കേരള ബോക്‌സ് ഓഫീസില്‍ 55 കോടി തൂക്കി; കുതിപ്പ് തുടര്‍ന്ന് കാന്താര
Malayalam Cinema
കേരള ബോക്‌സ് ഓഫീസില്‍ 55 കോടി തൂക്കി; കുതിപ്പ് തുടര്‍ന്ന് കാന്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st October 2025, 8:44 am

ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് റിഷബ് ഷെട്ടിയുടെ കാന്താര: ചാപ്റ്റര്‍ വണ്‍. ആഗോളതലത്തില്‍ 600 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ കര്‍ണാടകയില്‍ നിന്ന് മാത്രം 200 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നിലവില്‍ സിനിമ കേരളത്തില്‍ നിന്ന് മാത്രം 55 കോടി കളക്ഷനാണ് നേടിയത്. ഇന്നലെ കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പൃഥ്വിരാജ് സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതര ഭാഷ ചിത്രത്തിന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് സിനിമ കേരളത്തില്‍ വിതരണം ചെയ്തത്. കേരള ബോക്സ് ഓഫീസില്‍ ഒരു മഹത്തായ നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ച് കൊണ്ടുള്ള പോസ്റ്റാണ് പൃഥ്വിരാജ് ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ദക്ഷിണ കര്‍ണാടകയില്‍ കണ്ടുവരുന്ന ഭൂതക്കോലം എന്ന അനുഷ്ഠാന കലയെ ആസ്പദമാക്കി 2022ല്‍ പുറത്തിറക്കിയ ചിത്രമാണ് കാന്താര. ചിത്രത്തിലെ പ്രകടനത്തിന് റിഷബ് ഷെട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

കര്‍ണാടകയില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിന്റെ പ്രീക്വലായാണ് കാന്താര ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. ഒക്ടോബര്‍ 2 നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിഷബ് നായകനായെത്തിയ ചിത്രത്തില്‍ നായികയായി എത്തിയത് രുക്മിണി വസന്ത് ആയിരുന്നു. സിനിമയില്‍ ജയറാം ഒരു പ്രധാനവേഷത്തിലെത്തുകയും തന്റെ പ്രകടനത്തിന് മികച്ച കയ്യടി നേടുകയും ചെയ്തിരുന്നു.

Content highlight: Kanthara Chapter One’s Kerala Box Office Collection