അവഞ്ചേഴ്‌സ് വേദങ്ങളില്‍ നിന്നും ഇന്‍സ്പയേര്‍ഡ് ആയി ചെയ്തത്; അയണ്‍ മാന്റെ പടച്ചട്ട കര്‍ണന്റെ പടച്ചട്ടയുമായി താരതമ്യം ചെയ്യാം: കങ്കണ റണൗട്ട്
Entertainment news
അവഞ്ചേഴ്‌സ് വേദങ്ങളില്‍ നിന്നും ഇന്‍സ്പയേര്‍ഡ് ആയി ചെയ്തത്; അയണ്‍ മാന്റെ പടച്ചട്ട കര്‍ണന്റെ പടച്ചട്ടയുമായി താരതമ്യം ചെയ്യാം: കങ്കണ റണൗട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th May 2022, 2:25 pm

ഹോളിവുഡിലെ സൂപ്പര്‍ഹീറോ ചിത്രമായ മാര്‍വല്‍ അവഞ്ചേഴ്‌സ് സീരീസ് വേദങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തവയാണെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്.

അയണ്‍ മാന്റെ പടച്ചട്ട മഹാഭാരതത്തിലെ കര്‍ണന്റെ പടച്ചട്ടയുമായും ഥോറിന്റെ ഹാമര്‍, ഹനുമാന്റെ ഗദയുമായും താരതമ്യം ചെയ്തുകൊണ്ടുമായിരുന്നു കങ്കണയുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ.

”പാശ്ചാത്യര്‍ നമ്മുടെ പുരാണങ്ങളില്‍ നിന്നും ധാരാളം കടമെടുക്കുന്നുണ്ട്,” കങ്കണ പറഞ്ഞു.

സൂപ്പര്‍ഹീറോ സിനിമകള്‍ വിഷ്വലി കാണുന്നത് വ്യത്യാസപ്പെട്ടരിക്കുമെങ്കിലും ഇവയുടെ ഉത്ഭവം വേദങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ഹോളിവുഡും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.

ഹോളിവുഡില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്യുന്നതിന് പകരം തനിക്ക് ഒറിജിനലായി എന്തെങ്കിലും ചെയ്യണമെന്നും കങ്കണ പറഞ്ഞു.

”എന്തുകൊണ്ടാണ് പാശ്ചാത്യരില്‍ നിന്നുള്ള പ്രചോദനത്തില്‍ നമ്മള്‍ ഒതുങ്ങി നില്‍ക്കുന്നത്,” കങ്കണ ചോദിച്ചു.

രസ്നീഷ് ഘാ സംവിധാനെ ചെയ്യുന്ന ത്രില്ലര്‍, ധാക്കഡ് ആണ് കങ്കണയുടെ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം. ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ തന്നെ സിനിമ ചര്‍ച്ചയായിരുന്നു.

ധാക്കഡിനെ ജയിംസ് ബോണ്ട് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കങ്കണയുടെ സംസാരവും നേരത്തെ ചര്‍ച്ചയായിരുന്നു.

അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മേയ് 20നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Content Highlight: Kangana Ranaut says Marvel Avengers series were inspired by Vedas