തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ‘കേരള യാത്ര’യില്‍ പങ്കെടുക്കാനായതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പിണറായി വിജയന്‍
കേരള യാത്രയെ ഒരു സംഘടനയുടെ ഔപചാരിക പരിപാടിയായി മാത്രം ചുരുക്കി കാണരുത്. ഈ യാത്ര കേരളത്തിന്റെ മതനിരപേക്ഷ മനസിനെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള മുന്നേറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്തപുരം മുസ്‌ലിയാര്‍ മുമ്പ് നടത്തിയ യാത്രകളും അവ മുന്നോട്ടുവെച്ച ആശയങ്ങളും കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്തവയാണ്. 1999ല്‍ ‘മനുഷ്യ മനസുകളെ കോര്‍ത്തിണക്കാന്‍’ എന്നും 2012ല്‍ ‘മാനവികത ഉണര്‍ത്തുന്നു’ എന്നുമുള്ള മുദ്രാവാക്യങ്ങളായിരുന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന യാത്രകള്‍ ഉയര്‍ത്തിയിരുന്നത്.
ഈ യാത്രകള്‍ നമ്മുടെ നാടിന്റെ ഐക്യത്തിന് നല്‍കിയ ഊര്‍ജം വലുതാണ്. ഇത്തവണ ‘മനുഷ്യര്‍ക്കൊപ്പം’ എന്ന ആശയമാണ് കേരള യാത്ര മുന്നോട്ടുവെക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും കാലോചിതമായ സന്ദേശമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരില്‍ വേര്‍തിരിക്കാനും അകറ്റിനിര്‍ത്താനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്ന കാലമാണല്ലോ ഇത്? ആ പശ്ചാത്തലത്തിലാണ് കേരള യാത്രക്ക് വര്‍ധിച്ച സാമൂഹിക പ്രസക്തി ഉണ്ടാകുന്നത്.
എല്ലാ മതങ്ങളും മനുഷ്യരെയാണ് അഭിസംബോധന ചെയ്യുന്നത്. മനുഷ്യത്വത്തെയാണ് ഉയര്‍ത്തി പിടിക്കുന്നത്. എന്നാല്‍ മതതത്വ സംവിധാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ചിലര്‍ മതത്തെ തന്നെ മനുഷ്യത്വവിരുദ്ധമാക്കാന്‍ ദുഷ്ടലാക്കോടെ ശ്രമിക്കുന്നു.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
ഇത്തരമൊരു ഘട്ടത്തില്‍ മതം പറയുന്ന സത്യങ്ങളെ കുറിച്ച് വിശദീകരിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ 90 കടന്ന പ്രായത്തിലും കാന്തപുരം ജനങ്ങളിലേക്ക് ഇറങ്ങുന്നു എന്നത് എത്രയോ അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മതേതരത്വത്തിന്റെ കാവലാള്‍ ആവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും മാത്രമല്ല, ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും കനത്ത വെല്ലുവിളി നേരിടുകയാണ്. മുസ്‌ലിം ജനവിഭാഗത്തെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്താനും അവരെ പൊതുധാരയില്‍ നിന്നും മാറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ പല വിധത്തില്‍ അരങ്ങേറുകയാണ്. പൗരത്വ നിയമങ്ങളിലെ ഭേദഗതികള്‍ മുതല്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം വരെ ഇതിന്റെ ഭാഗമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
ആ വിവേചനനയങ്ങള്‍ വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം മുതല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടികുറയ്ക്കുന്നത് വരെ നീളുന്നു. നീതിന്യായ വ്യവസ്ഥയെ പോലും നോക്കുകുത്തിയാക്കിയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Kanthapuram Musliyar is the guardian of secularism: Chief Minister Pinarayi Vijayan