'ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്ന് പറഞ്ഞ സര്‍ക്കാര്‍ തന്നെ ഒരു റാങ്കും ഒരു പെന്‍ഷനുമില്ലാത്ത പദ്ധതിയുമായി വന്നിരിക്കുന്നു'; അഗ്നിപതില്‍ പ്രതികരണവുമായി കനയ്യ കുമാര്‍
national news
'ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്ന് പറഞ്ഞ സര്‍ക്കാര്‍ തന്നെ ഒരു റാങ്കും ഒരു പെന്‍ഷനുമില്ലാത്ത പദ്ധതിയുമായി വന്നിരിക്കുന്നു'; അഗ്നിപതില്‍ പ്രതികരണവുമായി കനയ്യ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th June 2022, 8:53 am

ന്യൂദല്‍ഹി: അഗ്നിപത് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷയെ വെച്ച് കളിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. അഗ്നിപത് പദ്ധതി ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിഹാറിലെ 243 നിയമസഭ മണ്ഡലങ്ങളിലും തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

‘എന്‍.ഡി.എ ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയമാണ്. അഗ്നിപത് പദ്ധതി കൊണ്ടുവരുന്നതിലൂടെ സര്‍ക്കാര്‍ രാജ്യത്തെ പ്രതിരോധ മേഖലയെ കൂടി കരാര്‍വത്കരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷയെ വച്ച് കളിക്കരുത്. എത്രയും വേഗം പദ്ധതി പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം,’കനയ്യ കുമാര്‍ പറഞ്ഞു.

ഏറെക്കാലമായി സേനയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കാത്ത സമയത്താണ് സര്‍ക്കാരിന്റെ പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

‘അഗ്‌നിപത് സേനയെ കരാര്‍വത്കരിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. നാലുവര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അഗ്നിവീരന്മാര്‍ക്ക് ജോലിയോ പെന്‍ഷനോ ലഭിക്കില്ല. രാജ്യത്തെ യുവാക്കളെ തീയിലേക്ക് തള്ളിവിടുന്ന ഇത്തരം പദ്ധതികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും തീര്‍ച്ചയായും പ്രതിഷേധിക്കും. എന്നാല്‍ കേന്ദ്രമന്ത്രിമാര്‍ പദ്ധതി വില്‍പ്പനക്കാരെപ്പോലെ വില്‍ക്കാനാണ് ശ്രമിക്കുന്നത്.

തൊഴിലില്ലാത്ത യുവാക്കളുടെ പ്രയാസം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് വിഷയത്തില്‍ നിശബ്ദത പാലിക്കുന്നത്? സര്‍ക്കാര്‍ തന്നെയാണ് ‘ഒരു റാങ്ക്, ഒരു പെന്‍ഷന്‍’ പദ്ധതിയെ കുറിച്ച് സംസാരിച്ചത്. പക്ഷേ ഇപ്പോഴാകട്ടെ ഒരു റാങ്കും ഒരു പെന്‍ഷനുമില്ലാത്ത പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. പദ്ധതി രാജ്യത്തിനു വേണ്ടിയോ രാജ്യത്തെ സൈനികര്‍ക്ക് വേണ്ടിയോ തൊഴിലന്വേഷിക്കുന്നവര്‍ക്ക് വേണ്ടിയോ അല്ല,’ അദ്ദേഹം പറഞ്ഞു.

Content Highlight: Kanhaiya kumar says pm modi is offering a scheme which has no rank and no pension