പിണറായിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൈപ്പത്തിയറ്റ സംഭവം; പൊട്ടിയത് ബോംബല്ല പടക്കമെന്ന് പൊലീസ്
അനിത സി
Tuesday, 16th December 2025, 5:07 pm
കണ്ണൂര്‍: കണ്ണൂര്‍ പിണറായി വെണ്ടുട്ടായി കനാല്‍ക്കരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൈപ്പത്തിയറ്റത് പടക്കം പൊട്ടിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബോംബ് പൊട്ടിയാണ് അപകടമുണ്ടായതെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തള്ളുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി വാങ്ങിയ പടക്കത്തില്‍ ബാക്കിയുണ്ടായിരുന്നതാണ് പൊട്ടിയതെന്ന് ഇതോടെ വ്യക്തമായി.
പൊട്ടിത്തെറിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ വിപിന് രാജിന്റെ കൈപ്പത്തിക്കാണ് പരിക്കേറ്റത്.
പടക്കം പൊട്ടിക്കുന്നതിന് മുമ്പെടുത്ത സി.പി.ഐ.എം പ്രവര്‍ത്തകന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടു.
വീടിന് സമീപത്തെ പറമ്പില്‍ ബന്ധുവിനൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്കാ
ണ് പടക്കം പൊട്ടിത്തെറിച്ച് വിപിന് പരിക്കേറ്റത്. കൈയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് കൈപ്പത്തി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനാല്‍ക്കരയിലെ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടന ദിവസത്തിന് മുമ്പ് തീവെച്ച കേസിലുള്‍പ്പെടെ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളിലടക്കം വിപിന്‍ രാജ് പ്രതിയായിരുന്നു.
ജനുവരിയില്‍ കാപ്പ ചുമത്തി കണ്ണൂരില്‍ നിന്ന് നാടുകടത്തിയ വ്യക്തിയാണ് വിപിന്‍ രാജെന്നും പൊലീസ് അറിയിച്ചു.
Content Highlight: Kannur Pinarayi Kanalkkara accident: police report