കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ കേരള യാത്രയുടെ ഉദ്ഘാടന ചടങ്ങ് മുസ്ലിം ലീഗും ബി.ജെ.പിയും ബഹിഷ്കരിച്ചു. മത സംഘടന നടത്തുന്ന യാത്രയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ മതസ്ഥാപനങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കുമെന്നും മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. എന്നാല്‍ എസ്.കെ.എസ്.എസ്.എഫ് ലീഗ് അനുകൂല സംഘടനയാണെന്നും അവരുടെ പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കാന്തപുരത്തിന്റെ കേരളയാത്രയില്‍ പങ്കെടുക്കാതിരിക്കുന്നതിനെ കുറിച്ച് അന്വേഷിച്ച ശേഷം പറയാമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് പ്രതികരിച്ചു. ഇതേകുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും കേരളയാത്രയില്‍ നിന്ന് വിട്ടുനിന്നു. കാന്തപുരം വിഭാഗത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്, സി.പി.ഐ.എം, ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങി മുഴുവന്‍ രാഷ്ട്രീയ സംഘടനകളുടെയും നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
അതേസമയം ബഹിഷ്കരണം നിലനില്‍ക്കെ മംഗലാപുരത്ത് നടന്ന കാന്തപുരത്തിന്റെ പരിപാടിയില്‍ ഉഡുപ്പി പേജാവര്‍ മഠാധിപതി ശ്രീ വിശ്വേശ തീര്‍ത്ഥ സ്വാമിജിയും പ്രമുഖ ബി.ജെ.പി നേതാവും സംബന്ധിച്ചു. ബി.ജെ.പി നേതാവും കര്‍ണാടക ന്യൂനപക്ഷക്ഷേമ കമ്മീഷന്‍ ചെയര്‍മാനുമായ അന്‍വര്‍ മാണിപ്പാടി, മംഗലാപുരം രൂപതയിലെ വികാരി ജനറല്‍ ഫാദര്‍ ഡെന്നീസ് മോറസ് പ്രഭു എന്നിവര്‍ പരിപാടിയില്‍ ആദ്യന്തം സംബന്ധിച്ചു.
ഭാരതത്തിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ട് വര്‍ഗീയതയ്‌ക്കെതിരെ പോരാടേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. വര്‍ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എതിര്‍ക്കപ്പെടണം. രണ്ടും രാജ്യത്തിന് ആപത്താണെന്നും കേരളയാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
മതബോധനം മാത്രമാവരുത് സമുദായ സംഘടകളുടെ ലക്ഷ്യം. മതമൈത്രിയും സാഹോദര്യവും സമുദായസംഘടനകളുടെ മുഖ്യഅജന്‍ഡയായി മാറണം.
ഇസ്‌ലാമിന്റെ പേരിലുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാന്‍ കാന്തപുരത്തിന്റെ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടോടെ, മാനവികസന്ദേശമുയര്‍ത്തിയാണ് കാന്തപുരം കേരളയാത്ര നടത്തുന്നത്. ഇത് അധികാരം നിലനിറുത്താനോ പിടിച്ചെടുക്കാനോ അല്ല. മറിച്ച്, ഇസ്‌ലാമിന്റെ മഹത്തായസന്ദേശം സമൂഹത്തിലെത്തിക്കാനും അതിലൂടെ ശാശ്വതസമാധാനം കൈവരിക്കാനുമാണ്.
പൊതുമേഖലയില്‍ നിലവിലുള്ള തൊഴില്‍സംവരണംപോലെ സ്വകാര്യമേഖലയിലും സംവരണം നടപ്പാവണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപം സജ്ജീകരിച്ച വേദിയില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുള്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് സമസ്ത പതാക കൈമാറി. സയ്യിദലി ബാഫഖിതങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ കെ.പി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
