മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിക്കാൻ നടിക്ക് സാധിച്ചിരുന്നു. 2002ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കനിഹ തന്റെ കരിയർ ആരംഭിച്ചത്. മണിരത്‌നത്തിന്റെ നിർമാണത്തിൽ എത്തിയ സിനിമയായിരുന്നു ഫൈവ് സ്റ്റാർ.
2006ൽ എന്നിടം എന്ന സിനിമയിലൂടെയാണ് കനിഹ മലയാള സിനിമയിൽ എത്തുന്നത്. 2009ൽ ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് മലയാളികൾ നടിയെ ശ്രദ്ധിക്കുന്നത്. ശേഷം മലയാളത്തിൽ നിരവധി മികച്ച സിനിമകളിൽ അഭിനയിക്കാൻ കനിഹക്ക് സാധിച്ചിരുന്നു.
ഇപ്പോൾ കേരളത്തിലെ ഭക്ഷണത്തെ കുറിച്ച് സംസാരിക്കുകയാണ് കനിഹ. കേരളത്തിലെ പായസവും മലബാർ പൊറോട്ടയും ബിരിയാണിയും ഭയങ്കര ഇഷ്ടമാണെന്ന് കനിഹ പറയുന്നു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ സെറ്റിലെ എല്ലാവർക്കുമായി അദ്ദേഹം വീട്ടിൽ നിന്ന് ബിരിയാണി കൊണ്ടുവരുമെന്നും ആഹാരം ആസ്വദിച്ച് കഴിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും കനിഹ പറഞ്ഞു.
‘കേരളത്തിലെ പായസവും മലബാർ പൊറോട്ടയും ഭയങ്കര ഇഷ്ടമാണ്. പിന്നെ ഇവിടുത്തെ ബിരിയാണിയും. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ വീട്ടിൽനിന്ന് ഞങ്ങൾക്കെല്ലാവർക്കുമായി നല്ല ടേസ്‌റ്റി ബിരിയാണി കൊണ്ടുവരും. നന്നായി ആസ്വദിച്ച് കഴിക്കുന്ന ആളാണ് മമ്മൂക്ക. അതുപോലെ തന്നെയാണ് മണിയൻപിള്ള രാജു ചേട്ടനും.
കേരളത്തിൽ എനിക്കേറെ പ്രിയപ്പെട്ട ഭക്ഷണം കേരളത്തിന്റെ മാത്രമായ കപ്പയാണ്. ഉള്ളിയും മുളകും ചതച്ച് അതിൽ ഉപ്പിട്ട് മേമ്പൊടിക്ക് അൽപം വെളിച്ചെണ്ണയും ചേർത്ത കിടിലൻ ചമ്മന്തിയിൽ മുക്കി കപ്പ കഴിക്കുന്നത്, അത്ര രുചി ചിക്കൻ കറി കൂട്ടി കഴിച്ചാലും കിട്ടില്ല.
മലയാളികൾ ബ്രേക്‌ഫാസ്‌റ്റിനും ഡിന്നറിനുമെല്ലാം കപ്പ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണല്ലോ. പക്ഷേ, തമിഴ്നാട്ടിൽ കപ്പയോട് ആളുകൾക്ക് വലിയ താത്പര്യമില്ല. ഞാൻ ഇവിടെയുള്ള സുഹൃത്തുക്കളോടും കപ്പയുടെ മാഹാത്മ്യം പറയാറുണ്ട്,’ കനിഹ പറയുന്നു.