ക്രെഡിറ്റ് വേണ്ട; നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെട്ടത് നല്ലവരായവര്‍ ഏറ്റെടുത്തു: കാന്തപുരം
nimisha priya
ക്രെഡിറ്റ് വേണ്ട; നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെട്ടത് നല്ലവരായവര്‍ ഏറ്റെടുത്തു: കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th August 2025, 9:27 pm

കോഴിക്കോട്: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെട്ടതില്‍ ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ.

നിമിഷപ്രിയയുടെ കേസില്‍ ഇടപെട്ടപ്പോള്‍ നല്ലവരായ ആളുകൾ അതിനെ സ്വാഗതം ചെയ്തുവെന്നും കാന്തപുരം പറഞ്ഞു. പാലക്കാട് നടന്ന എസ്.എസ്.എഫിന്റെ സാഹിത്യോത്സവത്തിന്റെ സമാപന വേദിയിലാണ് കാന്തപുരത്തിന്റെ പരാമര്‍ശം.

എന്നാല്‍ ചില ആളുകള്‍ ക്രെഡിറ്റ് സമ്പാദിക്കുന്നതിനായി എന്തൊക്കെയോ പറഞ്ഞുവെന്നും കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. വധശിക്ഷ നീട്ടിവെക്കാന്‍ സൂഫി പണ്ഡിതന്‍ ഹബീബ് ഉമര്‍ വഴിയാണ് ഇടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് താന്‍ വിഷയം അറിയുന്നതെന്നും അപ്പോള്‍ തന്നെ ഇടപെടലുകള്‍ നടത്തിയെന്നും കാന്തപുരം മുസ്‌ലിയാർ പറഞ്ഞു.

കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയെ തുടർന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചത്. തലാലിന്റെ മരണം കുടുംബങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശ വാസികള്‍ക്കിടയിലും ഒരു വലിയ വൈകാരിക പ്രശ്‌നമായിരുന്നു.

ഇക്കാരണത്താല്‍ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ സര്‍ക്കാരിനോ നിമിഷപ്രിയയുടെ ആക്ഷന്‍ കൗണ്‍സിലിനോ സാധിച്ചിരുന്നില്ല. എന്നാല്‍ കാന്തപുരം ഇടപെട്ടതോടെ തലാലിന്റെ കുടുംബവുമായി ബന്ധപ്പടാന്‍ അവസരം ലഭിക്കുകയായിരുന്നു.

കാന്തപുരം വ്യക്തമാക്കിയതുപോലെ, യെമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുലാണ് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്.

അതേസമയം കാന്തപുരത്തിന്റെ ഇടപെടല്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയവും ബി.ജെ.പിയും തള്ളുകയാണ് ഉണ്ടായത്. നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഇടപെട്ടതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിക്കുകയായിരുന്നു.

നിമിഷപ്രിയ യെമനില്‍ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2017 ജൂലൈയില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് തലാലിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.

ആഗസ്റ്റില്‍ നിമിഷപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തെ അനുമതി നല്‍കിയിരുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വിവരവും കാന്തപുരത്തിന്റെ ഓഫീസാണ് പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം മോചനം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.

Content Highlight: Kanthapuram Musliyar says he doesn’t want credit for interfering in Nimishapriya’s execution