നദ്‌വിക്കെതിരായ കാക്കനാടന്റെ ആരോപണം വാര്‍ത്തയാക്കുന്നത് കാന്തപുരം തടഞ്ഞു; ഒന്നരപ്പതിറ്റാണ്ടിന് ശേഷം അര്‍ഹിച്ചത് കിട്ടി: ഒ.എം. തരുവണ
Kerala News
നദ്‌വിക്കെതിരായ കാക്കനാടന്റെ ആരോപണം വാര്‍ത്തയാക്കുന്നത് കാന്തപുരം തടഞ്ഞു; ഒന്നരപ്പതിറ്റാണ്ടിന് ശേഷം അര്‍ഹിച്ചത് കിട്ടി: ഒ.എം. തരുവണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th September 2025, 11:18 am

കോഴിക്കോട്: ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരായ കാക്കനാടന്റെ ആരോപണം വാര്‍ത്തയാക്കുന്നത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ തടഞ്ഞിരുന്നതായി മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. എ.പി. വിഭാഗം സമസ്ത അനുകൂല മാധ്യമ പ്രവര്‍ത്തകന്‍ ഒ.എം. തരുവണയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2010-11 കാലത്ത് ശഅറ് മുബാറക് വിവാദം കത്തിനില്‍ക്കുന്ന കാലത്ത് എതിര്‍പക്ഷത്തെ അടിക്കാനുള്ള ആയുധമെന്ന നിലയില്‍ കാക്കനാടന്റെ പുസ്തകത്തിലുള്ള പരാമര്‍ശം വാര്‍ത്തയാക്കാന്‍ താന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ കാന്തപുരമാണ് അത് തടഞ്ഞതെന്നും ഒ.എം. തരുവണ പറയുന്നു.

പുസ്തകത്തിലെ പരാമര്‍ശം ഉള്‍പ്പെടുത്തിയുള്ള ലേഖനം തയ്യാറാക്കിയ ശേഷം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കാന്തപുരത്തെ കാണിച്ചെന്നും എന്നാല്‍ അദ്ദേഹം അത് പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചില്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു. കാന്തപുരത്തിനെതിരെ നദ്‌വിയുള്‍പ്പടെയുള്ളവര്‍ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അതെന്നും ശത്രുപക്ഷത്തെ അടിക്കാനുള്ള ആയുധമായി ഈ പുസ്തകത്തിലെ പരാമര്‍ശത്തെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാന്തപുരം അതിന് വഴങ്ങിയില്ലെന്നും ഒ.എം. തരുവണ കൂട്ടിച്ചേര്‍ത്തു.

ഊഹക്കഥയോ നോവലോ അല്ലെന്നും രണ്ട് പതിറ്റാണ്ടിലേറെ കാലമായി വിപണിയിലുള്ള, പ്രധാനപ്പെട്ട ഒരു എഴുത്തുകാരന്റെ യാത്രാവിവരണമാണെന്നും താന്‍ പറഞ്ഞെങ്കിലും കാന്തപുരം വഴങ്ങിയില്ല. ഇത്രയും നാളായിട്ടും ഇത് ആരും തിരുത്തിയിട്ടില്ലെന്നും യുദ്ധത്തില്‍ ഇതും ഒരു ആയുധമായി കാണണമെന്ന് പറഞ്ഞെങ്കിലും പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചില്ലെന്നും ഒ.എം. തരുവണ വ്യക്തമാക്കി.

നദ്‌വിക്കെതിരായ പരാമര്‍ശങ്ങളുള്ള കാക്കനാടന്റെ പുസ്തകത്തിലെ പേജ്

കാക്കനാടന്റെ പുസ്തകത്തിലെ പരാമര്‍ശം കുറ്റം പറച്ചിലാണെന്നും മാത്രവുമല്ല, ഇത് പ്രസിദ്ധീകരിച്ചാല്‍ പണ്ഡിതന്‍മാരെ തെറ്റിദ്ധരിക്കാന്‍ കാരണമാകുമെന്നുമാണ് കാന്തപുരം പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ച് കൊണ്ട് പറഞ്ഞത്. നദ്‌വി മഹാനായ തേനു മുസ്‌ലിയാരുടെ പേരക്കുട്ടിയാണെന്നും അദ്ദേഹത്തിന് ഇഷ്ടക്കേടുണ്ടാകുമെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ ആ കുടുംബത്തിന് അത് ബുദ്ധിമുട്ടാകുമെന്നും കാന്തപുരം അന്ന് പറഞ്ഞതായി ഒ.എം. തരുവണ പറയുന്നു. നദ്‌വിയൊഴികെ ആ കുടുംബത്തിലെ എല്ലാവരും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്നും അന്ന് കാന്തപുരം പറഞ്ഞതായും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

കാന്തപുരമല്ലല്ലോ സി.പി.ഐ.എമ്മെന്നും, വരാനുള്ളത് വഴിയില്‍ തങ്ങിയില്ലെന്നും ഒന്നര പതിറ്റാണ്ടിന് ശേഷം നദ്‌വിക്ക് അര്‍ഹിച്ചത് കിട്ടിയെന്നും ഫേസ്ബുക്ക് പോസ്‌സ്റ്റ് അവസാനിപ്പിച്ച് കൊണ്ട് ഒ.എം. തരുവണ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വെച്ച് സി.പി.ഐ.എം പ്രഭാഷകന്‍ നാസര്‍ കൊളായി കാക്കനാടന്റെ പുസ്തകത്തിലെ നദ്‌വിക്കെതിരായ പരാമര്‍ശങ്ങള്‍ വായിച്ചതോടെയാണ് ഈ വിഷയം വീണ്ടും സജീവ ചര്‍ച്ചയിലേക്ക് വന്നത്. കുടജാദ്രിയിലേക്കുള്ള യാത്രയില്‍ ബസില്‍ വെച്ച് നദ്‌വിയെ കണ്ടെന്നും ആ സമയത്ത് അദ്ദേഹം മദ്യപിച്ച അവസ്ഥയിലായിരുന്നു എന്നുമാണ് പുസ്തകത്തിലെ പരാമര്‍ശം.

നാസര്‍കൊളായിയുടെ പ്രസംഗത്തിന് പിന്നാലെ മറുപടിയുമായി നദ്‌വിയും രംഗത്തെത്തിയിരുന്നു. ജീവിതത്തില്‍ ഇതുവരെ താന്‍ കാക്കനാടനെ കണ്ടിട്ടില്ലെന്നും മദ്യപിച്ചിട്ടില്ലെന്നും നദ്‌വി വ്യക്തമാക്കി. പുസ്തകത്തില്‍ പറയുന്ന കാലത്ത് തനിക്ക് 35 വയസ്സാണ് പ്രായമെന്നും എന്നാല്‍ അന്ന് തന്റെ താടി പുസ്തകത്തില്‍ പറയുന്ന വിധത്തില്‍ നരച്ചിട്ടില്ലായിരുന്നു എന്നും നദ്‌വി പറഞ്ഞു.

content highlights: Kanthapuram prevented the mention of Nadvi in ​​Kakkanad’s book from making the news