ഷാരൂഖിന്റെത് ഓവര്‍ ആക്റ്റിംഗ് ആയി തോന്നി; ഞാന്‍ ആമീര്‍ ഖാന്റെ ആരാധകനായിരുന്നു; കരണ്‍ ജോഹര്‍
indian cinema
ഷാരൂഖിന്റെത് ഓവര്‍ ആക്റ്റിംഗ് ആയി തോന്നി; ഞാന്‍ ആമീര്‍ ഖാന്റെ ആരാധകനായിരുന്നു; കരണ്‍ ജോഹര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th November 2020, 9:33 am

മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായും സൗഹൃദമായും വിലയിരുത്തുന്ന ഒന്നാണ് ഷാരൂഖ് ഖാന്റെയും കരണ്‍ ജോഹറിന്റെയും. ഷാരൂഖിനെ കിംഗ് ഖാനായി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് കരണ്‍ വഹിച്ചിട്ടുണ്ട്.

എന്നാല്‍ തുടക്കകാലത്ത് തനിക്ക് ഷാരൂഖിന്റെ ഓവര്‍ ആക്ടിംഗ് ആയിട്ടായിരുന്നു തോന്നിയതെന്ന് വെളിപ്പെടുത്തുകയാണ് കരണ്‍. തന്റെ ആത്മകഥയായ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയിലാണ് കരണിന്റെ ഈ പരാമര്‍ശം.

തനിക്ക് തുടക്കകാലത്ത് ഷാരൂഖിന്റെ അഭിനയം ഇഷ്ടമല്ലായിരുന്നു താന്‍ ആമീര്‍ഖാന്റെ ഫാനായിരുന്നെന്നും കരണ്‍ പറയുന്നു. ഇതിന്റെ പേരില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അപൂര്‍വ മെഹ്തയുമായി ഫാന്‍ ഫൈറ്റ് അടക്കം നടത്തിയിരുന്നെന്നും കരണ്‍ പറയുന്നു.

1991 ലാണ് ഷാരൂഖ് ഖാന്‍ ബോളിവുഡിലേക്ക് വരുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനേ ആയിരുന്നില്ല. തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തും ഇപ്പോള്‍ ധര്‍മ പ്രൊഡക്ഷന്‍സിന്റെ സി.ഇ.ഒയുമായ അപൂര്‍വയ്ക്ക് ഷാരൂഖിനെ ഇഷ്ടമായിരുന്നു. ഞാന്‍ ആമീറിന്റെ ടീമും അവന്‍ ഷാരുഖിന്റെ ടീമുമായിരുന്നു. അപ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ക്കാണ് ഷാരൂഖിനോട് താല്‍പ്പര്യമുണ്ടായിരുന്നത്. അതേസമയം എന്നേപ്പോലെയുള്ള നിരവധി പേര്‍ക്ക് ആമിറിനോടായിരുന്നു താല്‍പ്പര്യം എന്നും കരണ്‍ ആത്മകഥയില്‍ എഴുതുന്നു.

ഷാരൂഖിന്റെ ധീവാനയിലെ അഭിനയം തനിക്ക് തീരെ പിടിച്ചിരുന്നില്ലെന്നും കരണ്‍ പറഞ്ഞു. അതേസമയം ആമീര്‍ വളരെ ബോറിങ്ങാണെന്നും നിങ്ങളെന്തിനാണ് അയാളെ ഇഷ്ടപ്പെടാന്‍ കാരണമെന്നും അപൂര്‍വ സ്ഥിരമായി ചോദിക്കുമായിരുന്നെന്നും കരണ്‍ എഴുതുന്നു.

ഷാരുഖിന്റെ എക്കാലത്തെയും ഹിറ്റ് സിനിമയായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേഗെയിലൂടെയാണ് കരണും ഷാരൂഖ് ഖാനും അടുക്കുന്നത്. പിന്നീട് ഷാരൂഖിനെ നായകനായി കുച്ച് കുച്ച് ഹോത്താ ഹേയിലൂടെ കരണ്‍ സ്വതന്ത്ര സംവിധായകനായി മാറി.

ഈ ചിത്രം ആ വര്‍ഷത്തെ 8 ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ നേടി. കഭി ഖുശി കഭി ഘം, കഭി അല്‍വിദ നാ കെഹ്‌ന, മൈ നെയിം ഈസ് ഖാന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഷാരൂഖിനെ നായകനാക്കി കരണ്‍ ഒരുക്കിയിരുന്നു.

Content Highlights: Karan Johar said Shah Rukh Khan overacted, was firmly with Team Aamir Khan