പ്രവാചക നിന്ദക്കെതിരെ ഒന്നിച്ചുനില്‍ക്കണം; ഹൈന്ദവരെയാകെ കുറ്റപ്പെടുത്തരുത് : കാന്തപുരം
Kerala News
പ്രവാചക നിന്ദക്കെതിരെ ഒന്നിച്ചുനില്‍ക്കണം; ഹൈന്ദവരെയാകെ കുറ്റപ്പെടുത്തരുത് : കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2022, 9:59 pm

 

കോഴിക്കോട്: പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ രാജ്യം ഒന്നിച്ചുനിന്ന് അവരെ ഒറ്റപ്പെടുത്തണമെന്ന് കാന്തപുരം പറഞ്ഞു.

‘ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങള്‍, ഹിന്ദുക്കളും മുസ്‌ലിങ്ങളും മറ്റുമതസ്ഥരും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നവരാണ്. വിശ്വാസികള്‍ വലിയ വേദനയിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ആ സമയത്ത് നിന്ദ്യപരാമര്‍ശങ്ങളുടെ പേരില്‍ ഹൈന്ദവ മതവിഭാഗത്തെയാകെ കുറ്റപ്പെടുത്തരുത്,’ കാന്തപുരം കൂട്ടിച്ചേര്‍ത്തു.

പ്രവാചകരെ കുറിച്ച് നടത്തിയ നിന്ദ്യപരാമര്‍ശങ്ങള്‍ ഇസ്‌ലാം മത വിശ്വാസികളോട് മാത്രമല്ല, രാജ്യത്തോടും ലോകജനതയോടും തന്നെയുള്ള അനാദരവാണെന്നും ഇന്ത്യാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഇതിനുത്തരവാദിയല്ലെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ജോലികളില്‍ നിന്ന് ഹൈന്ദവ സഹോദരങ്ങളെ പിരിച്ചുവിടാനോ നമ്മുടെ സാമൂഹിക ജീവിതത്തെ ഈ പ്രശ്‌നങ്ങള്‍ ബാധിക്കാനോ ഇടവരരുത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ദുരുപയോഗം ചെയ്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ രാജ്യം ഒന്നിച്ചുനിന്ന് അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും വിവിധ മതങ്ങളെയും സംസ്‌കാരത്തെയും ആദരിക്കുന്നവരാണ്. ചിലര്‍ മത വിദ്വേഷത്തിന്റെയും പകയുടെയും തീക്കനലുകള്‍ ഉണ്ടാക്കുന്നുണ്ട്. അവര്‍ക്ക് സമൂഹത്തില്‍ അനുവര്‍ത്തിക്കേണ്ട സമീപന രീതി രാജ്യം പഠിപ്പിക്കണമെന്നും കാന്തപുരം പറഞ്ഞു.

‘നമ്മുടെ മതനിരപേക്ഷ നിലപാടാണ് അറബ് രാജ്യങ്ങളില്‍ നമുക്ക് ആദരം നേടിത്തന്നത്. അതിനാല്‍ രാജ്യത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്ന ശക്തികളെ രാഷ്ട്രം നിലക്ക് നിര്‍ത്തണം. ഇന്ത്യയുടെ അന്തഃസത്തക്ക് കളങ്കം ചേര്‍ത്തുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ല. എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തുക എന്ന നമ്മുടെ അടിത്തറ ദുര്‍ബലപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം വന്നതിന് പിന്നാലെ ലോകരാജ്യങ്ങളില്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായത് പോലെ സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത ആളിപ്പടര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: Kanthapuram  Aboobacker  responds to BJP spokesperson Nupur Sharma’s controversial remark about Prophet Muhammad