എച്ച്.ഡി കുമാരസ്വാമിയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു
national news
എച്ച്.ഡി കുമാരസ്വാമിയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 6:15 pm

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയേയും കുടുംബാംഗങ്ങളേയും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. സിദ്ധരാജു, ചാമഗൗഡ എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് വീഡിയോയിലൂടെ കുമാരസ്വാമിയേയും മകന്‍ നിഖില്‍ കുമാരസ്വാമിയേയും അപകീര്‍ത്തിപ്പെടുത്തയെന്ന് ആരോപിച്ചാണ് യുവാക്കളെ അറസ്റ്റു ചെയ്തിരിക്കുന്നത്.

32 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സിദ്ധരാജുവും ചാമഗൗഡയും കുമാരസ്വാമിയേയും നിഖില്‍ കുമാരസ്വാമിയേയും വിമര്‍ശിച്ച് സംസാരിച്ചത്. ഇവര്‍ക്കെതിരെ 406, 420, 499 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ദേവഗൗഡയേയും കുടുംബത്തേയും അപമാനിച്ച് ലേഖനമെഴുതിയെന്നാരോപിച്ച് മുതിര്‍ന്ന കന്നഡ പത്രപ്രവര്‍ത്തകന്‍ വിശ്വേശര്‍ ഭട്ടിനെതിരെ രണ്ടാഴ്ച മുമ്പ് കേസെടുത്തിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് മൂന്നു ദിവസത്തിനിടെ നാലുപേരെ അറസ്റ്റു ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയ, നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനല്‍ നാഷണല്‍ ലൈവിന്റെ എഡിറ്റര്‍ ഇഷിത സിങ്, ഹെഡ്ഡ് അനുജ ശുക്ല എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

തനിക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു യുവതി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ദ വയറിന്റെ മുന്‍ റിപ്പോര്‍ട്ടറും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ കനോജിയയെ അറസ്റ്റ് ചെയ്തത്.

കനോജിയ ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം നാഷന്‍ ലൈവ് ഇക്കാര്യം വാര്‍ത്തയാക്കി. ഇതിനാണ് ഐ.ടി നിയമം 66 പ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്.

പൊലീസ് നടപടിക്കെതിരേ സാമൂഹ്യമാധ്യത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. #FreePrashantNow എന്ന ഹാഷ് ടാഗാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.