നിങ്ങളാണോ ആ ഫേയ്മസായ ഇന്ത്യന്‍ സിനിമയില്‍ അഭിനയിച്ചത്; സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗ് ചോദിച്ചു: കരീന കപൂര്‍
Entertainment
നിങ്ങളാണോ ആ ഫേയ്മസായ ഇന്ത്യന്‍ സിനിമയില്‍ അഭിനയിച്ചത്; സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗ് ചോദിച്ചു: കരീന കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th May 2025, 2:31 pm

2009ല്‍ പുറത്തിറങ്ങിയ രാജ്കുമാര്‍ ഹിരാനി ചിത്രമാണ് ത്രീ ഇഡിയറ്റ്സ്. ആമിര്‍ ഖാന്‍, ആര്‍. മാധവന്‍, ശര്‍മന്‍ ജോഷി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ സിനിമ ഒരു എഞ്ചിനീയറിങ്ങ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തെ ചുറ്റിപറ്റിയുള്ള കഥയായിരുന്നു.

ചിത്രത്തിന് വ്യാപകമായ നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇന്ത്യയില്‍ ആദ്യ ആഴ്ച്ചയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. അതുവരെ ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് ഡേ കളക്ഷന്‍ സ്വന്തമാക്കാനും ത്രീ ഇഡിയറ്റ്സിന് സാധിച്ചു. ചിത്രത്തില്‍ നായികയായി എത്തിയത് കരീന കപൂര്‍ ആയിരുന്നു.

ഇപ്പോള്‍ സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗ് ത്രീ ഇഡിയറ്റ്‌സ് തന്റെ ഇഷ്ട സിനിമയാണെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കരീന പറയുന്നു.

താന്‍ വിദേശത്തൊരു ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും അതേ ഹോട്ടലില്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്ഗ് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നുവെന്നും കരീന പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗ് തന്റെ അടുത്ത് വന്ന് താനാണോ ത്രീ ഇഡിയറ്റ്‌സില്‍ അഭിനയിച്ച നടിയെന്ന് ചോദിക്കുകയുണ്ടായെന്നും അതേ എന്നായിരുന്നു തന്റെ മറുപടിയെന്നും കരീന പറഞ്ഞു.

തനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണ് അത് എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും കരീന കൂട്ടിച്ചേര്‍ത്തു. വേവ്‌സ് സമ്മിറ്റ് 2025 ല്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഞാന്‍ അന്ന് ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അവിടെയുള്ള ഹോട്ടലില്‍ കയറി. അതേ റെസ്‌റ്റോറന്റ്റില്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്ഗ് ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. കൃത്യമായി പറയുകയാണെങ്കില്‍ ത്രീ ഇഡിയറ്റ്‌സ് റിലീസായ സമയത്താണ്. അദ്ദേഹം ശരിക്കും എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു. ‘ നിങ്ങളാണോ വളരെ ഫേമസായ ആ ഇന്ത്യന്‍ സിനിമയില്‍ അഭിനയിച്ച നടി, മൂന്ന് വിദ്യാര്‍ത്ഥികളെ പറ്റി പറയുന്ന ആ സിനിമ’ ഞാന്‍ അദ്ദേഹത്തോട് ‘ യെസ് അത് ഞാനാണ്’.എന്ന് പറഞ്ഞു. ‘ഓ ഗോഡ് ആ സിനിമ എനിക്ക് വളരെ ഇഷ്ടമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് എനിക്ക് ഇന്നും ഓര്‍മയുണ്ട്,’ കരീന കപൂര്‍ പറയുന്നു.

Content Highlight: Kareena  kapoor  says that Steven Spielberg told her that Three Idiots is his favorite movie.