അച്ഛന്‍ ചെയ്ത ഏത് കഥാപാത്രമാണ് ചെയ്യാന്‍ ആഗ്രഹം; മലയാളത്തിലെ ഇഷ്ടപ്പെട്ട സംവിധായകന്‍ ആര്: മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
അച്ഛന്‍ ചെയ്ത ഏത് കഥാപാത്രമാണ് ചെയ്യാന്‍ ആഗ്രഹം; മലയാളത്തിലെ ഇഷ്ടപ്പെട്ട സംവിധായകന്‍ ആര്: മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th May 2022, 1:25 pm

അച്ഛന്‍ ചെയ്തതില്‍ ഏത് കഥാപാത്രമാണ് റീക്രിയേറ്റ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ പുതിയ ചിത്രമായ ഉടലിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അച്ഛന്‍ ചെയ്തതില്‍ തലയണമന്ത്രത്തിലെ സുകുമാരന്റെ കഥാപാത്രമായിരിക്കും താന്‍ ചിലപ്പോള്‍ റീക്രിയേറ്റ് ചെയ്യുക എന്നാണ് ധ്യാന്‍ മറുപടി പറയുന്നത്.

”അങ്ങനെയൊന്നും ചോദിച്ചാല്‍ എനിക്ക് അറിയില്ല. ചിലപ്പൊ തലയണമന്ത്രം ചെയ്‌തേനെ,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

മലയാളത്തിലെ ഇപ്പോഴത്തെ സംവിധായകരില്‍ ഏറ്റവും ഇഷ്ടം ആരെയാണെന്ന ചോദ്യത്തിനും ധ്യാന്‍ മറുപടി പറയുന്നുണ്ട്.

”മലയാളത്തില്‍ ഇപ്പോഴുള്ളതില്‍ എനിക്ക് ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിക്കുകയാണെങ്കില്‍ എനിക്ക് ഏട്ടനെ ഇഷ്ടമാണ്. വേറൊന്നും കൊണ്ടല്ല, ഭയങ്കര കമ്മിറ്റഡ് ആണ് ആള്‍. ടെക്‌നിക്കലി അല്ലെങ്കില്‍ പോലും സിനിമ ചെയ്യുമ്പോഴുള്ള പുള്ളിയുടെ ആത്മാര്‍ത്ഥതയും ഇന്‍വോള്‍മെന്റും കമ്മിറ്റ്‌മെന്റും വലുതാണ്.

സിനിമ നന്നാകണമെന്ന് ഭയങ്കര പാഷനേറ്റാണ്. ബാക്കിയുള്ള ഡയറക്ടേഴ്‌സിന് അത് ഇല്ല എന്നല്ല. പക്ഷെ, പുള്ളി ഫോക്കസ്ഡ് ആണ്. ഞാന്‍ കണ്ടതില്‍ അത് പുള്ളിയിലേ കണ്ടിട്ടുള്ളൂ,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെയാണ് ധ്യാന്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു.

രതീഷ് രഘുനന്ദന്റ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഉടലാണ് ധ്യാനിന്റെ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം. ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മേയ് 20നാണ് ഈ ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

Content Highlight: Dhyan Sreenivasan about his favorite director in Malayalam