കാപ്പാന്റെ ടീസറെത്തി; മോഹന്‍ലാല്‍ പ്രധാനമന്ത്രി, സൂര്യ ഇരട്ടവേഷത്തിലെന്ന് സൂചന- വീഡിയോ
Tollywood
കാപ്പാന്റെ ടീസറെത്തി; മോഹന്‍ലാല്‍ പ്രധാനമന്ത്രി, സൂര്യ ഇരട്ടവേഷത്തിലെന്ന് സൂചന- വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th April 2019, 8:32 pm

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ടീസറെത്തി. തമിഴ് പുതുവത്സരത്തോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്കു പുതുവര്‍ഷ സമ്മാനമായി ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലെത്തുന്നുവെന്നാണു സൂചന.

ഇന്ത്യന്‍ രാഷ്ട്രീയമാണു കാപ്പാന്‍ ചര്‍ച്ച ചെയ്യുന്നത്. ഭീകരവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കുമിത്. രക്ഷിക്കും എന്നര്‍ഥം വരുന്ന തമിഴ് വാക്കാണ് കാപ്പാന്‍.

ഒരു രാഷ്ട്രീയക്കാരന്റെ ചിത്രത്തില്‍ മോഹന്‍ലാലും സൈനിക കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും എത്തുമെന്നാണു നേരത്തേ അറിഞ്ഞിരുന്നതെങ്കിലും പിന്നീട് പുറത്തുവിട്ട ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നാണു പ്രധാനമന്ത്രിയുടെ വേഷത്തിലാണു മോഹന്‍ലാല്‍ എത്തുന്നതെന്ന് വ്യക്തമായത്. ലൊക്കേഷന്‍ ചിത്രങ്ങളിലെ ഒരു ഫ്‌ളക്‌സിലുള്ള ‘ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ’ എന്ന വാചകത്തില്‍ നിന്നാണ് ഇതു വ്യക്തമായത്.

സയേഷയാണു ചിത്രത്തിലെ നായിക. ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നു. ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹാരിസ് ജയരാജിന്റേതാണ്. ഗവേമിക് യു ആരിയാണ് ക്യാമറ.

ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുന്നുണ്ടെന്നു സൂചനയുണ്ട്.