നെപ്പോ കിഡ്ഡുകളാണെങ്കിലും ആ രണ്ട് ആര്‍ട്ടിസ്റ്റുകള്‍ കഴിവ് കൊണ്ട് പിടിച്ചുനിന്നവരാണ്, അവരെ പരിചയപ്പെടുത്തിയത് ഞാനാണ്: കരണ്‍ ജോഹര്‍
Entertainment
നെപ്പോ കിഡ്ഡുകളാണെങ്കിലും ആ രണ്ട് ആര്‍ട്ടിസ്റ്റുകള്‍ കഴിവ് കൊണ്ട് പിടിച്ചുനിന്നവരാണ്, അവരെ പരിചയപ്പെടുത്തിയത് ഞാനാണ്: കരണ്‍ ജോഹര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 7:15 pm

ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ് കരണ്‍ ജോഹര്‍. ഷാരൂഖ് ഖാനുമൊത്ത് ഒട്ടനവധി ഹിറ്റുകള്‍ സിനിമാലോകത്തിന് കരണ്‍ ജോഹര്‍ സമ്മാനിച്ചിട്ടുണ്ട്. കുച്ച് കുച്ച് ഹോത്താ ഹെ, മൈ നെയിം ഈസ് ഖാന്‍, കഭി അല്‍വിദാ നാ കെഹ്‌നാ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കരണ്‍ ജോഹര്‍ നിര്‍മാതാവെന്ന നിലയിലും ഒരുപാട് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.

ബോളിവുഡില്‍ നെപ്പോട്ടിസത്തെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന വിമര്‍ശനം പലപ്പോഴും കരണ്‍ ജോഹറിന് നേരെ ഉയര്‍ന്നിട്ടുണ്ട്. താരങ്ങളുടെ മക്കള്‍ പ്രധാന കഥാപാത്രങ്ങളാക്കി ഒരുപാട് സിനിമകള്‍ നിര്‍മിക്കുന്ന കരണ്‍ ജോഹറെ ‘നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍’ എന്ന് പല സംവിധായകരും വിമര്‍ശിച്ചിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് കരണ്‍ ജോഹര്‍.

ഒരുപാട് താരങ്ങളുടെ മക്കള്‍ക്ക് തന്റെ സിനിമകളിലൂടെ അവസരം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഈ വിമര്‍ശനങ്ങളില്‍ കാര്യമുണ്ടെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. എന്നാല്‍ അതേ രീതിയില്‍ താന്‍ പരിചയപ്പെടുത്തിയ ആര്‍ട്ടിസ്റ്റുകളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമെന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു. നെപ്പോ കിഡ്‌സ് എന്ന ലേബലില്‍ വന്നവരാണെങ്കിലും കഴിവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനിന്നവരാണ് അവരെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

 

സാങ്കേതികമായി അവരെ നെപ്പോ കിഡ്‌സ് എന്ന് വിളിച്ചാലും അവരുടെ വിജയം അര്‍ഹതപ്പെട്ടതാണെന്നും കരണ്‍ ജോഹര്‍ പറയുന്നു. അവരുടെ കഠിനാധ്വാനം കാണുമ്പോള്‍ അങ്ങനെ വിളിക്കാന്‍ തോന്നുമോ എന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു. നെപ്പോ കിഡ്ഡുകളുടെ സിനിമ മാത്രം സപ്പോര്‍ട്ട് ചെയ്യുന്ന ആളായിരുന്നെങ്കില്‍ കില്‍ പോലെ ഒരു സിനിമ താന്‍ നിര്‍മിക്കാന്‍ ധൈര്യം കാണിക്കുമോ എന്നും കരണ്‍ ജോഹര്‍ ചോദിക്കുന്നു. രാജ് ശമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നെപ്പോട്ടിസത്തിന്റെ ഫ്‌ളാഗ് ബെയററാണ് ഞാനെന്ന് പലരും പറയാറുണ്ട്. താരങ്ങളുടെ മക്കള്‍ പലരും സിനിമയിലേക്കെത്തിയത് എന്റെ ചിത്രങ്ങളിലൂടെയാണ്. അതുകൊണ്ട് ആ വിമര്‍ശനത്തില്‍ സത്യമുണ്ട്. പക്ഷേ, ഇന്ന് ബോളിവുഡിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ വെറും നെപ്പോ കിഡ്‌സ് എന്ന് വിളിക്കാന്‍ സാധിക്കുമോ?

അവര്‍ സിനിമക്ക് വേണ്ടി നടത്തുന്ന കഠിനാധ്വാനത്തെ കണ്ടില്ലെന്ന് വെക്കാന്‍ സാധിക്കുമോ? അവരുടെ വിജയങ്ങള്‍ ആസ്വദിക്കാന്‍ അവര്‍ക്ക് അര്‍ഹതയില്ലേ? രണ്‍ബീറിനെയും ആലിയയെയും കൊണ്ടുവന്നത് ഞാനാണ്. അതുമാത്രമല്ല, നെപ്പോ കിഡ്ഡുകളുടെ സിനിമ മാത്രം സപ്പോര്‍ട്ട് ചെയ്യുന്ന ആളാണെങ്കില്‍ കില്‍ എന്ന സിനിമ ഒരു പുതുമുഖത്തെ വെച്ച് ചെയ്യുമോ. അതിലെ നായകന്‍ ഇപ്പോള്‍ സെന്‍സേഷനാണ്,’ കരണ്‍ ജോഹര്‍ പറയുന്നു.

Content Highlight: Karan Johar reacts to the criticisms he facing about Nepotism