ഇന്ത്യയുടെ അടുത്ത ഹെഡ് കോച്ച് ധോണിയാകണം, എന്നാല്‍ കളി മാറും; പ്രസ്താവനയുമായി മുന്‍ പാക് നായകന്‍
Sports News
ഇന്ത്യയുടെ അടുത്ത ഹെഡ് കോച്ച് ധോണിയാകണം, എന്നാല്‍ കളി മാറും; പ്രസ്താവനയുമായി മുന്‍ പാക് നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th November 2022, 10:10 am

ടി-20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

ദ്രാവിഡ് ടെസ്റ്റ് ഫോര്‍മാറ്റിലാണ് ടി-20യില്‍ പോലും ടീമിനെ സജ്ജമാക്കുന്നത് എന്നായിരുന്നു ആരാധകരുടെ പ്രധാന വിമര്‍ശനം. ടി-20 ഫോര്‍മാറ്റിന് യോജിക്കാത്ത താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് ദ്രാവിഡിന് ധാരാളം വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

പരിശീലക സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ ടീമിന്റെ ഹെഡ് കോച്ചായി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്.

ഒരു പരിശീലകന്‍ കളിക്കാരെ സംബന്ധിച്ച ഒരു മെന്റര്‍ കൂടിയാണെന്നും ഇന്ത്യയെ പല ലോകകിരീടങ്ങളിലേക്കും നയിച്ച ധോണി ആ സ്ഥാനത്തേക്ക് യോജിച്ചയാളാണെന്നും ബട്ട് പറയുന്നു.

‘വി.വി.എസ്. ലക്ഷ്മണും വിരേന്ദര്‍ സേവാഗും മികച്ച താരങ്ങള്‍ തന്നെയാണ്. എന്നാല്‍ ലീഡര്‍ഷിപ്പ് ക്വാളിറ്റിയും കൃത്യമായ ടാക്ടിക്‌സും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

ഒരു പരിശീകന്‍ താരങ്ങളെ സംബന്ധിച്ച് ഒരു മെന്റര്‍ കൂടിയായിരിക്കണം. ഈ കാര്യങ്ങളില്‍ എം.എസ്. ധോണി എത്രത്തോളം സക്‌സസ്ഫുള്ളാണെന്ന് പരിശോധിക്കുമ്പോള്‍ ആദ്ദേഹം തന്നെയാണ് കോച്ച് എന്ന നിലയില്‍ എന്റെ ഫസ്റ്റ് ചോയ്‌സ്,’ ബട്ട് പറയുന്നു.

യുവതാരങ്ങള്‍ക്ക് ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും സല്‍മാന്‍ ബട്ട് പറയുന്നു.

‘റിസ്‌ക്കുകളെടുക്കാത്തോളം കാലം മികച്ച കാര്യങ്ങളൊന്നും തന്നെ സംഭവിക്കില്ല. ഇതൊരിക്കലും ഒരു റിസ്‌ക് എടുക്കലല്ല, ഇത് താരങ്ങളെ പരീക്ഷിക്കുന്നതാണ്.

എല്ലാവരും വിജയിക്കുന്നത് ഇങ്ങനെയാകണമെന്നില്ല, നിങ്ങള്‍ ആളുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇപ്പോഴുള്ള വിടവ് നികത്താന്‍ പോന്ന ഒന്നോ രണ്ടോ താരങ്ങളെ കണ്ടെത്താന്‍ സാധിക്കും,’ ബട്ട് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ്. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും അത്ര തന്നെ ടി-20 മത്സരങ്ങള്‍ക്കായാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്നത്. രാഹുല്‍ ദ്രാവിഡിന് പകരം വി.വി.എസ്. ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലക സ്ഥാനത്തെത്തിയിരിക്കുന്നത്.

 

ടി-20യില്‍ ഹര്‍ദിക് പാണ്ഡ്യയും ഏകദിനത്തില്‍ ശിഖര്‍ ധവാനുമാണ് ഇന്ത്യയെ നയിക്കുന്നത്.

നവംബര്‍ 18നാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. വെല്ലിങ്ടണ്‍ റീജ്യണല്‍ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Former Pak captain Salman Butt says MS Dhoni would be his first choice as India head coach