ബി.ജെ.പിയുമായി അഭിപ്രായവ്യത്യാസമില്ല; എന്‍.ഡി.എയുമായി സഖ്യം തുടരും; റിപ്പോര്‍ട്ടുകള്‍ തള്ളി നിതീഷ് കുമാര്‍
India
ബി.ജെ.പിയുമായി അഭിപ്രായവ്യത്യാസമില്ല; എന്‍.ഡി.എയുമായി സഖ്യം തുടരും; റിപ്പോര്‍ട്ടുകള്‍ തള്ളി നിതീഷ് കുമാര്‍
ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 3:07 pm

പാറ്റ്‌ന: ജെ.ഡി.യുവും ബി.ജെ.പിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാ ദള്‍ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍. എന്‍.ഡി.എയില്‍ എല്ലാ കാര്യങ്ങളും നന്നായി പോകുന്നുണ്ടെന്നും ബി.ജെ.പിയുമായി നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുമായിരുന്നു നിതീഷ് പ്രതികരിച്ചത്.

നേരത്തെ ബി.ജെ.പിയുമായുള്ള അതേ ബന്ധം ഇപ്പോഴും തുടരുന്നു. ബീഹാറിലെ എന്‍.ഡി.എ സഖ്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല-അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമാകുമാകുമെന്നും എന്നാല്‍ ജാര്‍ഖണ്ഡ്, ദല്‍ഹി, ജമ്മുകാശ്മീര്‍, ഹരിയാന എന്നിവിടങ്ങളില്‍ തനിച്ചുമത്സരിക്കുമെന്നും എന്‍.ഡി.എയുമായി സഖ്യമില്ലെന്നും നിതീഷ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജെ.ഡി.യു എന്‍.ഡി.എ സഖ്യം പിളര്‍പ്പിന്റെ വക്കിലെന്ന റിപ്പോര്‍ട്ട് എത്തിയത്.

ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തിനൊപ്പം മത്സരിച്ച ജെ.ഡി.യു 17 ല്‍ 16 സീറ്റുകളും വിജയിച്ചിരുന്നു.

മോദി മന്ത്രിസഭയില്‍ ജെ.ഡി.യുവിന് വേണ്ട പരിഗണന ലഭിക്കാത്തതില്‍ നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബീഹാറില്‍ എന്‍.ഡി.എ നേടിയ വിജയം ബീഹാറിലെ ജനങ്ങളുടെ വിജയമാണെന്നും ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല ജനം എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തതെന്നും നിതീഷ് കുമാര്‍ പിന്നാലെ പറഞ്ഞിരുന്നു.

കൂടാതെ ബി.ജെ.പി നേതാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ എട്ട് ജെ.ഡി.യു നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി നിതീഷ് കുമാര്‍ മന്ത്രിസഭ വിപുലീകരിച്ചതോടെ ബി.ജെ.പിയുമായി നിതീഷ് കുമാര്‍ അകലുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.