദേശം താന്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസ് ടിപ്പു ജയന്തിയും പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനവും ഒസാമ ബിന്‍ ലാദന്റെ ജന്മദിനവുമൊക്കെ ആഘോഷിക്കട്ടെ, അവരുടെയൊക്കെ സര്‍ക്കാരല്ലേ ഭരിക്കുന്നത്.
അക്കാര്യം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എല്‍.എയുമായ ആര്‍.അശോക പ്രതികരിച്ചു.
2017ല്‍ വിദാന്‍ സൗധയില്‍ നടന്ന ഒരു ടിപ്പു ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും Photo: IANS File
എന്നാല്‍, ബി.ജെ.പിയുടെ എതിര്‍പ്പിനെ തള്ളിടക്കളഞ്ഞ വിജായനന്ദ, ബി.ജെ.പിയുടെ ശക്തനായ നേതാവായിരുന്ന ബി.എസ് യെദ്യൂരപ്പ തന്നെയാണ് ടിപ്പിവുന്റെ ജന്മദിനം ആഘോഷമാക്കിയിരുന്നതെന്ന് പറഞ്ഞു. ബി.ജെ.പിക്ക് ആവശ്യമുള്ളപ്പോള്‍ അവരത് ആഘോഷമാക്കി. ഇപ്പോള്‍ അവര്‍ക്കത് ആവശ്യമില്ല, പക്ഷെ ഇത് നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വിജായനന്ദ പ്രതികരിച്ചു.
ടിപ്പു സുല്‍ത്താന്‍ കര്‍ണാടകയില്‍ ജനിച്ചുവളര്‍ന്നയാളാണ്. അദ്ദേഹത്തിന്റെ കുടുംബം ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തിനായി എല്ലാം ത്യജിച്ചവരാണെന്നും എം.എല്‍.എ പറഞ്ഞു,
‘ടിപ്പു ജയന്തി ആഘോഷിക്കുന്നതില്‍ എന്താണ് തെറ്റ്? അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയാണെന്ന് ഡോ. ബി.ആര്‍. അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആധുമിക റോക്കറ്റ് വികസിപ്പിക്കുന്നതിലേക്ക് വരെ അദ്ദേഹത്തിന്റെ സംഭാവനയുണ്ട്. ആ ചരിത്രം എല്ലാവര്‍ക്കും അറിയാം. ബി.ജെ.പി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ്,’ വിജയാനന്ദ പറഞ്ഞു.
എം.എല്‍.എയുടെ പ്രതികരണത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയത്.
ടിപ്പു സുല്‍ത്താന്റെ യഥാര്‍ത്ഥ സ്വഭാവം കോണ്‍ഗ്രസ് പഠിക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.ടി രവി ആവശ്യപ്പെട്ടു.
ആഘോഷ പരിപാടിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
2017 ല്‍ ബെംഗളൂരുവില്‍ നടന്ന ഒരു ടിപ്പു ജയന്തി ആഘോഷത്തില്‍ നിന്നുള്ള ദൃശ്യം Photo: IANS File
അതേസമയം, വിവാദം കനക്കുന്നതിനിടെ ടിപ്പു ജയന്തി താന്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ച് കര്‍ണാടക വഖഫ്, ഭവന വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ മാധ്യമങ്ങളെ കണ്ടു.
രാജ്യത്തെമ്പാടും ടിപ്പു അനുയായികള്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നുണ്ട്. കഴിഞ്ഞമാസം തങ്ങളും ആഘോഷം നടത്തിയിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ വിധാന്‍ സൗധയിലെ വിരുന്ന് ഹാളില്‍ വെച്ച് ആഘോഷം നടത്തുമായിരുന്നു. ഇപ്പോഴാണ് അത് നിര്‍ത്തിവെച്ചത്. എന്നാല്‍ നിര്‍ത്തിവെച്ചെന്ന് കരുതി മറ്റെവിടെയെങ്കിലും സംഘടിപ്പിക്കണമല്ലോ എന്നും മന്ത്രി പറഞ്ഞു.
മുമ്പ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് സിദ്ധരാമയ്യ ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കുന്ന രീതിക്ക് തുടക്കം കുറിച്ചത്.
എന്നാല്‍, പിന്നീട് കുടകില്‍ ടിപ്പു ജയന്തിക്കെതിരായി നടന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമാവുകയും ചെയ്തതോടെ ടിപ്പു ജയന്തി വലിയ രീതിയില്‍ ആഘോഷമാക്കുന്നത് നിര്‍ത്തിവെച്ചിരുന്നു.
പിന്നീട് പൂര്‍ണമായും ആഘോഷങ്ങള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. വീണ്ടും ടിപ്പു ജയന്തി ആഘോഷങ്ങള്‍ ആരംഭിക്കണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ആവശ്യം.
Content Highlight: Karnataka Congress to celebrate Tipu Jayanti; BJP says celebrate Pakistan’s Independence Day too