ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറായി മാറിയ കാന്താര ചാപ്റ്റര്‍ വണ്‍ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. തിയേറ്ററുകളില്‍ ചരിത്രവിജയം നേടിയ ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച വരവേല്പ് ലഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷനും പുറത്തുവിട്ടിരിക്കുകയാണ്. 834 കോടിയാണ് ചിത്രം ആകെ നേടിയത്.
ഇതില്‍ 723 കോടിയും ഇന്ത്യയില്‍ നിന്നാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യക്ക് പുറത്ത് നിന്ന് വെറും 112 കോടി മാത്രമാണ് കാന്താരക്ക് നേടാനായത്. 200 കോടിയെങ്കിലും കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിച്ച ഓവര്‍സീസ് വിതരണക്കാര്‍ക്ക് ചിത്രം നഷ്ടം സമ്മാനിച്ചെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. ഇന്ത്യയില്‍ റെക്കോഡ് കളക്ഷന്‍ നേടിയ ചിത്രം വിദേശത്ത് പരാജയമാകുന്ന കാഴ്ചയാണ് കാന്താരയിലൂടെ കണ്ടത്.
എന്നാല്‍ കളക്ഷനില്‍ മറ്റ് പല നേട്ടങ്ങളും കാന്താര സ്വന്തം പേരിലാക്കിയിട്ടുണ്ട്. ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും കര്‍ണാടകയില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. അതോടൊപ്പം കര്‍ണാടകയില്‍ നിന്ന് മാത്രം 200 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോഡും കാന്താര ചാപ്റ്റര്‍ വണ്‍ സ്വന്തമാക്കി. ആദ്യ ഭാഗം കെ.ജി.എഫ് 2വിനെ തകര്‍ത്തായിരുന്നു ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്.
ഇതോടൊപ്പം അഞ്ച് ഏരിയകളില്‍ നിന്ന് 50 കോടി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ സിനിമ എന്ന നേട്ടവും കാന്താര ചാപ്റ്റര്‍ വണ്‍ സ്വന്തമാക്കിയിരുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര/ തെലങ്കാന, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് ചിത്രം 50 കോടി നേടിയത്. ബാഹുബലി 2, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍.
സംവിധാനത്തോടൊപ്പം നായകവേഷവും കൈകാര്യം ചെയ്ത് റിഷബ് ഷെട്ടി ഞെട്ടിച്ച ചിത്രമാണ് കാന്താര ചാപ്റ്റര്‍ വണ്‍. രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഇരട്ടവേഷത്തില്‍ റിഷബ് അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്.
Content Highlight: Kantara Chapter One cant beat the overseas collection of Lokah Chapter One