ബെംഗളൂരു: കാന്താര 2 വിന്റെ ചിത്രീകരണത്തിനിടെ അപകടം. ചിത്രത്തിന്റെ സംവിധായകനും നടനും സഞ്ചരിച്ച ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മനി റിസര്‍വോയറിലാണ് അപകടമുണ്ടായത്. എന്നാല്‍ ആളപായമൊന്നുമുണ്ടായില്ല. റിഷബ് ഷെട്ടിക്ക് പുറമെ 30 ഓളം പ്രവര്‍ത്തകരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
റിസര്‍വോയറിലെ ആഴം കുറഞ്ഞ മേഖലയായ മെലിന കൊപ്പ എന്ന പ്രദേശത്തിന് സമീപമാണ് അപകടം നടന്നത്. ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ വെള്ളത്തില്‍ പോയി നശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാന്താര 2 വിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാകേഷ് പൂജാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. രാകേഷിന്റെ സീനുകള്‍ ചിത്രീകരിച്ചതിന് ശേഷം സുഹൃത്തിന്റെ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കവെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു അദ്ദേഹം.
രാകേഷിന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിദ്വേഷം പ്രചരിപ്പിച്ചിരുന്നു. ഇത്തരമൊരു സിനിമയില്‍ അഭിനയിച്ചതിലൂടെ നടന്‍ ദൈവകോപം വിളിച്ച് വരുത്തുകയായിരുന്നെന്നും ഇതാണ് നടന്റെ മരണത്തിലേക്ക് നയിച്ചതെന്നമാണ് ഇവര്‍ പറഞ്ഞത്.
രാകേഷിന് പുറമെ കാന്താര 2വിലെ ജൂനിയന്‍ ആര്‍ട്ടിസ്റ്റായ മറ്റൊരു മലയാളി യുവാവും മരിച്ചിരുന്നു. വൈക്കം സ്വദേശിയായ എഫ്.എം കപിലന്‍ എന്ന യുവാവാണ് സഹപ്രവര്‍ത്തകരോടൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്.
സിനിമയില്‍ പ്രവര്‍ത്തിച്ച രണ്ട് പേരുടേയും തുടര്‍ച്ചയായ മരണങ്ങള്‍ ദൈവകോപം കൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ പ്രചരിപ്പിച്ചത്. ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമായ കലാരൂപങ്ങള്‍ ഇതിവൃത്തമായ കഥ തന്തുവായിരുന്നു കാന്താര വണ്ണിന്റേത്. അതിനാല്‍ വിശ്വാസങ്ങള്‍ സംബന്ധിച്ച സിനിമ എടുത്തതിനാലാണ് സിനിമ പ്രവര്‍ത്തര്‍ മരിച്ചതെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ അപകടം.
Content Highlight: Kantara chapter 1; Boat carrying Rishab Shetty and his crew capsizes during filming