അജ്ഞാതനായ ആറാമന്‍ ആര്? ട്രെന്‍ഡിങ്ങായി കരിക്കിന്റെ സാമര്‍ത്ഥ്യ ശാസ്ത്രം
Entertainment news
അജ്ഞാതനായ ആറാമന്‍ ആര്? ട്രെന്‍ഡിങ്ങായി കരിക്കിന്റെ സാമര്‍ത്ഥ്യ ശാസ്ത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th November 2022, 11:23 am

ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരരായി മാറിയവരാണ് കരിക്ക് ടീം. ഓരോ പ്രാവശ്യവും ഫ്രഷ് കണ്ടന്റുകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നവരാണ് ഇവര്‍. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സാമര്‍ത്ഥ്യ ശാസ്ത്രമാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങാവുന്നത്.

വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ച് പേര്‍ക്കിടയില്‍ സംഭവിച്ച തട്ടിപ്പില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അഞ്ചുപേര്‍ക്കും ഒരേ പോലെയുള്ള കത്തുകള്‍ കിട്ടുകയും തുടര്‍ന്ന് ഇവര്‍ കത്തില്‍ പറഞ്ഞ ആറാമന്റെ നിര്‍ദേശപ്രകാരം മുന്നോട്ട് പോകുന്നതാണ് ആദ്യ എപ്പിസോഡ്. വളരെ രസകരമായ കോമഡി രംഗങ്ങള്‍ ഈ എപ്പിസോഡില്‍ ഉണ്ട്. ഡേയ്‌സി എന്ന കഥാപാത്രത്തിന്റെ അമ്മൂമയുടെ പെര്‍ഫോമന്‍സും അതില്‍ എടുത്ത് പറയേണ്ടതാണ്.

ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെയും സാമര്‍ത്ഥ്യ ശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വേണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൃഷ്ണചന്ദ്രന്റെ പെര്‍ഫോമന്‍സാണ് ഇത്തവണത്തെ എപ്പിസോഡില്‍ എടുത്ത് പറയേണ്ടത്. കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ആരാധകര്‍ ഏറെ ഉള്ള കൃഷ്ണ ഇത്തവണ വ്യത്യസ്തമായ ഗെറ്റപ്പിലാണ്.

പലചരക്ക് കട നടത്തുന്ന വേണുവായി വളരെ സീരിയസായിട്ടാണ് കൃഷ്ണയെ കാണാന്‍ സാധിക്കുന്നത്. അതേസമയം തൊട്ട് മുമ്പത്തെ ജബ്‌ല എന്ന സിരീസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട കിരണ്‍ വീണ്ടും തന്റെ കോമഡി ട്രാക്കിലേക്ക് തിരിച്ച് വന്നിട്ടുമുണ്ട്.

ഇവര്‍ക്ക് എല്ലാം കത്ത് അയച്ച ആറാമന്‍ ഇപ്പോഴും അജ്ഞാതനാണ്. ആരാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നതിനേക്കുറിച്ച് ഒരു സൂചനയും പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടില്ല. സസ്‌പെന്‍സായ ഈ കഥാപാത്രമാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്.

വ്യാഴാഴ്ച ഏഴ്മണിക്ക് റീലീസ് ചെയ്ത വീഡിയോ ഇതിനോടകം 1.8 മില്യണ്‍ കാഴ്ചക്കാരിലേക്കാണ് എത്തിയത്. സാമര്‍ത്ഥ്യ ശാസ്ത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരില്‍ നിന്നും ലഭിക്കുന്നത്. അടുത്ത എപ്പിസോഡ് വേഗത്തില്‍ റിലീസ് ചെയ്യണമെന്ന കമന്റും വീഡിയോക്ക് താഴെ വരുന്നുണ്ട്.

കരിക്കിന്റെ ഓരോ എപ്പിസോഡിനെയും വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നത്.

നിലീന്‍ സാന്ദ്ര രചന നിര്‍വ്വഹിച്ചിരിക്കുന്ന സാമര്‍ത്ഥ്യ ശാസ്ത്രം സീരിസിന്റെ സംവിധാനം ശ്യാമിന്‍ ഗിരീഷ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ പ്രസാദ്, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠം, ഛായാഗ്രഹണം അഖില്‍ സേവ്യര്‍, കലാസംവിധാനം ശിവദാസ് കാവുള്ളപുരയില്‍, സംഗീതം ലിയോണല്‍ ആന്‍ഡ് ഗോപു, വസ്ത്രാലങ്കാരം കരോളിന്‍ ജോസഫ് ആലപ്പാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ റിയാസ്, ജോര്‍ജ്, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്സ് അനീഷ് പി. ആനന്ദ് മാത്യൂസ്.

content highlight: karikku new episode samarthya shastram